India - 2024

ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ സംസ്ക്കാരം ശനിയാഴ്ച

സ്വന്തം ലേഖകന്‍ 01-03-2018 - Thursday

കൊച്ചി: ഫാ. സേവ്യര്‍ തേലക്കാട്ടിന്‍റെ സംസ്ക്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ പത്തിനു പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ നടക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയാക്കി. അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ (വെള്ളിയാഴ്ച) രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഈസ്റ്റ് ചേരാനല്ലൂരിലുള്ള വസതിയിലേക്കു കൊണ്ടുപോകും. ശനിയാഴ്ച രാവിലെ പത്തിനു സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും.

മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു സംസ്കാര ശുശ്രൂഷകള്‍ നടക്കുക. നേരത്തെ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തി പ്രാര്‍ത്ഥനാശുശ്രൂഷ നടത്തി. വൈദികരും വിശ്വാസികളും ഉള്‍പ്പടെ വലിയ ജനക്കൂട്ടാണു സംഭവമറിഞ്ഞ് ആശുപത്രിയിലും മലയാറ്റൂര്‍ പള്ളിയിലും എത്തിയത്. അപ്രതീക്ഷിത മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് കേരളത്തിലെ വിശ്വാസസമൂഹം.

വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നു കുരിശുമുടിയിലെ മുന്‍ കപ്യാര്‍ ജോണി വട്ടേക്കാടന്‍ എന്നയാൾ ഫാ. തേലക്കാട്ടിനെ തടഞ്ഞുനിര്‍ത്തി കത്തിയുപയോഗിച്ചു കുത്തുകയായിരുന്നു. കുരിശുമുടിയില്‍ നിന്നു താഴേയ്ക്കിറങ്ങുന്നതിനിടെ ആറാം സ്ഥലത്തിനടുത്തായിരുന്നു സംഭവം. വൈദികന്റെ ഇടതു കാലിലും തുടയിലുമാണു കുത്തേറ്റത്. അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


Related Articles »