India - 2024

ശതാബ്ദി സമാപന സമ്മേളനത്തിനായി കത്തോലിക്ക കോണ്‍ഗ്രസ് ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ 06-03-2018 - Tuesday

തൃശൂര്‍: കത്തോലിക്ക കോണ്‍ഗ്രസ് ശതാബ്ദി സമാപന സമ്മേളനത്തിനായി തൃശൂര്‍ ഒരുങ്ങുന്നു. മതേതരത്വം രാഷ്ട്രപുരോഗതിക്ക് എന്ന മുദ്രാവാക്യവുമായി മേയ് 13നു സമുദായ മഹാസംഗമവും റാലിയും നടത്താന്‍ 501 അംഗ സ്വാഗതസംഘമാണു ഇന്നലെ രൂപീകരിച്ചത്. സ്വാഗതസംഘം രൂപീകരണ സമ്മേളനം തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു. സാഹോദര്യത്തോടുകൂടിയുള്ള കൂട്ടായ്മകള്‍ കാത്തുസൂക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നു അദ്ദേഹം പറഞ്ഞു.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ രക്ഷാധികാരിയും ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ രക്ഷാധികാരികളും കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജിയോ കടവി ചെയര്‍മാനുമായുള്ളതാണു കമ്മിറ്റി. പ്രസിഡന്റ് ബിജു പറയന്നിലം ജനറല്‍ കണ്‍വീനര്‍, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍, പ്രഫ. കെ.എം. ഫ്രാന്‍സിസ്, ബിജു കണ്ടുകുളം കണ്‍വീനര്‍മാര്‍ എന്നിവരാണു മറ്റു ഭാരവാഹികള്‍. സ്വാഗത സംഘം കമ്മിറ്റി പ്രഖ്യാപനം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍ നിര്‍വഹിച്ചു.

ശതാബ്ദിയോടനുബന്ധിച്ച് ഏപ്രിലില്‍ ഇന്റര്‍ ഡയസീസ് വോളിബോള്‍ ടൂര്‍ണമെന്റ് പാലായില്‍ നടത്താനും ഏപ്രില്‍ 26നു ശതാബ്ദി പ്രാര്‍ത്ഥനാദിനമായി ആചരിക്കാനും തീരുമാനിച്ചു. 29ന് എല്ലാ ഇടവക യൂണിറ്റും കത്തോലിക്ക കോണ്‍ഗ്രസ് പതാക ദിനം ആചരിക്കും. മേയ് ആറിന് എല്ലാ മേഖലകളിലും ശതാബ്ദി വിളംബര ജാഥ നടത്തും. 11ന് യശശരീരരായ സമുദായ നേതാക്കളുടെ ഛായാചിത്രപ്രയാണം തൃശൂര്‍ സമ്മേളന നഗരിയിലേക്ക് നടത്തും. 12ന് ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റിയും 13ന് സമുദായ മഹാ സമ്മേളനവും റാലിയും 14 ന് തെരഞ്ഞടുക്കപ്പെട്ട സമുദായ പ്രതിനിധി സമ്മേളനവും നടത്തും.


Related Articles »