India - 2021

നീതിമാനായ ദൈവം നിരപരാധികളെ കൈവിടില്ല; ഹൃദയം തുറന്ന് ഫാ. ജോസ് പൂതൃക്കയില്‍

റെജി ജോസഫ് 08-03-2018 - Thursday

കോട്ടയം: അപമാനങ്ങള്‍ അഭിമാനമാക്കി ദൈവം മാറ്റുന്ന ഒരു ദിനം വരുമെന്ന് എനിക്കു തീര്‍ച്ചയുണ്ടായിരുന്നു. ദൈവത്തിന്റെ വിരല്‍സ്പര്‍ശമുള്ള വിധിയാണിത്. ഞങ്ങളുടെ നിരപരാധിത്വവും നിഷ്‌കളങ്കതയും കോടതിയെ ഏക്കാലവും അറിയിച്ചിട്ടുണ്ട്. നീതിമാനായ ദൈവം നിരപരാധികളെ കൈവിടില്ല. ഇനിയൊരു ജന്മമുണ്ടായാലും വൈദികനായി ജീവിക്കാനാണ് എന്റെ ആഗ്രഹം. പൗരോഹിത്യത്തെ അത്രമാത്രം ഞാന്‍ സ്‌നേഹിക്കുന്നു. അഭയ കേസില്‍ പ്രതിപ്പട്ടികയില്‍നിന്നു സിബിഐ കോടതി ഒഴിവാക്കിയ ഫാ. ജോസ് പൂതൃക്കയില്‍ കോട്ടയം നീറിക്കാട് ഒഎസ്എച്ച് നൊവിഷ്യേറ്റ് ഹൗസില്‍ ദീപികയോടു പറഞ്ഞു.

സഭയും കോട്ടയം അതിരൂപതയും നിരപരാധിത്വം മനസിലാക്കിയിരുന്നവരും എനിക്കു ധൈര്യവും പിന്തുണയും നല്‍കിയിരുന്നതിനാല്‍ ഒരിക്കല്‍പ്പോലും തകര്‍ച്ചയോ ഇടര്‍ച്ചയോ ഉണ്ടായിരുന്നില്ല. കേസില്‍ പ്രതിയാക്കപ്പെട്ട ഞങ്ങള്‍ക്കുവേണ്ടി നിരവധിപേര്‍ സഹനപ്രാര്‍ത്ഥനകള്‍ നടത്തി.

കൂടുതല്‍ സത്യങ്ങള്‍

ഞാന്‍ ഒഎസ്എച്ച് അഥവാ തിരുഹൃദയദാസ സന്യാസ സഭയിലെ അംഗമാണ്. ഇക്കാലമത്രയും എന്റെ സമൂഹം സഹാനുഭൂതിയും ഐക്യദാര്‍ഢ്യവും പിന്തുണയുമായി എന്നെ പിന്താങ്ങി. വൈകാതെ കൂടുതല്‍ സത്യങ്ങള്‍ വെളിപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. തെറ്റിദ്ധരിക്കപ്പെടുകയും അറസ്റ്റിലാകുകയും ചെയ്ത കാലത്തു വേദനകളെ ഹൃദയത്തോടു ചേര്‍ത്തുവച്ചു പ്രാര്‍ത്ഥിച്ചു. മുള്ളുകള്‍ ഹൃദയത്തില്‍ ചേര്‍ന്നിരിക്കുന്‌പോള്‍ അതു പൂവായി മാറും. ഒന്നും ഭാരമായി മാറിയില്ല, ഹൃദയം ആനന്ദത്തില്‍ നിറയുകയായിരുന്നു. എന്നെങ്കിലും സത്യം വെളിപ്പെടുത്തപ്പെടുമെന്ന് ഉറപ്പായിരുന്നതിനാല്‍ എനിക്ക് ഒരിക്കലും നിരാശയുണ്ടായിട്ടില്ല.

കുറ്റപ്പെടുത്തുന്നില്ല

എന്റെ ദൈവം ജീവിക്കുന്ന ദൈവമാണ്. ഓരോ നിമിഷവും കൂടെ ജീവിക്കുന്ന ദൈവത്തെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ചിലരെങ്കിലും എന്നെ തെറ്റിദ്ധരിക്കുകയോ അകന്നുപോകുകയോ ചെയ്തിട്ടുണ്ട്. ആരെയും കുറ്റപ്പെടുത്തുന്നില്ല. അത്ര വിശ്വസനീയമായ ഒരു തിരക്കഥയാണ് മെനഞ്ഞെടുത്തു പ്രചരിപ്പിക്കപ്പെട്ടത്. അറസ്റ്റ് ചെയ്തവരോടും തെറ്റിദ്ധരിച്ചവരോടും ക്ഷമിച്ചുകഴിഞ്ഞു. ആത്മമിത്രങ്ങള്‍ നിന്നെ മറന്നാല്‍ ഞാന്‍ നിനക്ക് ആത്മമിത്രമായി മാറും എന്ന ദൈവവചനമാണ് എനിക്കു ബലമായത്.

സമര്‍പ്പിതവിളിയുടെ ജീവിതത്തില്‍ വിളിച്ച ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ല സെമിനാരിയില്‍ ഞാന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥികളോടു പലപ്പോഴും ഇതു പറയാറുണ്ട്. രക്തസാക്ഷികളുടെ ചുടുനിണമാണ് എക്കാലവും സഭയുടെ വിത്തായി മാറിയിട്ടുള്ളതെന്ന തിരിച്ചറിവ് എനിക്കു ശക്തി പകര്‍ന്നിരുന്നു. സഭയെ സ്‌നേഹിക്കാനുള്ള കൃപയായി ഈ വിത്തുകള്‍ മാറി. ലിറ്റില്‍ ഫ്‌ളവര്‍ ഫെലോഷിപ്പ് എന്ന കൂട്ടായ്മ ഇക്കാലമത്രയും ഉപവസിച്ചും ത്യാഗം ഏറ്റെടുത്തും എന്നോടൊപ്പമുണ്ടായിരുന്നു.

പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചു

എന്റെ ഓര്‍മയില്‍ മുറിപ്പെടുത്തുന്ന വേദനകളൊന്നുമില്ല. ഞാന്‍ എല്ലാവരോടും ക്ഷമിച്ചതോടെ ദൈവം എന്റെ തിക്താനുഭവങ്ങളെ മായിച്ചുകളഞ്ഞു. ക്ഷമ സ്‌നേഹമായി മാറിയെന്നു പറയാം. എന്നെ അറസ്റ്റ് ചെയ്തവരും അറിഞ്ഞുകൊണ്ടു തെറ്റുചെയ്തവരാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ അവരോടും പിണക്കമില്ല. എറണാകുളം സബ് ജയിലിലെ ഇടുങ്ങിയ സെല്ലില്‍ തിങ്ങിനിറഞ്ഞു കഴിയുന്ന പ്രതികള്‍ക്കിടയില്‍ ഞെങ്ങിഞെരുങ്ങി കിടന്ന കാലത്തും കൈവിരലില്‍ ജപമാല ചൊല്ലി ഞാന്‍ ശക്തിനേടിയിരുന്നു.

തൊട്ടടുത്ത സെല്ലിലായിരുന്ന ഫാ. തോമസ് കോട്ടൂരച്ചനും തീക്ഷ്ണമായ പ്രാര്‍ഥനയാണ് ബലമായതെന്നു മനസിലാക്കിയിരുന്നു. ഞങ്ങളുടെ നിരപരാധിത്വം തിരിച്ചറിഞ്ഞതുകൊണ്ടാകാം അവിടെ ജയില്‍പുള്ളികള്‍ ആരും ഉപദ്രവിച്ചില്ലെന്നു മാത്രമല്ല പലരും സ്‌നേഹത്തോടെയാണ് ഞങ്ങളോടു പെരുമാറിയത്. അവരോടു പറ്റും വിധം സുവിശേഷം അറിയിക്കുകയും ചെയ്തിരുന്നു.

സങ്കടമില്ല

ഒരാള്‍ അപരാധിയാണെന്നു കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍, നിരപരാധിത്വം തെളിയിക്കാന്‍ ബുദ്ധിമുട്ട് ഏറെയാണ്. എനിക്കിപ്പോള്‍ പ്രായം 63. ജീവിതത്തിന്റെ വസന്തകാലം ഏറെ നന്മകള്‍ ചെയ്യാനാവാതെ കടന്നുപോയി എന്നതു മാത്രമല്ല തെറ്റിദ്ധരിക്കപ്പെട്ട ഒരു കാലവുമാണ് നഷ്ടമായത്. പക്ഷേ, അതിനു പിന്നിലും ദൈവത്തിന്റെ കരുണയുള്ള കരങ്ങളുണ്ടായിരുന്നു എന്നു തിരിച്ചറിയുന്‌പോള്‍ എനിക്കു സങ്കടമില്ല. എനിക്കുവേണ്ടി കാവലിരിക്കുകയും ഒപ്പം സഞ്ചരിക്കുകയും ചെയ്യുന്ന ഒരു ദൈവത്തെ കണ്ടെത്താന്‍ ഈ ജീവിതത്തില്‍ എനിക്കു സാധിച്ചു.

1992ല്‍ ബിസിഎം കോളജില്‍ മലയാളം അധ്യാപകനായിരിക്കെ സിസ്റ്റര്‍ അഭയ പ്രീഡിഗ്രി ക്ലാസില്‍ എന്റെ വിദ്യാര്‍ഥിനിയായിരുന്നു. അന്നൊരു വെള്ളിയാഴ്ച രാവിലെ അഭയയെ കാണാനില്ലെന്ന് അറിഞ്ഞു. പിന്നീട് മൃതദേഹം കിണറ്റില്‍ കാണപ്പെട്ടതറിഞ്ഞു പയസ് ടെന്‍ത് ഹോസ്റ്റലിലേക്ക് അന്നത്തെ വികാരി ജനറാള്‍ അച്ചനൊപ്പം പോയതും പിന്നീട് അരീക്കര പള്ളിയില്‍ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തതുമൊക്കെ ഓര്‍മിക്കുന്നു.

പരീക്ഷണങ്ങള്‍

പിന്നീടു കുറെക്കാലം കഴിഞ്ഞാണ് ചിന്തിക്കാന്‍ പോലും കഴിയാത്ത കഥകള്‍ പ്രചരിപ്പിക്കപ്പെട്ടതും ഇത്തരത്തില്‍ അന്വേഷങ്ങളും നടപടികളും തുടങ്ങിയതും. 2008 നവംബര്‍ 18ന് അറസ്റ്റിലായതിനു ശേഷം എത്രയെത്ര പരീക്ഷണങ്ങള്‍, കെട്ടുകഥകള്‍. പോളിഗ്രാഫ്, ബ്രെയിന്‍മാപ്പിംഗ്, നാര്‍ക്കോ അനാലിസിസ് തുടങ്ങി നിരവധി പരിശോധനകള്‍ക്ക് ഞങ്ങള്‍ വിധേയമായി.

പന്ത്രണ്ടു മണിക്കൂറോളം നടത്തപ്പെട്ട നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് റിക്കാര്‍ഡ് ചെയ്തത് സത്യവിരുദ്ധവും വികൃതവുമായ രീതിയില്‍ എഡിറ്റ് ചെയ്ത് അര മണിക്കൂര്‍ ദൈര്‍ഘ്യത്തിലേക്കു ചുരുക്കി മാധ്യമങ്ങളിലൂടെ പുറത്തുവിട്ടപ്പോള്‍ സമൂഹം ഞങ്ങളെ പഴിച്ചു. പക്ഷേ, ഞങ്ങള്‍ പറഞ്ഞ രീതിയില്‍ അല്ല സിഡിയില്‍ പുറത്തുവന്നത്. എല്ലാം കൂട്ടിക്കെട്ടിയും വെട്ടിയൊതുക്കിയും മാധ്യമങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു.

ഉടന്‍ സത്യം പുറത്തു വരണമെന്ന് ആഗ്രഹിച്ച കാലമുണ്ട്. ഇനിയെങ്കിലും നിരപരാധികള്‍ ആക്ഷേപിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യരുതെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ തോന്നുന്നു സത്യം പുറത്തുവന്നില്ലെങ്കിലും സാരമില്ലെന്ന്. കാരണം. ഞങ്ങള്‍ നിരപരാധികളാണെന്നു ദൈവത്തിന് അറിയാം. ഞാന്‍ സിബിഐയോടും ചോദ്യം ചെയ്തവരോടും ആക്ഷേപിച്ചവരോടും കുറ്റം ചുമത്തിയവരോടും ക്ഷമിക്കുന്നു.

നഷ്ടങ്ങളെന്നു പറയുന്നില്ല, വൈദികനെന്ന നിലയില്‍ എന്റെ സേവനവും സാന്നിധ്യവും പലര്‍ക്കും ഇക്കാലത്തു നഷ്ടപ്പെട്ടു എന്നത് സത്യമാണ്. വിവാഹം, മരണം തുടങ്ങി പല സാഹചര്യങ്ങള്‍. അറസ്റ്റിലായ അന്നു മുതല്‍ പാസ്‌പോര്‍ട്ട് സിബിഐയുടെ കൈവശമാണ്. ഞാന്‍ ചോദിച്ചിട്ടില്ല. തിരിച്ചുതരുന്നെങ്കില്‍ തരട്ടെ.

കരുതല്‍

ദൈവത്തിന്റെ കരുതല്‍ നേരിട്ട് അനുഭവിച്ച പല സംഭവങ്ങളും ഇപ്പോള്‍ ഓര്‍മയിലെത്തുകയാണ്. എന്നുമുണ്ടായിരുന്നു. ജയിലിലായിരിക്കെ ഒരു ക്രിസ്മസ് ദിവസം മറ്റു തടവുകാര്‍ സിനിമ കണ്ടുകൊണ്ടിരിക്കെ ഞാനും കോട്ടൂരച്ചനും ജയിലിനു സമീപം ദുര്‍ഗന്ധം വമിക്കുന്ന ഒരു കാനയോടു ചേര്‍ന്നുനിന്നു മറ്റാരും കാണാതെ കുര്‍ബാനയുടെ പ്രാര്‍ത്ഥനകള്‍ ചൊല്ലി. അള്‍ത്താരയും ബലിപീഠവും ഓസ്തിയും വീഞ്ഞുമില്ലാതെ കൂദാശാ വചനങ്ങള്‍ ചൊല്ലി. നിന്റെ ഹൃദയം അസ്വസ്ഥമാകേണ്ട എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഓര്‍മയില്‍നിന്നു ചൊല്ലി.

കൈകള്‍ ഉയര്‍ത്തിപ്പിടിച്ചു കാഴ്ചവയ്പ് പ്രാര്‍ഥന നടത്തി. ഇനിയൊരു ബലി അര്‍പ്പിക്കാന്‍ വരുമോ എന്ന് അറിഞ്ഞുകൂടാ എന്നു ചൊല്ലിക്കൊണ്ടിരിക്കെ ജയില്‍ സൂപ്രണ്ട് ഞങ്ങളെ തിരികെ വിളിച്ചു. കുര്‍ബാന ചൊല്ലിയതിനു ശാസിക്കാനോ ശിക്ഷിക്കാനോ ആവാം വിളിച്ചതെന്നു കരുതി ജയില്‍ ഓഫീസിലെത്തുന്‌പോള്‍ ജയില്‍മിനിസ്ട്രി ശുശ്രൂഷകനായ ക്ലാരിഷ്യന്‍ സഭയിലെ മനോജ് പനയ്ക്കക്കുഴി അച്ചന്‍ ഞങ്ങള്‍ക്കായി രണ്ടു തിരുവോസ്തിയുമായി അവിടെ കാത്തുനില്‍ക്കുന്നു. ആ തിരുവോസ്തി ഭക്ഷിച്ച് അഞ്ചു മിനിറ്റ് ഞങ്ങള്‍ ഇരുവരും കണ്ണീരോടെ പ്രാര്‍ത്ഥിച്ചുനിന്നു.

ഓസ്തിയില്ലാതെ കുര്‍ബാന ചൊല്ലിയ ഞങ്ങള്‍ക്കു മുന്നിലേക്കു ദൈവം തിരുവോസ്തിയായി മനോജച്ചനിലൂടെ കടന്നുവരികയായിരുന്നു. ഞങ്ങള്‍ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ദൈവികമായ ഉള്‍വിളി അനുഭവപ്പെട്ട് തിരുവോസ്തിയുമായി ജയിലില്‍ എത്തിയതാണെന്ന് മനോജച്ചന്‍ പറഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി. ഇങ്ങനെ സഹനത്തിന്റെ പാതയില്‍ ദൈവം ഇടപെട്ടതിന്റെ ഒരുപാട് അനുഭവങ്ങള്‍ വേറെയുമുണ്ട്. ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം ഞാന്‍ ഉള്‍പ്പെടെ കെട്ടിച്ചമയ്ക്കപ്പെട്ട ഒരു തിരക്കഥ. അവരും മോചിതരാവട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നുവെന്നും ഫാ. പുതൃക്കയില്‍ പറഞ്ഞു.

<കടപ്പാട്: ദീപിക>


Related Articles »