India - 2019

ജീവന്‍ തിരിച്ചെടുക്കാന്‍ അധികാരമുള്ളവൻ ദൈവം മാത്രം: ബിഷപ്പ് വിന്‍സെന്റ് സാമുവല്‍

സ്വന്തം ലേഖകന്‍ 13-03-2018 - Tuesday

നെയ്യാറ്റിന്‍കര: ജീവന്റെ ദാതാവ്‌ ദൈവമാണെന്നും അത്‌ തിരിച്ചെടുക്കാനും അധികാരമുള്ളവൻ ദൈവം മാത്രമാണെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് കെ.ആർ.എൽ.സി.ബി.സി. യൂത്ത്‌ കമ്മീഷൻ ചെയർമാനും നെയ്യാറ്റിന്‍കര രൂപതാധ്യക്ഷനുമായ ബിഷപ്പ് വിന്‍സെന്റ് സാമുവല്‍. ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കുന്ന സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ധാർമ്മികമായ ഒരുപാട്‌ ചോദ്യങ്ങൾ സുപ്രീം കോടതി വിധി മുമ്പോട്ടു വയ്‌ക്കുന്നുണ്ടെന്നും ഇങ്ങനെ ഒരു വിധി പ്രസ്‌താവിച്ചതിൽ അത്യന്തം വേദനയും നിരാശയുമുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

‘ദൈവമായ കർത്താവ്‌ ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്‌ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്‌തു. അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു’ (ഉല്‍പത്തി 2: 7). സൃഷ്‌ടിയുടെ മകുടമായി ദൈവം മനുഷ്യനെ ഉയർത്തുന്ന വചന ഭാഗമാണിത്‌. ദൈവം തന്റെ ഛായയിൽ ഓരോ മനുഷ്യനും ജന്മം നൽകുമ്പോൾ ബോധപൂർവ്വം ഈ ജീവൻ വേണ്ടെന്നു വയ്‌ക്കാന്‍ മനുഷ്യന് എന്ത്‌ അവകാശമാണുള്ളത്‌. ജീവന്റെ ദാതാവ്‌ ദൈവമാണ്‌. അത്‌ തിരിച്ചെടുക്കാനും അധികാരമുള്ളവൻ ദൈവം മാത്രമാണ്‌. നാം പ്രാർത്ഥിക്കുമ്പോൾ ജീവന്റെ നാഥനായ ദൈവമേ എന്ന്‌ അഭിസംബോധന ചെയ്യുന്നത്‌ ഓർക്കുക. ഇവിടെയാണ്‌ ഫെബ്രുവരി 9, 2018-ൽ ഇന്ത്യയിലെ പരമോന്നത നീതിപീഠം ഉപാധികളോടെയുള്ള ദയാവധത്തിന്‌ സമ്മതം നൽകിയത്‌.

ധാർമ്മികമായ ഒരുപാട്‌ ചോദ്യങ്ങൾ ഈ വിധി മുമ്പോട്ടു വയ്‌ക്കുന്നുണ്ട്‌. ഇങ്ങനെ ഒരു വിധി പ്രസ്‌താവിച്ചതിൽ അത്യന്തം വേദനയുണ്ട്‌, ഒപ്പം നിരാശയും. ‘യവുത്തനേസിയ’ എന്ന ഗ്രീക്കു പദത്തിന്റെ വാച്യാർത്ഥം നല്ല മരണം എന്നത്‌ മാത്രമാണ്‌. (eu- good, thanesia- death). ദയാവധം എന്ന വാക്കും ചിന്തയും അതിനോട്‌ കൂട്ടിച്ചേർത്തതാണ്‌. ദയാവധത്തിന്‌ 2 മാനങ്ങളുണ്ട്‌ – active & passive. ഇതിൽ passive (നിഷ്‌ക്രിയ) ദയാവധത്തിനാണ്‌ സുപ്രീം കോടതി അനുവാദം നല്‍കിയിരിക്കുന്നത്‌.

മാരക രോഗത്തിന്‌ അടിമയായിരിക്കുന്ന ഒരു രോഗിക്ക്‌ ഇനിയൊരു തിരിച്ചുവരവ്‌ സാധ്യമല്ല എന്ന്‌ ബോധ്യപ്പെടുകയാണെങ്കിൽ നിയമത്തിന്റെ സമ്മതത്തോടെ ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ ഒഴിവാക്കുക വഴി ആ വ്യക്തിയെ മരിക്കാൻ അനുവദിക്കുകയാണ്‌ passive ദയാവധം. ഇതിൽ വധം നാമമാത്രമാണെന്ന്‌ കോടതി പറയുന്നുണ്ടെങ്കിലും ഇതും ഒരു കൊലപാതകം തന്നെയാണ്‌. ജീവനെടുക്കാൻ അവകാശവും അധികാരവുമില്ലാത്ത മനുഷ്യൻ ദയയുടെ പേരിൽ നടത്തുന്ന കൊലപാതകം. കത്തോലിക്കാ സഭ എന്നും ദയാവധം ഉൾപ്പെടുന്ന ജീവസംഹാര ഉപാധികളെ തള്ളിപ്പറഞ്ഞിട്ടേയുള്ളു. 2-ാം വത്തിക്കാൻ കൗണ്‍സിലിന്റെ പ്രമാണ രേഖയായ ഗൗദിയും എത്ത്‌ സ്‌പെസ്‌, നമ്പർ 27-ൽ സഭ ഇതിനെ നിശിതമായി വിമർശിക്കുന്നുണ്ട്‌.

ജീവന്റെ തുടക്കവും ഒടുക്കവും പരമാവധി സംരക്ഷിക്കപ്പെടണമെന്നും സഭ നിഷ്‌കർഷിക്കുന്നു. ഏതെങ്കിലും വിധത്തിൽ നിർദോഷിയായ ഒരു മനുഷ്യ ജീവിയെ നിഹനിക്കാൻ ആർക്കും അനുവാദമില്ല. അത്‌ ഗർഭസ്ഥ ശിശുവോ, ഭ്രൂണമോ, ജനിച്ച കുഞ്ഞോ, വളർച്ച പ്രാപിച്ച വ്യക്തിയോ, പ്രായമായ ആളോ, സുഖപ്പെടാത്ത രോഗം ബാധിച്ചവനോ, അംഗവിഹീനരോ, മനോരോഗികളോ, അംഗവൈകല്യമുളളവരോ, മരിക്കുന്നവനോ ആയാലും വാസ്‌തവമാണ്‌. തനിക്കോ മറ്റുള്ളവർക്കോ വേണ്ടി ഇതുപോലൊരു കൊലപാതക പ്രവൃത്തി ആവശ്യപ്പെടുവാനും ആർക്കും അനുവാദമില്ല.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട നിയമം തന്നെ ഇങ്ങനെയാകുമ്പോൾ നാം ആരെ പഴിക്കണം. വില്‍പത്രത്തിന്റെ കാര്യമൊക്കെ നിയമം അനുശാസിക്കുന്നുവെങ്കിലും അതിന്റെ സാധുത എത്രമാത്രം വിശ്വസനീയമായിരിക്കുമെന്ന്‌ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. ഒരു കൊലപാതകത്തിന്‌ നിയമത്തിന്റെ പരിരക്ഷ. എത്ര വിരോധാഭാസമായ കാര്യം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 309 അനുസരിച്ച്‌ ആത്മഹത്യാ ശ്രമം പോലും തടവുശിക്ഷ അർഹിക്കുന്ന കുറ്റമാകുമ്പോൾ നിരാലംബനായ ഒരു വ്യക്തിയോട്‌ മറ്റുള്ളവർ കാണിക്കുന്ന ഈ പ്രവൃത്തി എങ്ങനെ സാധൂകരിക്കപ്പടും? ദയാവധത്തിന്‌ സഹായിക്കുന്ന ഡോക്‌ടർമാർ ക്രിസ്‌തീയ മനഃസാക്ഷിക്ക്‌ നിരക്കാത്ത പ്രവൃത്തിയാണ്‌ ചെയ്യുന്നതെന്നും ബിഷപ്പ് പറഞ്ഞു.


Related Articles »