India - 2024

സര്‍ക്കാര്‍ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിഷപ്പുമാര്‍

സ്വന്തം ലേഖകന്‍ 18-03-2018 - Sunday

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തികൊണ്ട് വിവിധ ബിഷപ്പുമാര്‍. കോടതിവിധിയെ കൂട്ടുപിടിച്ച് പഞ്ചായത്തുതലം മുതല്‍ മദ്യലഭ്യത വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയും ഇടതുപക്ഷ സര്‍ക്കാരിന്റെ നയവൈകല്യവുമാണെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം പറഞ്ഞു. തെറ്റായ മദ്യനയത്തിന്റെ പേരില്‍ കേരള ജനതയെ തെരുവിലിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തു പുതിയതായി ഒരൊറ്റ മദ്യശാലപോലും അനുവദിക്കില്ലെന്നും മദ്യവര്‍ജനം പ്രോത്സാഹിപ്പിക്കുമെന്നും പ്രകടനപത്രികയിലൂടെ വാഗ്ദാനംനല്കി അധികാരത്തിലെത്തിയ ഇടതുപക്ഷസര്‍ക്കാര്‍ മദ്യത്തിനും മദ്യലോബികള്‍ക്കും അടിമകളായിത്തീരുന്നതുകാണുന്‌പോള്‍ ഏറെ വേദനയും പ്രതിഷേധവുമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

മദ്യനയം കേരള സമൂഹത്തിന്റെ മനസില്‍ ആശങ്ക ഉളവാക്കുന്നുവെന്ന് മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രതികരിച്ചു. സമൂഹത്തിനു മുന്‍ഗണനാ ക്രമത്തില്‍ ചെയ്യാന്‍ സര്‍ക്കാരിന്റെ മുന്നില്‍ ധാരാളം കാര്യങ്ങളുണ്ടായിരിക്കെ ഇപ്പോള്‍ കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം നിരാശാജനകമാണ്. ഇടതുമുന്നണി നല്‍കിയ വാഗ്ദാനത്തില്നിളന്നു പിന്നോട്ടു പോയിരിക്കുന്നു. ക്രമേണ മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടു വരുമെന്നു വാഗ്ദാനം ചെയ്തവര്‍ വന്തോ തില്‍ അതു ലഭ്യമാക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ജനത്തെ ദുരിതത്തിലാഴ്ത്തുന്ന ഈ നയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് മാര്‍ ക്ലീമിസ് ബാവാ ആവശ്യപ്പെട്ടു.

ധാര്‍മികതയ്ക്കും മാനുഷിക മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കാത്ത സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന്‍ മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പറഞ്ഞു. സംസ്ഥാനത്തു പതിനായിരത്തിനുമുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതെന്നു കണക്കാക്കി അവിടെയെല്ലാം മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ അത്യന്തം അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദേശീയസംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന 2015 ഡിസംബര്‍ 15ലെ സുപ്രീംകോടതി ഉത്തരവിനെ പൊതുസമൂഹം സഹര്‍ഷം സ്വാഗതം ചെയ്തു. എന്നാല്‍, താമസംവിനാ ദൂരപരിധിയില്നിതന്ന് പട്ടണങ്ങളെയും, മുനിസിപ്പല്‍ പ്രദേശങ്ങളെയും കോടതി ഒഴിവാക്കി. പഞ്ചായത്തുകളെക്കൂടി ഒഴിവാക്കാനുള്ള അധികാരം 2018 ഫെബ്രുവരി 24ന് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നല്‍കി. ജനഹിതം മനസിലാക്കി ആരോഗ്യകരമായ തലമുറയെ മുന്നില്‍ക്കണ്ട് നീതിപൂര്‍വ്വ നിയമവ്യാഖ്യാനം നല്‍കേണ്ട സുപ്രീംകോടതി അത്തരത്തിലല്ല മുന്‌പോട്ടു നീങ്ങുന്നത് എന്നതു വേദനാജനകമാണെന്നും ബിഷപ്പ് പറഞ്ഞു.

കുടുംബങ്ങളെ പ്രത്യേകിച്ചു യുവതലമുറയെ നാശത്തിലേക്കു നയിക്കുന്ന സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രതിഷേധാര്‍ഹമാണെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. മദ്യനയത്തിലെ പുതിയ സമീപനം തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


Related Articles »