India

ക്രിസ്ത്യാനിയെന്നു പറഞ്ഞാല്‍ ഉത്തരവാദിത്വമാണ്: ആര്‍ച്ച് ബിഷപ്പ് ആല്‍ബര്‍ട്ട് ഡിസൂസ

സ്വന്തം ലേഖകന്‍ 19-03-2018 - Monday

പാലയൂര്‍: ക്രിസ്ത്യാനിയാണെന്നു പറഞ്ഞാല്‍ ബഹുമതിമാത്രമല്ല ഉത്തരവാദിത്വമാണെന്നും അതൊരു ദൗത്യമാണെന്നും ആഗ്ര ആര്‍ച്ച് ബിഷപ്പ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ. 21ാം പാലയൂര്‍ മഹാതീര്‍ഥാടനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യേശു വന്നതു ലോകത്തെ രക്ഷിക്കാനാണ്. ആ യേശു ശിഷ്യന്മാരെ അയച്ചതു രാജ്യങ്ങളെ രക്ഷിക്കാനാണ്. അതിനുവേണ്ടിയാണ് മാര്‍ തോമാശ്ലീഹാ ഭാരതത്തിലേക്കു വന്നത്. അദ്ദേഹം പറഞ്ഞു.

വടക്കേ ഇന്ത്യയിലെ വിവിധ മതനേതാക്കളുമായി പലവേദികളും പങ്കുവയ്ക്കുന്‌പോള്‍ പലരും പറയാറുണ്ട്: നിങ്ങള്‍ ക്രിസ്ത്യാനികള്‍ക്കു കിട്ടിയ നിധിയാണ് യേശു. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ യേശുവിനെപ്പോലെ ജീവിച്ചാല്‍ ഇന്ത്യമുഴുവന്‍ ക്രിസ്ത്യാനികളായിരിക്കുമെന്ന് ഗാന്ധിജി പറഞ്ഞതും അവര്‍ ഓര്‍മപ്പെടുത്തും. വേദോപദേശ ക്ലാസിലെ പഠനത്തിനിടയില്‍ തോമാശ്ലീഹായെക്കുറിച്ചു പഠിക്കാന്‍ കഴിഞ്ഞതാണ് താന്‍ വൈദികനാകാന്‍ കാരണം. കൊടുങ്ങല്ലൂരില്വയന്ന തോമാശ്ലീഹാ പാലയൂരിലെ തളിയക്കുളത്തില്‍വച്ച് രൂപപ്പെടുത്തിയ സമൂഹത്തിന് വിശ്വാസചൈതന്യം നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിക്കുന്നതാണ് ഇവിടേക്കു നടന്നുവന്ന യുവജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായിരുന്നു. മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ തിരുശേഷിപ്പ് ആശീര്‍വാദം നടത്തി. സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. ജോഷി ആളൂര്‍, സെക്രട്ടറി സി.ജി. ജെയ്‌സണ്‍, കണ്‍വീനര്‍ സി.കെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്ററര്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി ജെറീന വിശ്വാസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോസ് പുന്നോലിപ്പറന്പില്‍ ഉപഹാരസമര്‍പ്പണം നടത്തി. എ.എ. ആന്റണി, ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍, പി.ഐ. ലാസര്‍ മാസ്റ്റര്‍, വര്‍ഗീസ് നീലങ്കാവില്‍, പിയൂസ് ചിറ്റിലപ്പിള്ളി, ഷാജു ആന്റോ, ബോബ് എലുവത്തിങ്കല്‍, ലിജോ തോമസ്, അഡ്വ. ബിജു കുണ്ടുകുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Related Articles »