India - 2024

പുതുപ്പള്ളിയില്‍ മലങ്കര നസ്രാണി സംഗമം നടന്നു

സ്വന്തം ലേഖകന്‍ 19-03-2018 - Monday

പുതുപ്പള്ളി: മലങ്കര ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ മലങ്കര നസ്രാണി സംഗമം നടന്നു. വിവിധ ഇടവകളില്‍ നിന്നുമെത്തിയ നൂറുകണക്കിനു വിശ്വാസികള്‍ സംഗമത്തില്‍ പങ്കെടുത്തു. ഏറ്റവും മുന്നിലായി വിശുദ്ധ തോമാശ്ലീഹായുടെ ചിത്രം വഹിച്ച രഥവും പിന്നാലെ കാതോലിക്ക പതാകയും വഹിച്ച് വിശ്വാസികള്‍ അണിനിരന്നു. ചട്ടയും മുണ്ടും ധരിച്ച സ്ത്രീകളും മുന്‍കാലത്തെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു. ഉച്ചകഴിഞ്ഞു മൂന്നിന് പുതുപ്പള്ളി നിലയ്ക്കല്‍ പള്ളിയില്‍നിന്നും ആരംഭിച്ച റാലി പുതുപ്പള്ളി കവല ചുറ്റി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ സമാപിച്ചു.

പുതുപ്പള്ളി പള്ളി മൈതാനിയില്‍ ചേര്‍ന്ന സമ്മേളനം ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദിതീയന്‍ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു. സാക്ഷ്യമുള്ള സഭയായി സമാധാനത്തോടെ മുൻപോട്ടു പോകാൻ സാധിക്കണമെന്ന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സഭ സത്യവും നീതിയുമാണെന്നും അതിനുവേണ്ടി കഷ്ടങ്ങൾ സഹിക്കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോട്ടയം ഭദ്രാസന സഹായമെത്രാന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് അധ്യക്ഷത വഹിച്ചു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ്, വൈദിക ട്രസ്റ്റി റവ. ഡോ. എം.ഒ. ജോണ്‍, സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »