India - 2024

ഓശാന ഞായറാഴ്ച അധ്യാപകര്‍ക്ക് പരിശീലനം; മാറ്റിവെക്കണമെന്ന് കെ‌സി‌ബി‌സി

സ്വന്തം ലേഖകന്‍ 21-03-2018 - Wednesday

കൊച്ചി: ഓശാന ഞായറാഴ്ച ഐടി പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് സ്‌കൂള്‍ അധ്യാപകരോടു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. 23, 24, 25 തീയതികളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിശീലന പരിപാടികളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സബ്ജക്ട് റിസോഴ്‌സ് ഗ്രൂപ്പുകളിലുള്‍പ്പെട്ട (എസ്ആര്‍ജി) അധ്യാപകരാണ് പങ്കെടുക്കുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തു പത്തു കേന്ദ്രങ്ങളിലായി നടക്കുന്ന പരിശീലന പരിപാടികളില്‍ അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കാന്‍ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ഐടി അറ്റ് സ്‌കൂളിന്റെ വിവിധ പരിശീലന പരിപാടികള്‍ ഞായറാഴ്ചകളില്‍ നടത്തുന്നതിനെതിരേ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കേണ്ട 'കുട്ടിക്കൂട്ടം' പരിപാടി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചത് ഞായറാഴ്ചകളിലാണ്. വിഷയത്തില്‍ കെ‌സി‌ബി‌സി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഞായറാഴ്ചകള്‍ പ്രവൃത്തിദിനമാക്കുന്ന വിദ്യാഭ്യാസവകുപ്പിന്റെ നടപടികള്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണോയെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ആവശ്യപ്പെട്ടു. ആഗോള ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്ന മാര്‍ച്ച് 25നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന അധ്യാപക പരിശീലന പരിപാടികള്‍ മാറ്റിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


Related Articles »