India - 2024

രക്ഷയുടെ അടയാളമായ കുരിശിന്റെ ശക്തിയിലാണ് നാം വിശ്വസിക്കേണ്ടത്: കര്‍ദ്ദിനാള്‍ ക്ലീമിസ്

സ്വന്തം ലേഖകന്‍ 22-03-2018 - Thursday

പത്തനംതിട്ട: ദൈവത്തിനു പരിഹരിക്കാന്‍ കഴിയാത്ത ഒന്നുമില്ലെന്നാണ് ഈ കാലഘട്ടം നമ്മെ പഠിപ്പിക്കുന്നതെന്നും മനുഷ്യന്റെ ശക്തിയേക്കാള്‍ രക്ഷയുടെ അടയാളമായ കുരിശിന്റെ ശക്തിയിലാണ് നാം വിശ്വസിക്കേണ്ടതെന്നും കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ നേതൃത്വത്തില്‍ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ അങ്കണത്തില്‍ നടന്നു വന്ന കാത്തലിക് കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഉപാധികളില്ലാതെ ദൈവസ്‌നേഹം അനുഭവിക്കാന്‍ നമുക്കു കഴിയുന്‌പോള്‍ ദൈവത്തെ തിരികെ സ്‌നേഹിക്കാന്‍ നമുക്ക് കടമയുണ്ടെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

ദൈവത്തെ നാം സ്‌നേഹിക്കുന്നതു കൊണ്ടല്ല, ദൈവം നമ്മെ സ്‌നേഹിക്കുന്നത്. ദൈവത്തിന്റെ സ്‌നേഹം എത്രമാത്രം നമുക്ക് ലഭിച്ചുവെന്നത് വിശ്വാസത്തിന്റെ തീഷ്ണതയിലൂടെ വ്യക്തമാകും. ദൈവപക്ഷത്തുനിന്ന് സ്‌നേഹം ആവോളം സന്പാദിക്കാന്‍ കഴിയണം. തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് തന്റെ ജീവന്‍പോലും നല്‍കാന്‍ ദൈവം നല്‍കുന്നു. ദൈവത്തെ പൂര്‍ണ ആത്മാവോടും വിശ്വാസത്തോടും സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്‌പോഴാണ് മനുഷ്യജീവിതത്തിനു അര്‍ഥം കൈവരുന്നത്.

മനുഷ്യന്റെ ശക്തിയേക്കാള്‍ രക്ഷയുടെ അടയാളമായ കുരിശിന്റെ ശക്തിയിലാണ് നാം വിശ്വസിക്കേണ്ടത്. അത്ഭുതങ്ങളും അടയാളങ്ങളും നേരിട്ടു കണ്ട ശിഷ്യന്മാര്‍ ഉറങ്ങുന്ന കാഴ്ച ഇന്നത്തെ വിശ്വാസികളുടെ പ്രതീകമാണ്. ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആര് നമുക്ക് എതിര് നില്‍ക്കുമെന്ന് പൗലോസ് ശ്ലീഹായെ പോലെ ചോദിക്കാന്‍ നമുക്ക് കഴിയണം. കര്‍ദ്ദിനാള്‍ പറഞ്ഞു.

രൂപതാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോണ്‍ തുണ്ടിയത്ത്, മോണ്‍. ജോസഫ് കുരുമ്പിലേത്ത്, കത്തീഡ്രല്‍ വികാരി റവ. ഡോ.ആന്റോ കണ്ണംകുളം, മദര്‍ ഹൃദ്യ, പി.കെ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഫാ.സിബി ജോണ്‍ ചന്ദ്രോത്ത്, ഫാ.സെബാസ്റ്റ്യന്‍ പള്ളിപറമ്പില്‍ എന്നിവര്‍ ധ്യാനം നയിച്ചു.


Related Articles »