India - 2024

എറണാകുളം- അങ്കമാലി അതിരൂപത ഭൂമി പ്രശ്‌നം പരിഹാരത്തിലേക്ക്

സ്വന്തം ലേഖകന്‍ 24-03-2018 - Saturday

കൊച്ചി: സീറോ മലബാര്‍ സഭയുടെ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ പരിഹാരത്തിലേക്ക്. ഇന്നലെ സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം എന്നിവരുടെ നേതൃത്വത്തില്‍ എറണാകുളം പിഒസിയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരത്തിന് വഴി തുറന്നത്. വിഷയങ്ങള്‍ക്കു ക്രിസ്തീയമായ പരിഹാരമുണ്ടാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങളോട് എല്ലാ തലങ്ങളിലും നിന്ന് അനുകൂലമായ പ്രതികരണമാണുണ്ടായതെന്നും കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ വ്യക്തമാക്കി.

അതിരൂപതയിലെ വൈദികസമിതി യോഗം ഇന്ന് വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നു സെക്രട്ടറി റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ അറിയിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പും സഹായമെത്രാന്മാരും പങ്കെടുക്കുന്ന യോഗത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും സീറോ മലബാര്‍ സഭയിലെ സ്ഥിരം സിനഡ് അംഗങ്ങളായ ബിഷപ്പുമാരും അതിരൂപതയിലെ വൈദികരുടെ പ്രതിനിധികളും കൂരിയ അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു.


Related Articles »