India - 2024

മലയാറ്റൂരിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം

സ്വന്തം ലേഖകന്‍ 26-03-2018 - Monday

മലയാറ്റൂര്‍: വിശുദ്ധവാരം ആരംഭിച്ചതോടെ അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് വിശ്വാസികളുടെ നിലക്കാത്ത പ്രവാഹം. ഇന്നലെ രാവിലെ കുരിശുമുടിയില്‍ നടന്ന കുരുത്തോല വെഞ്ചിരിപ്പിനും വിശുദ്ധ കുര്‍ബാനക്കും കുരിശുമുടി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സ്മിന്റോ ഇടശേരി മുഖ്യകാര്‍മികത്വം വഹിച്ചു. കുരിശുമുടിയിലെ സന്നിധി ചുറ്റി കുരുത്തോല പ്രദക്ഷിണവും നടന്നു. ഫാ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ വചനസന്ദേശം നല്‍കി. ഇന്നലെ കെസിവൈഎം അതിരൂപത കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യുവജനങ്ങള്‍ മലകയറ്റം നടത്തി. മലയാറ്റൂര്‍ പള്ളി വികാരി റവ. ഡോ. ജോണ്‍ തേയ്ക്കാനത്ത് ഉദ്ഘാടനം ചെയ്തു.

അതിരൂപത ഡയറക്ടര്‍ ഫാ. സുരേഷ് മല്‍പാന്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് ഫാ. മാത്യു തച്ചില്‍, അതിരൂപത പ്രസിഡന്റ് ടിജോ പടയാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ മലകയറി. കുരിശുമുടിയില്‍ ദിവ്യബലിയും വചനസന്ദേശവും ഉണ്ടായിരുന്നു. മാര്‍ത്തോമാശ്ലീഹാ മണ്ഡപവും പൊന്‍കുരിശും കാല്‍പാദവും വണങ്ങിയതിനുശേഷമാണ് യുവജനങ്ങള്‍ മലയിറങ്ങിയത്. 27, 28 തീയതികളില്‍ കുരിശുമുടിയില്‍ രാവിലെ 5.30, 6.30, 7.30, 9.30, വൈകുന്നേരം ഏഴ് എന്നീ സമയങ്ങളില്‍ ദിവ്യബലി. സെന്റ് തോമസ് പള്ളിയില്‍ രാവിലെ 5.30 ന് ആരാധന, 6.00, 7.00, വൈകുന്നേരം 5.15 എന്നീ സമയങ്ങളില്‍ ദിവ്യബലി എന്നിവയുണ്ടാകും.

ഇക്കഴിഞ്ഞ ശനിയാഴ്ച മലയാറ്റൂർ തീർത്ഥാടനത്തിന്റെ ഭാഗമായി നടപ്പാക്കി വരുന്ന ഹരിതനടപടിക്രമം വിലയിരുത്തുന്നതിന് കലക്ടർ മുഹമ്മദ് വൈ സഫീറുള്ള കുരിശുമുടിയിലെത്തിയിരിന്നു. ഗ്രീൻ വളന്റിയേഴ്സായി തീർത്ഥാടനകാലത്ത് പ്രവർത്തിച്ചുവരുന്ന എറണാകുളം സെന്റ് തെരേസാസ് കോളേജ് വിദ്യാർഥികളോടും സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്് പൊലീസ് കേഡറ്റുകളോടും സ്കൗട്ട് ഗൈഡുകളോടും ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച പ്രവർത്തന പുരോഗതി അദ്ദേഹം ആരാഞ്ഞു.


Related Articles »