India - 2024

രാജി മാര്‍പാപ്പ സ്വീകരിക്കുമ്പോള്‍ മാത്രമാണ് മെത്രാന്‍മാരുടെ അധികാരം ഇല്ലാതാകുന്നത്: കൊല്ലം രൂപത

സ്വന്തം ലേഖകന്‍ 29-03-2018 - Thursday

കൊല്ലം: രാജി സമര്‍പ്പിക്കുമ്പോഴല്ല രാജി മാര്‍പാപ്പ സ്വീകരിക്കുമ്പോള്‍ മാത്രമാണ് രൂപതാ മെത്രാന്‍മാരുടെ അധികാരം ഇല്ലാതാകുന്നതെന്ന്‍ കൊല്ലം രൂപത ചാന്‍സലര്‍ റവ.ഡോ. ഷാജി ജെര്‍മന്‍. രാജി സമര്‍പ്പിച്ചതുകൊണ്ടു മാത്രം മെത്രാന്മാരുടെ അധികാരം ഇല്ലാതാകുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരി 12 നു പുറത്തിറക്കിയ അപ്പസ്‌തോലിക ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രൂപതാ മെത്രാന്മാര്‍ 75 വയസ് തികയുമ്പോള്‍ മാര്‍പാപ്പയ്ക്ക് രാജി സമര്‍പ്പിക്കുമെങ്കിലും രാജി സ്വീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കുന്നതുവരെ ശുശ്രൂഷയില്‍ തുടരുന്നതായി കണക്കാക്കും. മൂന്നു മാസത്തിനകം സ്വീകരിച്ചില്ലെങ്കില്‍ രാജിക്കു പ്രാബല്യം ഉണ്ടായിരിക്കുന്നതുമല്ല.

കൊല്ലം ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍ പദവിയില്‍ നിന്നു വിരമിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് 75 വയസു പൂര്‍ത്തിയാകുന്നതിനു മുമ്പ്, 2016 ഫെബ്രുവരി 16ന്, മാര്‍പാപ്പയ്ക്കു കത്ത് നല്‍കിയിട്ടുണ്ട്. നിയമ പ്രകാരം മൂന്നു മാസത്തിലേറെയായിട്ടും അതു സ്വീകരിച്ചതായുള്ള അറിയിപ്പ് ലഭിക്കാത്തതിനാല്‍ രാജിക്കു പ്രാബല്യമില്ലാത്തതും അജപാലന ശുശ്രൂഷ തുടരുന്നതുമായി കണക്കാക്കപ്പെടുന്നതുമാണ്. കാനോന്‍ നിയമപ്രകാരം രാജി സ്വീകരിച്ചുകൊണ്ടുള്ള അറിയിപ്പു ലഭിക്കുമ്പോള്‍ മാത്രമേ രാജി പ്രാബല്യത്തില്‍ വരികയും മെത്രാന്‍ സ്ഥാനത്തു നിന്നു വിരമിക്കുകയും ചെയ്യുന്നുള്ളു. കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ രൂപതയുടെ പണം ചെലവാക്കുകയോ നയപരമായ മറ്റു തീരുമാനങ്ങള്‍ എടുക്കുകേേയാ ചെയ്യുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടു കൊല്ലം മുന്‍സിഫ് കോടതി കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. എന്നാല്‍, വിശ്വസപരമായ ചടങ്ങുകള്‍ നടത്തുന്നതിന് ഉത്തരവ് ബാധകമല്ലെന്നു കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.


Related Articles »