India - 2024

അരിമ്പൂര്‍ ദേവാലയത്തിന്റെ കാരുണ്യത്തില്‍ ആറ് നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവന സാഫല്യം

സ്വന്തം ലേഖകന്‍ 07-04-2018 - Saturday

തൃശ്ശൂര്‍: അരിമ്പൂര്‍ സെന്റ് ആന്റണീസ് ഇടവകക്കാരുടെ നോമ്പുകാല പരിത്യാഗം ആറ് കുടുംബങ്ങള്‍ക്ക് പുതിയ ഭവനം സമ്മാനിച്ചു. ഇടവകയുടെ നേതൃത്വത്തില്‍ കിഴക്കേപരയ്ക്കാട് കുണ്ടലക്കടവില്‍ പണികഴിപ്പിച്ച പാദുവ ഭവനം പാവപ്പെട്ട ആറു കുടുംബങ്ങള്‍ക്കാണ് ഭവനമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. കെട്ടിടസമുച്ചയത്തിലെ ആറ് ഫ്‌ളാറ്റുകളുടെ താക്കോല്‍ദാനം തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിച്ചു. യേശുവിനെ സാക്ഷ്യം വഹിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കരുണയുടെ ഭാവമാണെന്നും ഇടവകക്കാരുടെ വിയര്‍പ്പിന്റെ ഫലമാണ്പാദുവ ഭവനമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

താമസം ആരംഭിക്കുന്ന ആറുകുടുംബങ്ങളും ഒരു കുടുംബം പോലെ സ്‌നേഹത്തോടെ മാതൃകപരമായി ജീവിക്കണമെന്നും സാന്പത്തികമായി ഉന്നതി പ്രാപിക്കുന്‌പോള്‍ വീടില്ലാത്തവര്‍ക്ക് വീട് വെച്ച് നല്കണമെന്നും മാര്‍ താഴത്ത് കൂട്ടിച്ചേര്‍ത്തു. വികാരി ഫാ.ആന്റണി ആലുക്ക അധ്യക്ഷനായിരുന്നു. മുന്‍ വികാരി ഫാ.ജോസഫ് മുരിങ്ങാത്തേരി, മനക്കൊടി സാവിയോ ഹോം ഡയറക്ടര്‍ ഫാ.ജിയോ കടവി, സെന്റ് ജെമ്മാസ് കോണ്‍വെന്റ് സിസ്റ്റര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ട്രിന്‍സ പ്രാന്‍സിസ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്ഡിം്ഗ് കമ്മിററി ചെയര്‍മാന്‍ കെ.എല്‍.ജോസ് തുടങ്ങീ നിരവധി പേര്‍ പ്രസംഗിച്ചു.

കാടും പടലും ചെളിയുമായി കിടന്നിരുന്ന സ്ഥലം വൃത്തിയാക്കി മുന്‍ വികാരി ഫാ.ജോസഫ് മുരിങ്ങാത്തേരിയുടെ നേതൃത്യത്തില്‍ 2016 ഒക്ടോബര്‍ 20 നാണ് പാദുവ ഭവനത്തിന് തറക്കല്ലിട്ടത്. ഇടവകക്കാരുടെ നോമ്പുകാല പരിത്യാഗം, ഭക്തസംഘടനകള്‍, ബൈബിള്‍ കണ്‍വന്‍ഷന്‍, പള്ളിയിലെ മറ്റു ഫണ്ടുകള്‍, സമീപ ഇടവകകളിലെ ഉദാരമതികളുടെ സാന്പത്തിക സഹായം ഉള്‍പ്പടെ 65 ലക്ഷം രൂപ ചെലവഴിച്ചാണ് പാദുവ ഭവനം പണിതത്. ഇനിയും പന്ത്രണ്ടു വീട്ടുകാര്‍ക്കെങ്കിലും ഈ സ്ഥലത്തു ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാനാകുമെന്നാണ് അരിമ്പൂര്‍ ഇടവകയുടെ കണക്ക് കൂട്ടല്‍.


Related Articles »