Purgatory to Heaven. - February 2024

ശുദ്ധീകരണ സ്ഥലം എന്നത് പാപങ്ങളെ കുറിച്ചോർത്ത് അനുതപിക്കുവാനുള്ള ഒരു സ്ഥലമല്ല

സ്വന്തം ലേഖകന്‍ 08-02-2024 - Thursday

“അവരുടെ അനീതികളുടെ നേർക്ക് ഞാൻ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല” (ഹെബ്രായര്‍ 8:12)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-8

ശുദ്ധീകരണ സ്ഥലം എന്നത് പാപങ്ങളെ കുറിച്ചോർത്ത് അനുതപിക്കുവാനുള്ള ഒരു സ്ഥലമല്ല. ഓരോ മനുഷ്യനും തന്റെ പാപങ്ങളെക്കുറിച്ച് അനുതപിക്കുവാനും ദൈവത്തിന്റെ കൃപാവരം സ്വീകരിക്കുവാനുമുള്ള അവസരം അവന്റെ മരണത്തോടെ അവസാനിക്കുന്നു. മരണശേഷം അനുതാപം സാധ്യമല്ല. അതു കൊണ്ടാണ് ജീവിച്ചിരിക്കുന്നവരായ നാം അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചില ത്യാഗ പ്രവർത്തികൾ ചെയ്യുകയും ചെയ്യണം എന്ന് സഭ പഠിപ്പിക്കുന്നത്.

"ചെയ്തുപോയ പാപങ്ങളില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് അപൂര്‍ണ്ണതയുടെ മറ്റൊരു രൂപമാണ്. അതുകൊണ്ട് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് അവരുടെ ചിന്തകള്‍ തങ്ങളിലേക്ക് തിരികെ കൊണ്ടുവരുവാന്‍ സാധ്യമല്ല. ‘അന്ന് പാപങ്ങള്‍ ചെയ്തത് കൊണ്ടാണ് ഞാനിന്നിവിടെ കിടക്കുന്നത്’ എന്നോ ‘ഞാന്‍ ആ പാപങ്ങള്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ആയിരുന്നേനെ’ എന്നോ ‘അവന്‍ എന്നേക്കാളും മുന്‍പേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും’ എന്നോ ‘ഞാന്‍ അവനു മുന്‍പേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും' എന്നോ അവര്‍ക്ക് പറയുവാന്‍ സാധ്യമല്ല.

ആയതിനാല്‍, മരണത്തിനു മുന്‍പ് തന്റെ പാപങ്ങളും അപൂര്‍ണ്ണതയും കണ്ടുകഴിഞ്ഞ ആത്മാവ് മരണത്തിനു ശേഷം അവയെ കുറിച്ച് ചിന്തിക്കാറില്ല. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ, ദൈവത്തിന്റെ ഒളിമങ്ങാത്ത സൗന്ദര്യവവും മഹത്വവും കാത്തിരിക്കുകയാണ് ചെയ്യുന്നത്". ഈ കാത്തിരിപ്പാണ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ അനുഭവിക്കുന്ന വേദന.

(ജെനോവയിലെ വിശുദ്ധ കാതറീന്റെ വാക്കുകൾ)

വിചിന്തനം: ദൈവത്തിന്റെ മഹത്വത്തേയും, അവിടുന്നു നല്‍കുന്ന സ്വര്‍ഗീയ സമ്മാനത്തെയും ഓര്‍ത്തുകൊണ്ട് സ്തുതിക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »