India - 2024

പരിശുദ്ധാത്മാവിന്റെ അഭിഷേകമാണ് ദൈവകൃപയുടെ അടിസ്ഥാനം: മാര്‍ ജോസഫ് പാംപ്ലാനി

സ്വന്തം ലേഖകന്‍ 12-04-2018 - Thursday

പേരാവൂര്‍: പരിശുദ്ധാത്മാവിന്റെ അഭിഷേകമാണ് ദൈവകൃപയുടെ അടിസ്ഥാനമെന്നു തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഫൊറോനാ ദേവാലയ അങ്കണത്തില്‍ ആരംഭിച്ച തലശേരി അതിരൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ കൃപാഭിഷേകം ഉദ്ഘാടനം ചെയ്ത് ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവകൃപ ലഭിച്ചവര്‍ സ്‌നേഹത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൈവസാന്നിധ്യം അറിയുകയും അനുഭവിക്കുകയും ചെയ്യുന്നതാണ് കൃപയുടെ ലക്ഷണമെന്നും എന്നാല്‍ ദൈവസാന്നിധ്യത്തില്‍നിന്ന് അകന്നു ജീവിക്കുന്നവരാണ് തിന്മകള്‍ക്ക് അടിപ്പെടുകയെന്നും മാര്‍ പാംപ്ലാനി ഓര്‍മിപ്പിച്ചു. റവ.ഡോ.തോമസ് കൊച്ചുകരോട്ട്, ഫാ.ജോര്‍ജ് തെക്കുംചേരി, ഫാ. സെബാസ്റ്റ്യന്‍ പാലാക്കുഴി, ഫാ. സനില്‍ ആച്ചാണ്ടി തുടങ്ങിയവര്‍ ദിവ്യബലിയില്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ ധ്യാനം നയിച്ചു.

ടോക്കണ്‍ ലഭിച്ചവര്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ ഫാ.ഡൊമിനിക്ക് വാളന്മനാല്‍ പ്രത്യേക കൗണ്‍സലിംഗ് നല്‍കും. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 3.30 മുതല്‍ രാത്രി 10 വരെയാണ് ധ്യാനം. ഇരിട്ടി, കൊട്ടിയൂര്‍, കൂത്തുപറമ്പ് മേഖലകളിലേക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൈബിള്‍ കണ്‍വെന്‍ഷന്‍ 15ന് സമാപിക്കും.


Related Articles »