News - 2024

ബനഡിക്റ്റ് പതിനാറാമന്‍ പാപ്പയ്ക്ക് ഇന്ന് 91ാം പിറന്നാള്‍

സ്വന്തം ലേഖകന്‍ 16-04-2018 - Monday

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഗാര്‍ഡനിലെ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തില്‍ വിശ്രമ ജീവിതം നയിക്കുന്ന ബനഡിക്റ്റ് പതിനാറാമന്‍ പാപ്പയ്ക്ക് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍. കഴിഞ്ഞ വർഷത്തേതിന് സമാനമായി ബാവേറിയൻ രീതിയിൽ ആയിരിക്കും ഈ വര്‍ഷവും പിറന്നാള്‍ ആഘോഷിക്കുക. വത്തിക്കാന്‍ ഗാര്‍ഡനിലെ വസതിയില്‍ പിറന്നാള്‍ ദിനം തൊണ്ണൂറ്റിനാലുകാരനായ സഹോദരന്‍ ജോര്‍ജ്ജിനോടോപ്പം ചിലവിടാനാണ് പാപ്പയുടെ തീരുമാനം.

2013 ഫെബ്രുവരിയില്‍ സ്ഥാനത്യാഗം ചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. അപൂര്‍വ്വം ആവശ്യങ്ങള്‍ക്കു മാത്രം പൊതുവേദിയിലെത്തുന്ന എമിരിറ്റസ് ബെനഡിക്ട് പാപ്പ ആത്മീയാചാര്യന്‍റെ ജീവിതക്രമമാണ് പിന്‍ചെല്ലുന്നത്. ദൈവശാസ്ത്രപരവും താത്വികവും ധാര്‍മ്മികവുമായ നിരവധി ഗ്രന്ഥങ്ങളും പ്രബോധനങ്ങളും ലോകത്തിനു നല്കിയിട്ടുള്ള ഗ്രന്ഥകാരന്‍ കൂടിയാണ് അദ്ദേഹം.

ബനഡിക്ട് പതിനാറാമൻ പാപ്പ അത്യാസന്ന നിലയില്‍ മരണകിടക്കയിലാണെന്നു അടുത്തിടെ സോഷ്യല്‍ മീഡിയായിലൂടെ വാര്‍ത്ത പ്രചരിച്ചിരിന്നു. പിന്നീട് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ മാധ്യമങ്ങളെ അറിയിച്ചു. 2013 ഫെബ്രുവരി 28-നാണ് അദ്ദേഹം മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്.


Related Articles »