India - 2024

പിഒസി സുവര്‍ണ ജൂബിലി സമാപനാഘോഷം

സ്വന്തം ലേഖകന്‍ 20-04-2018 - Friday

കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) യുടെ ആസ്ഥാനകാര്യാലയവും കേരളത്തിലെ ലത്തീന്‍, മലബാര്‍, മലങ്കര സഭകളുടെ പൊതു അജപാലനകേന്ദ്രവുമായ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിന്റെ (പിഒസി) സുവര്‍ണ ജൂബിലി സമാപനാഘോഷങ്ങള്‍ ഇന്നാരംഭിക്കും. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സിന്‌പോസിയം, കൃതജ്ഞതാബലി, പൊതുസമ്മേളനം എന്നിവയാണു രണ്ടു ദിവസത്തെ സമാപനാഘോഷങ്ങളുടെ ഭാഗമായി നടക്കുക. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടന സന്ദേശം നല്‍കും. ക്രൈസ്തവികതയും കേരളസമൂഹവും എന്ന വിഷയത്തില്‍ പ്രഫ. എം. തോമസ് മാത്യു, റവ. ഡോ. പയസ് മലേക്കണ്ടത്തില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

കേരളസഭയും മാനവ വികസനവും എന്ന വിഷയത്തില്‍ സി.ആര്‍. നീലകണ്ഠന്‍, ലിഡാ ജേക്കബ് എന്നിവര്‍ പ്രഭാഷണം നടത്തും. മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ മോഡറേറ്ററാകും. അലക്‌സാണ്ടര്‍ ജേക്കബ്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ ക്രൈസ്തവ ദര്‍ശനവും ദാര്‍ശനിക കേരളവും എന്ന വിഷയത്തില്‍ സംസാരിക്കും. റവ. ഡോ. പോള്‍ തേലക്കാട്ട് മോഡറേറ്ററാകും. നാളെ രാവിലെ 8.30ന് കേരളസഭ ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ ജേക്കബ് പുന്നൂസ്, ഫാ. സേവ്യര്‍ കുടിയാംശേരി എന്നിവര്‍ അവതരിപ്പിക്കും. റവ. ഡോ. വിന്‍സെന്റ് കുണ്ടുകുളം മോഡറേറ്ററാകും.

പത്തിനു നടക്കുന്ന സമാപനസമ്മേളനം രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം സൂസപാക്യം അധ്യക്ഷത വഹിക്കും. യാക്കോബായ സഭ ശ്രേഷ്ഠ മെത്രാപ്പോലീത്ത ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയും അനുഗ്രഹപ്രഭാഷണം നടത്തും. വി.പി. ഷുഹൈബ് മൗലവി, സ്വാമി നന്ദാത്മജ്ഞാനന്ദ എന്നിവര്‍ പ്രസംഗിക്കും. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്മരണിക പ്രകാശനം നടത്തും.


Related Articles »