India - 2024

ക്രിസ്ത്യന്‍ മിഷ്ണറികളെ അപമാനിച്ച് ബി‌ജെ‌പി എംപിയുടെ പ്രസ്താവന

ബാബു ജോസഫ് 23-04-2018 - Monday

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ മിഷ്ണറിമാരെ അപമാനിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശിലെ നിന്നുള്ള ബി‌ജെ‌പി എംപിയുടെ പ്രസ്താവന വിവാദത്തില്‍. ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നാണ് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നിന്നുള്ള എംപി ഭരത് സിംഗ് പ്രസ്താവിച്ചത്. സിബിഐ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവിന്മേല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകളില്‍ പ്രകോപിതനായാണ് ക്രൈസ്തവ മിഷ്ണറിമാര്‍ക്കെതിരേ ബിജെപി എംപിയുടെ കടന്നാക്രമണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാഹുല്‍ ഗാന്ധിയുടെ അമ്മ മിഷ്ണറിമാരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത്. മിഷ്ണറിമാരുടെ നിര്‍ദ്ദേശമനുസരിച്ചാണു കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആളുകള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതോടെ ജനാധിപത്യം ദുര്‍ബലപ്പെട്ടു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ക്രൈസ്തവ മിഷ്ണറിമാരുടെ സ്വാധീനത്തിലാണ്. അവരുടെ ഗൂഢാലോചനകള്‍ രാജ്യത്തിനു ഭീഷണിയായെന്നും എംപി ആരോപിച്ചു. അതേസമയം ഭരത് സിംഗിന്റെ വിവാദ പ്രസ്താവനക്കെതിരെ നവ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്.


Related Articles »