India - 2024

കാണപ്പെടാതെ പോയ നിധിയാണ് പ്ലാസിഡച്ചന്‍: മാര്‍ റാഫേല്‍ തട്ടില്‍

സ്വന്തം ലേഖകന്‍ 29-04-2018 - Sunday

ചങ്ങനാശേരി: സീറോ മലബാര്‍ സഭയുടെ തനിമയും വ്യക്തിത്വവും വീണ്ടെടുക്കുന്നതില്‍ ഫാ. പ്ലാസിഡ് ജെ. പൊടിപാറയുടെ സംഭാവനകള്‍ മഹത്തരമാണെന്നും കാണപ്പെടാതെ പോയ നിധിയാണ് പ്ലാസിഡച്ചനെന്നും ഷംഷാബാദ് രൂപതാ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. പ്ലാസിഡച്ചന്റെ 33ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിനെ സ്‌നേഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ തുടര്‍ച്ചയായ സഭയെ വളര്‍ത്തുന്നതില്‍ പ്ലാസിഡച്ചന്‍ ഏറെ പരിശ്രമിച്ചിരുന്നു. ക്രാന്തദര്‍ശിയായ സഭാ സ്‌നേഹിയായിരുന്നു അദ്ദേഹമെന്നും മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തേ പ്ലാസിഡച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചെത്തിപ്പുഴ തിരുഹൃദയദേവാലയത്തില്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയും ഒപ്പീസും നടത്തി. യോഗത്തില്‍ സിഎംഐ തിരുവനന്തപുരം പ്രൊവിന്‍സ് കൗണ്‍സിലര്‍ ഫാ.ജയിംസ് മുല്ലശേരി സിഎംഐ അധ്യക്ഷത വഹിച്ചു. വടവാതൂര്‍ സെമിനാരി പ്രൊഫസര്‍ റവ.ഡോ.വര്‍ഗീസ് കൊച്ചുപറന്പില്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. ജോണ്‍ പള്ളുരുത്തിയില്‍ സിഎംഐ, ഫാ. ലുദുവിക്ക് പാത്തിക്കല്‍ സിഎംഐ, ജോസുകുട്ടി കുട്ടംപേരൂര്‍ എന്നിവര്‍പ്രസംഗിച്ചു.

ഫാ.ജോണ്‍ പള്ളുരുത്തി സിഎംഐ എഴുതിയ പ്ലാസിഡ് ജെ. പൊടിപാറ എസ്റ്റാബ്ലിഷ്‌മെന്റ് ഓള്‍ ഇന്ത്യ ജൂറിഡിക്ഷന്‍ എന്ന പുസ്തകത്തിന്റെയും സബീഷ് നെടുംപറന്പില്‍ എഴുതിയ ഒരു പരിചാരകന്റെ ഓര്‍മ്മക്കുറിപ്പ് എന്ന പുസ്തകത്തിന്റെയും പ്രകാശനവും മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. റവ.ഡോ. തോമസ് കാലായില്‍, ഫാ. ജെയിംസ് മുല്ലശേരി എന്നിവര്‍ പുസ്തകത്തിന്റെ കോപ്പികള്‍ ഏറ്റുവാങ്ങി.


Related Articles »