Social Media - 2024

സീറോ-മലബാര്‍ കുടുംബപ്രേഷിതകേന്ദ്രത്തിന്‍റെ സര്‍വ്വേ; വ്യാജവിവാദത്തിന് നിര്‍വ്യാജപ്രതികരണം

ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ 01-05-2018 - Tuesday

1968 ജൂലൈ 25-ന് ഭാഗ്യസ്മരണാര്‍ഹനായ പോള്‍ ആറാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച ചാക്രികലേഖനമാണ് ഹ്യൂമാനേ വീത്തേ (മനുഷ്യജീവന്‍). ജനനനിയന്ത്രണത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്ന ഈ ചാക്രികലേഖനം വൈവാഹികബന്ധത്തെക്കുറിച്ചും ഉത്തരവാദിത്വത്തോടെയുള്ള പിതൃത്വത്തെയും മാതൃത്വത്തെയും കുറിച്ചും കൃത്രിമ ഗര്‍ഭനിരോധനമാര്‍ഗ്ഗളുടെ അസന്മാര്‍ഗ്ഗികതയെക്കുറിച്ചും ഉള്ള സഭയുടെ പരമ്പരാഗതപഠനങ്ങളെ ശക്തിയുക്തം പുനരവതരിപ്പിച്ചു. കൃത്രിമഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിലെ ധാര്‍മ്മികമായ അപകടങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അവ പാപമാണെന്നു പഠിപ്പിച്ചതിനാല്‍ പ്രസിദ്ധീകരിക്കപ്പെട്ട കാലയളവില്‍ത്തന്നെ ഈ ചാക്രികലേഖനം വ്യാപകമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.

ബഹുജനം പ്രതിഷേധം രേഖപ്പെടുത്തിയതുകൊണ്ട് ധാര്‍മ്മികതയുടെ കാവലാളും അദ്ധ്യാപികയുമായ തിരുസ്സഭക്ക് അവളുടെ പ്രബോധനങ്ങള്‍ പിന്‍വലിക്കാന്‍ കഴിയുകയില്ലല്ലോ. ഹ്യൂമാനേ വീത്തേ പ്രസിദ്ധീകരിച്ചതിന്‍റെ സുവര്‍ണ്ണജൂബിലി വര്‍ഷമാണ് 2018. ഈയാണ്ടില്‍ ഈ ചാക്രികലേഖനം വിശ്വാസികള്‍ എത്രമാത്രം അതിന്‍റെ ചൈതന്യത്തില്‍ മനസ്സിലാക്കിയിട്ടുണ്ട് എന്ന് പരിശോധിക്കുന്നതിനായി സീറോ മലബാര്‍ കുടുംബ പ്രേഷിതകേന്ദ്രം തയ്യാറാക്കിയ ചോദ്യാവലിയാണ് അനാവശ്യവിവാദത്തിന് വിഷയമായിരിക്കുന്നത്.

1. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം - പൊള്ളയായ വാദം

സര്‍വ്വേ എന്നു പറയുന്നത് ഒരു പഠനോപാധിയാണ്, പ്രബോധനോപാധിയല്ല. പൊതുവായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിനുവേണ്ടി വ്യക്തികളില്‍ നിന്നോ വ്യക്തികളുടെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകളില്‍ നിന്നോ വിവരങ്ങള്‍ ശേഖരിക്കുന്ന പ്രക്രിയക്കാണ് സര്‍വ്വേ എന്നു പറയുക. അതിനുവേണ്ടി പലമാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. ആളുകളെ നേരില്‍ക്കണ്ടുള്ള ഇന്‍റര്‍വ്യൂ, ചോദ്യാവലി എന്നിവയാണ് സര്‍വ്വേക്കുവേണ്ടി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ടു മാര്‍ഗ്ഗങ്ങള്‍. കൂടുതല്‍ വ്യക്തിപരമായ കാര്യങ്ങള്‍ പഠനവിധേയമാക്കേണ്ടി വരുമ്പോള്‍ പഠനവിധേയരാകുന്ന വ്യക്തികളുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാനും കൂടുതല്‍ ആത്മാര്‍ത്ഥതയോടെ ചോദ്യാവലിയോട് പ്രതികരിക്കാന്‍ അവരെ സഹായിക്കാനും ചോദ്യാവലി രീതി കൂടുതല്‍ ഉപകരിക്കും.

സീറോ-മലബാര്‍ കുടുംബപ്രേഷിത കേന്ദ്രം നടത്തിയ സര്‍വ്വേയില്‍ ചോദ്യാവലി രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഡോ. ജെ.എസ്. വീണയുടെ ഓണ്‍ലൈന്‍ പ്രതികരണത്തോടൊപ്പം നല്കിയിരിക്കുന്ന ചോദ്യാവലി ശ്രദ്ധിച്ചാല്‍ അതില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ സ്വകാര്യത വെളിപ്പെടുത്തുന്ന യാതൊരു ചോദ്യവും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കാണാവുന്നതാണ്. ഇടവകയുടെയും രൂപതയുടെയും പേര് മാത്രമാണ് ചോദിച്ചിരിക്കുന്നത്. പ്രാദേശികമായ ചില കണക്കുകൂട്ടലുകള്‍ക്ക് സഹായകമാകുന്ന വിവരം മാത്രമാണ് അത്.

2. സ്ത്രീത്വത്തെ അപമാനിക്കുന്നു - നിര്‍മ്മിച്ചെടുത്ത ആരോപണം

സ്ത്രീയോടു മാത്രമായി യാതൊരു ചോദ്യവും ചോദിച്ചിട്ടില്ലാത്തതിനാല്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന ചോദ്യാവലിയാണ് ഇതെന്ന വാദം വിവാദമുണ്ടാക്കാനുള്ള ഒരു പ്രസ്താവന മാത്രമാണെന്ന് മനസ്സിലാക്കാവുന്നതാണ്. കിടപ്പറയുടെ ഉള്ളിലേക്ക് സഭ കടന്നുകയറി, സ്വകാര്യതയെ സഭ ഒളിഞ്ഞു നോക്കി എന്നൊക്കെ പതംപറയുന്നവര്‍ പരിശുദ്ധ കത്തോലിക്കാസഭയുടെ ധാര്‍മ്മികപഠനങ്ങളുടെ യാതൊരടിസ്ഥാനവും മനസ്സിലാകാത്തവരും ആഴമില്ലാത്ത ആരോപണങ്ങള്‍ സഭക്കെതിരെ ഉയര്‍ത്തി ആളാകാന്‍ ശ്രമിക്കുന്നവരുമാണ്. കത്തോലിക്കാസഭയെ ആക്രമിക്കുന്നതും വിമര്‍ശിക്കുന്നതുമാണ് പ്രശസ്തയാകാന്‍ വഴിയെന്ന് ചിന്തിക്കുന്ന വ്യക്തികളും കത്തോലിക്കാസഭയെ വിമര്‍ശിക്കുന്ന വാര്‍ത്തകളിലൂടെ റേറ്റിംഗ് കൂട്ടാമെന്ന് കരുതുന്ന മാധ്യമങ്ങളുമാണ് ഇത്തരം കുപ്രചരണങ്ങള്‍ക്കും കള്ളവാര്‍ത്തകള്‍ക്കും പിന്നില്‍ ചുക്കാന്‍ പിടിക്കുന്നത്.

3. എന്തുകൊണ്ട് കൃത്രിമഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ പാടില്ല

എന്തുകൊണ്ടാണ് കൃത്രിമഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ പാടില്ല എന്ന് സഭ പഠിപ്പിക്കുന്നത്? അത് ആത്യന്തികമായി മനുഷ്യന്‍റെ മഹത്വത്തെ (വൗാമി റശഴിശ്യേ) ഇല്ലായ്മ ചെയ്യുന്നു എന്നതിനാലാണ്. ലൈംഗികബന്ധം രണ്ട് വ്യക്തികളുടെ പൂര്‍ണ്ണസമ്മതത്തോടു കൂടിയ ആത്മദാനമാണ്. അതില്‍ അവര്‍ സ്വയം പങ്കുവെക്കുന്നു. പരസ്പരം അറിയുന്നു. ആ അറിവില്‍ ആനന്ദിക്കുന്നു. ആ ആനന്ദത്തിന്‍റെ പൂര്‍ത്തിയാണ്, ആ ബന്ധത്തിലൂടെ അവര്‍ക്ക് ലഭിക്കുന്ന കുഞ്ഞുങ്ങള്‍. എന്നാല്‍, രാസഗുളികകളുടെ ഉപയോഗം, കോണ്ടം, ഗര്‍ഭപാത്രത്തില്‍ വക്കുന്ന ഉപകരണങ്ങള്‍, ശസ്ത്രക്രിയകള്‍ (വന്ധ്യംകരണം) എന്നിവ ലൈംഗികമായി ബന്ധപ്പെടുന്ന രണ്ടു വ്യക്തികളെ ശരീരത്തിന്‍റെ സന്തോഷം മാത്രം തേടുന്നവരാക്കി മാറ്റുന്നു.

Must Read: ‍ കുടുംബങ്ങൾ കൂടുതലായി അനുഗ്രഹിക്കപ്പെടാൻ കൂടുതൽ മക്കളുണ്ടാകണമെന്ന് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ: ഇടയലേഖനത്തിന്റെ പൂര്‍ണ്ണരൂപം

സ്ത്രീയോ പുരുഷനോ ഇവയിലേതെങ്കിലുമൊരു മാര്‍ഗ്ഗം അവലംബിച്ചിട്ടുണ്ടെങ്കില്‍ പങ്കാളിയെ സംബന്ധിച്ചിടത്തോളം അവന്‍/അവള്‍ തന്‍റെ ശരീരത്തെ ആനന്ദിപ്പിക്കുന്ന ഒരു വസ്തു മാത്രമാണ്. സ്വയംദാനത്തിന്‍റെയും പങ്കാളിയെ പൂര്‍ണ്ണമായി സ്വീകരിക്കുന്നതിന്‍റെയും സാഫല്യത്തിലേക്ക് അവര്‍ എത്താതെ പോകുന്നു. സ്ത്രീയാണ് പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങളുടെ ഉപഭോക്താവ് എന്നതിനാല്‍ അവളുടെ ശാരീരികമായ ആരോഗ്യം പോലും നഷ്ടപ്പെടാനും അവള്‍ കേവലം ഭോഗവസ്തു മാത്രമായി മാറ്റപ്പെടാനും സാധ്യത വളരെക്കൂടുതലാണ്. മനുഷ്യമഹത്വം നഷ്ടപ്പെടുത്തിക്കൊണ്ടും സ്ത്രീയെ ഭോഗവസ്തുവാക്കിക്കൊണ്ടും നടപ്പില്‍ വരുന്ന യാതൊരു സംവിധാനത്തോടും സഭയുടെ ധാര്‍മ്മികത സമരസപ്പെടുന്നില്ല.

4. സ്വാഭാവിക ജനനനിയന്ത്രണത്തിന്‍റെ മേന്മകള്‍

തിരുസ്സഭയുടെ പ്രബോധനമനുസരിച്ച് സ്വാഭാവികമായ ജനനനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഈ വിഷയത്തില്‍ അനുവദനീയമായിട്ടുള്ളത്. സ്വയം നിരീക്ഷിച്ച് ശരീരം പ്രത്യുത്പാദനത്തിന് സജ്ജമായിരിക്കുന്ന സമയം തിരിച്ചറിയുകയും ആ സമയത്ത് ലൈംഗികബന്ധം വേണ്ടെന്ന് വെക്കുകയും ചെയ്യുക എന്നതാണ് സ്വാഭാവികജനനനിയന്ത്രണത്തിന് സഭ ഉപദേശിക്കുന്ന ഏകമാര്‍ഗ്ഗം. അത് സ്ത്രീയുടെയും പുരുഷന്‍റെയും മഹത്വത്തിന് ചേര്‍ന്നതാണ്. പരസ്പരമുള്ള അറിവും സ്നേഹവും ഉള്‍ക്കൊള്ളലും ഈ അകന്നുനില്‍ക്കലില്‍ പ്രാവര്‍ത്തികമാകുന്നുണ്ട്. കേവലം ശരീരത്തിന്‍റെ ദാഹം ശമിപ്പിക്കല്‍ മാത്രമല്ല ലൈംഗികത എന്നും അത് പരസ്പരമുള്ള ബഹുമാനവും സ്നേഹവുമാണ് എന്നും ഈ അകന്നുനില്‍ക്കല്‍ അവരെ പഠിപ്പിക്കും. ജീവിതപങ്കാളികള്‍ തമ്മിലുള്ള പരസ്പര ആദരവിന്‍റെയും സ്നേഹത്തിന്‍റെയും അടിസ്ഥാനമായിക്കൂടി ധാരണയോടുകൂടിയ ഈ അകന്നുനില്‍ക്കല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

5. എന്തുകൊണ്ട് എതിര്‍പ്പുകള്‍?

സഭയുടെ പഠനങ്ങളോടും ധാര്‍മ്മിക കാഴ്ചപ്പാടുകളോടും സ്വാഭാവികമായി താത്പര്യമില്ലാത്തവരും തിരുസ്സഭയുടെ ധാര്‍മ്മികജീവിതം വലിയ ഭാരമായി അനുഭവപ്പെടുന്നവരും അതിനെ വിമര്‍ശിക്കുന്നത് സാധാരണമാണ്. എന്നാല്‍ സഭാപഠനങ്ങള്‍ എക്കാലവും ആഴമായ പഠനത്തിന്‍റെയും മനുഷ്യജീവിതത്തോടും അതിന്‍റെ മഹത്വത്തോടുമുള്ള പ്രതിബദ്ധതയുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതാണ്. ആയതിനാല്‍ വൈകാരികമായ പ്രതികരണങ്ങള്‍ അതിന്‍റെ ശോഭ കെടുത്തുകയോ സഭാപ്രബോധനങ്ങളുടെ ആധികാരികതയുടെ മേല്‍ പോറല്‍ പോലും ഏല്‍പ്പിക്കുകയോ ചെയ്യുന്നില്ല.

സമാപനം ‍

സാമൂഹ്യമാധ്യമങ്ങളില്‍ സീറോ മലബാര്‍ കുടുംബ പ്രേഷിതകേന്ദ്രത്തിന്‍റെ സര്‍വ്വേയെ വിമര്‍ശിച്ച് പോസ്റ്റിട്ടയാള്‍ ഇതൊരു സര്‍വ്വേയാണെന്നും ഈ സര്‍വ്വേയില്‍ വ്യക്തിപരമായ വിവരങ്ങള്‍ ചോദിച്ചിട്ടില്ലെന്നും മനസ്സിലാക്കിയില്ല എന്നത് അതിശയകരമാണ്. മാത്രവുമല്ല, ആഴമായ പഠനങ്ങള്‍ നടത്തുന്ന ഇത്തരം സര്‍വ്വേകള്‍ വ്യക്തികളുടെ വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ അവരുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ അന്വേഷിക്കാറും കണ്ടെത്താറുമുണ്ട്. ലോകം മുഴുവനുമുള്ള എല്ലാ ഗവേഷണങ്ങളും മുന്നേറുന്നത് ഈ വിധം തന്നെയാണ്.

സഭ ഈ വിഷയത്തില്‍ ചില അന്വേഷണങ്ങള്‍ നടത്തിയത് പോലും ചിലരെ ചൊടിപ്പിച്ചുവെന്നത് അതിനാല്‍ സംശയകരമാണ്. വ്യക്തിസ്വാതന്ത്ര്യം എന്നത് പരിധികളും ചോദ്യങ്ങളുമില്ലാത്ത ലൈംഗിജീവിതമാണെന്നും ധാര്‍മ്മികത എന്നത് ഓരോരുത്തരുടെയും മനസ്സില്‍ തോന്നുന്ന തികച്ചും ആപേക്ഷികമായ വികാരവിചാരണങ്ങളാണെന്നും കരുതുന്നവര്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ഇത്തരക്കാരുടെ നിലവാരമില്ലാത്തതും വൈകാരികവുമായ പ്രതികരണങ്ങളിലേക്ക് വിശ്വാസികള്‍ ആകൃഷ്ടരാകരുതെന്ന് സൂചിപ്പിക്കുക മാത്രം ചെയ്യുന്നു.


Related Articles »