India - 2024

പാലാ രൂപത കത്തോലിക്ക കോണ്‍ഗ്രസ് ജന്മശതാബ്ദി സമ്മേളനം ഇന്ന്

സ്വന്തം ലേഖകന്‍ 01-05-2018 - Tuesday

പാലാ: കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതിയുടെ നൂറാമതു ജന്മദിനാഘോഷ സമാപന സമ്മേളനം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനപള്ളി അങ്കണത്തില്‍ രൂപതാ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. രൂപത ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ആമുഖപ്രസംഗം നടത്തും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണവും സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ജൂബിലി സന്ദേശപ്രസംഗവും നടത്തും.

സമ്മേളനത്തില്‍ രാമപുരം ഫൊറോനാ വികാരി റവ.ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് സോജു അലക്‌സ്, സഭാതാരം ജോണ്‍ കച്ചിറമറ്റം, ജനറല്‍ സെക്രട്ടറി ഇമ്മാനുവല്‍ നിധീരി, എന്നിവര്‍ പ്രസംഗിക്കും. റബര്‍ കര്‍ഷക അവകാശപ്രഖ്യാപനം, ശതാബ്ദി സുവനീര്‍ പ്രകാശനം, മുന്‍കാല നേതാക്കളെ ആദരിക്കല്‍ എന്നിവ ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി നടത്തും. കാര്‍ഷിക പ്രമേയം സാബു പൂണ്ടിക്കുളവും മതേതരത്വ സംരക്ഷണപ്രമേയം ജോസ് വട്ടുകുളവും അവതരിപ്പിക്കും.

സമ്മേളനത്തിനു മുന്നോടിയായി പാറേമാക്കല്‍ ഗോവര്‍ണദോര്‍ സ്മാരകത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുഷ്പചക്രം സമര്‍പ്പിക്കും. തുടര്‍ന്നു തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ കബറിടത്തില്‍ മണ്‍മറഞ്ഞുപോയ മുന്‍കാല നേതാക്കള്‍ക്കായി പ്രാര്‍ത്ഥനാശുശ്രൂഷയും നടത്തും. ശതാബ്ദി സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ രൂപത പ്രതിനിധി സമ്മേളനം പാലായില്‍ നടത്തിയിരിന്നു.


Related Articles »