India - 2024

ദൈവത്തിന്റെ അവകാശം കവർന്നെടുക്കാൻ മനുഷ്യൻ ശ്രമിക്കുന്നു: മാർ ജോസ് പൊരുന്നേടം

സ്വന്തം ലേഖകന്‍ 02-05-2018 - Wednesday

മാനന്തവാടി: പ്രകൃതിയുടെ തെറ്റും ശരിയും വ്യവസ്ഥയും താളവും ദൈവം നിശ്ചയിച്ചതാണെന്നും ദൈവത്തിന്റെ അവകാശം മനുഷ്യൻ കവർന്നെടുക്കാൻ ശ്രമിക്കുകയാണന്നും മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം. ദ്വാരക പാസ്റ്ററൽ സെന്ററിൽ രൂപതാ ദിനത്തോടനുബന്ധിച്ച് നടന്ന സമൂഹബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദൈവീക അവകാശം മനുഷ്യൻ കവർന്നെടുക്കുമ്പോഴാണ് സമൂഹത്തിൽ തിന്മയും അസമാധാനവും അശാന്തിയും ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റും ശരിയും തീരുമാനിക്കാനുള്ള അവകാശം ദൈവത്തിനാണ്. പ്രകൃതിയുടെ തെറ്റും ശരിയും വ്യവസ്ഥയും താളവും ദൈവം നിശ്ചയിച്ചതാണ്. ഈ നിശ്ചയത്തിനെതിരെ പ്രകൃതി ചൂഷണവും കോൺക്രീറ്റ് കാടുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും രാസ – കീടനാശികളുടെ പ്രയോഗവും തുടങ്ങിയവയെല്ലാം ദൈവത്തിന്റെ അവകാശം കവർന്നെടുത്തതിന് ഉദാഹരണങ്ങളാണ്. ഭൂമി പഴയതുപോലെ ഫലം തരുന്നതാകണമെങ്കിൽ ഈ തിരിച്ചറിവിലൂടെ മനുഷ്യൻ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്നു മാനന്തവാടി രൂപതയിലെ കുടുംബ കൂട്ടായ്മയുടെ ഉദ്ഘാടനം ബിഷപ്പ് നിർവ്വഹിച്ചു. വരും തലമുറയെ വിശ്വാസ ജീവിതത്തിൽ ഉറച്ച് നിൽക്കുന്നതിന് സഹായികളാവുകയെന്ന ദൗത്യമാണ് കുടുംബ കൂട്ടായ്മകളുടെ ഭാരവാഹികൾക്ക് ഉള്ളതെന്നും ഒരു ഇടയ ദൗത്യത്തിലുള്ള പങ്കാളിത്തം സീറോ മലബാർ സഭയിൽ മെത്രാൻ മാർക്കും വൈദികർക്കും ഒപ്പം ഇനി വിശ്വാസികൾക്കും ലഭിക്കുകയാണന്നും ബിഷപ്പ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ചടങ്ങില്‍ സന്നിഹിതനായിരിന്നു.


Related Articles »