India - 2024

'പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി'ക്കു പാലക്കാട് രൂപതയുടെ അംഗീകാരം

സ്വന്തം ലേഖകന്‍ 06-05-2018 - Sunday

പാലക്കാട്: ലോക സുവിശേഷവത്കരണം ലക്ഷ്യം വച്ചുകൊണ്ട് വചനപ്രഘോഷണം നടത്തുന്നതിനും പ്രായശ്ചിത്ത പരിഹാര ജീവിതം നയിക്കുന്നതിനുമായി പയസ് യൂണിയന്‍ സ്ഥാപിക്കാനുള്ള സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെയും ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ബിനോയി കരിമരുതിങ്കലിന്റെയും അപേക്ഷ പാലക്കാട് രൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് അംഗീകരിച്ചു. അപേക്ഷയെക്കുറിച്ച് ആവശ്യമായ അന്വേഷണങ്ങളും ആലോചനകളും പ്രാര്‍ത്ഥനകളും താന്‍ നടത്തിയെന്നും ദൈവാത്മാവാണ് ഇവരെ നയിക്കുന്നതെന്ന് വിവേചിച്ചറിഞ്ഞതിന്‍റെയും ഫലമായാണ് അംഗീകാരം നല്‍കിയതെന്ന് ബിഷപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ 24-ാം തീയതി വി. ഗീവര്‍ഗ്ഗീസിന്‍റെ തിരുന്നാള്‍ ദിനത്തിലാണ് 'പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി' (PDM) എന്ന പേരില്‍ വൈദികരുടെ പയസ് യൂണിയന്‍ തുടങ്ങാന്‍ ബിഷപ്പ് അനുവാദം നല്‍കിയത്. പയസ് യൂണിയന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും അതില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരുടെ പരിശീലന കാര്യങ്ങളില്‍ വേണ്ടവിധം ശ്രദ്ധിക്കുന്നതിനും വേണ്ടി ഫാ. ബിനോയി കരിമരുതിങ്കലിന് പ്രത്യേക ചുമതല ഇതിനായി നല്‍കി. ഫാ. ബിനോയിയുടെ പുതിയ ഉത്തരവാദിത്വത്തിന്റെ പശ്ചാത്തലത്തില്‍ സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്‍റെ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഫാ. ജോസ് ആലയ്ക്കക്കുന്നേലിനെ നിയമിക്കുന്നതായും ബിഷപ്പ് പറഞ്ഞു.

മാര്‍ ജേക്കബ് മനത്തോടത്ത് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍റെ (146) പുര്‍ണ്ണരൂപം

മിശിഹായില്‍ പ്രിയപ്പെട്ടവരെ, നമ്മുടെ രൂപതയില്‍ വൈദികര്‍ക്കായി ഒരു പയസ് യൂണിയന്‍ ആരംഭിച്ച വിവരം നിങ്ങളെ അറിയിക്കട്ടെ. പരിശുദ്ധാത്മാവ് സഭയ്ക്കു നല്‍കുന്ന പുതിയ വരങ്ങളാണ് പയസ് യൂണിയന്‍ പോലുള്ള സമര്‍പ്പണ ജീവിതത്തിന്‍റെ നൂതനരൂപങ്ങള്‍. ആത്മാവ് സഭയ്ക്ക് നല്കുന്ന ദാനങ്ങളെന്ന നിലയില്‍ അവയെ സംരക്ഷിച്ച് വളര്‍ത്തേണ്ടത് രൂപതാദ്ധ്യക്ഷന്‍റെ ചുമതലയാണ്. അവയുടെ അവതാരകരെ രൂപതാദ്ധ്യക്ഷന്‍ന്മാര്‍ സഹായിക്കുകയും ആവശ്യമായ നിയമാവലി വഴി അവരെ സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. പൗരസ്ത്യ കാനന്‍ നിയമമാണ് ഇപ്രകാരം അനുശാസിക്കുന്നത്.

നമ്മുടെ രൂപതയിലെ സെഹിയോന്‍ മിനിസ്ട്രീസിന്‍റെ ഡയറക്ടറായ ബഹു. സേവ്യര്‍ ഖാന്‍ വട്ടായിലച്ചനും, സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്‍റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കല്‍ അച്ചനും ലോക സുവിശേഷവത്കരണം ലക്ഷ്യം വച്ചുകൊണ്ട് സംഘാതമായി വചനപ്രഘോഷണം നടത്തുന്നതിനും പ്രായ്ശ്ചിത്ത പരിഹാര ജീവിതം നയിക്കുന്നതിനുമായി ഒരു പയസ് യൂണിയന്‍ സ്ഥാപിക്കാനുള്ള പ്രചോദനം വര്‍ഷങ്ങളായി ലഭിച്ചുകൊണ്ടിരുന്നു. അതിനുള്ള അനുവാദത്തിനായി അവര്‍ എന്നെ പല പ്രാവശ്യം സമീപിക്കുകയും ചെയ്തിരുന്നു. ഇതേപ്പറ്റി അവശ്യമായ അന്വേഷണങ്ങളും ആലോചനകളും പ്രാര്‍ത്ഥനകളും ഞാന്‍ നടത്തി.

ദൈവാത്മാവാണ് ഇവരെ നയിക്കുന്നതെന്ന് വിവേചിച്ചറിഞ്ഞതിന്‍റെ ഫലമായി മേല്പറഞ്ഞ ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനായി വൈദികരുടെ ഒരു പയസ് യൂണിയന്‍ സ്ഥാപിച്ചുകിട്ടാനുള്ള അവരുടെ അപേക്ഷ സ്വീകരിച്ച് 2018 ഏപ്രില്‍ 24-ാം തീയതി വി. ഗീവര്‍ഗ്ഗീസിന്‍റെ തിരുന്നാള്‍ ദിനത്തില്‍ നിലവില്‍ വരുന്ന വിധം 'പ്രീച്ചേര്‍ഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി' (PDM) എന്ന പേരില്‍ വൈദികരുടെ ഒരു പയസ് യൂണിയന്‍ ഞാന്‍ ആരംഭിച്ചു. ഇതിന്‍റെ സ്ഥാപകന്‍ ബഹു. സേവ്യര്‍ ഖാന്‍ വട്ടായിലച്ചനും, ബഹു. ബിനോയി കരിമരുതിങ്കല്‍ അച്ചനുമാണ്. ഈ പയസ് യൂണിയന്‍ വളര്‍ന്ന് സ്വയാധികാര ആശ്രമമായി അംഗീകരിക്കപ്പെടുന്നതുവരെ അവര്‍ ഇരുവരും പാലക്കാട് രൂപതാ വൈദികരായി തുടരും.

ആശ്രമമായി കഴിഞ്ഞാലും രണ്ട് അച്ചന്മാരും രൂപതാദ്ധ്യക്ഷന്‍ ആവശ്യപ്പെടുന്നിടത്തോളം കാലം സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷ തുടര്‍ന്നും നിര്‍വ്വഹിക്കുന്നതായിരിക്കും. സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്‍റെ ഭൂപരിധിക്ക് പുറത്ത് എവിടെയെങ്കിലും സ്ഥലം കണ്ടെത്തി ഭവനം പണിത് പയസ് യൂണിയന്‍റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് രണ്ട് അച്ചന്മാര്‍ക്കും നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. രൂപാദ്ധ്യക്ഷന്‍ ആവശ്യപ്പെടുന്നിടത്തോളം കാലം ബഹു. വട്ടായിലച്ചന്‍ സെഹിയോന്‍ മിനിസ്ട്രീസിന്‍റെ ഡയറക്ടറായി തുടരുന്നതാണ്.

പയസ് യൂണിയന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും അതില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്ന അര്‍ത്ഥികളുടെ പരിശീലനകാര്യങ്ങളില്‍ വേണ്ടവിധം ശ്രദ്ധിക്കുന്നതിനും സൗകര്യം ലഭിക്കുന്നതിനുവേണ്ടി വേണ്ടി ബഹു. ബിനോയി കരിമരുതിങ്കല്‍ അച്ചനെ സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്‍റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. പകരം ധ്യാന കേന്ദ്രത്തിന്‍റെ ഡയറക്ടറായ് ബഹു. ജോസ് ആലയ്ക്കക്കുന്നേല്‍ അച്ചനെയാണ് നിയമിച്ചിരിക്കുന്നത്. ബഹു. ബിനോയി കരിമരുതിങ്കല്‍ അച്ചന്‍ സാധിക്കുന്നവിധം ധ്യാനശുശ്രൂഷകളില്‍ സഹായിക്കുന്നതും ബഹു. അച്ചന്മാരുടെയും സിസ്റ്റേഴ്സിന്‍റെയും ധ്യാനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതുമാണ്. പുതിയ പയസ് യൂണിയനെ ദൈവം അനുഗ്രഹിക്കട്ടെ.

ദൈവരാജ്യ വ്യാപനത്തിനുള്ള ശക്തമായ ഉപകരണമായി ദൈവം അതിനെ വളര്‍ത്തട്ടെ. മെയ്മാസ റാണിയായ പരി. മറിയത്തിന്‍റെ പ്രാര്‍ത്ഥനാ സഹായം നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.

യേശുവില്‍ നിങ്ങളുടെ വത്സലപിതാവ് ; മാര്‍ ജേക്കബ് മനത്തോടത്ത്, പാലക്കാട് രൂപതയുടെ മെത്രാന്‍.


Related Articles »