India - 2024
കാഞ്ഞിരപ്പള്ളി രൂപതാദിനാഘോഷം നാളെ
സ്വന്തം ലേഖകന്‍ 11-05-2018 - Friday
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാദിനാഘോഷ പരിപാടികള്‍ കുട്ടിക്കാനം മരിയന്‍ കോളജില്‍ നാളെ നടക്കും. രാവിലെ 10ന് രജിസ്‌ട്രേഷന്‍. യാമപ്രാര്‍ത്ഥനയ്ക്കു സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ നേതൃത്വം നല്‍കും. വികാരി ജനറാള്‍ ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍ സ്വാഗതം ആശംസിക്കും. രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി 'ക്രൈസ്തവ സാക്ഷ്യവും ജീവിതവും' എന്ന വിഷയത്തെ അധികരിച്ചു മുഖ്യപ്രഭാഷണം നടത്തും.
രൂപതയിലെ യുവജനങ്ങളുടെ പ്രതിനിധികളായി 300 പേര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. ഇന്ററാക്ടീവ് സെഷനില്‍ മാര്‍ ജോസഫ് പാംബ്ലാനി യുവജനങ്ങളുമായി സംവദിക്കും. വികാരി ജനറാള്‍ ഫാ.കുര്യന്‍ താമരശേരി മോഡറേറ്ററാകും. 'സഭയുടെ പ്രതീക്ഷ യുവജനങ്ങള്‍' എന്ന ആപ്തവാക്യത്തെ ആസ്പദമാക്കി, യുവജന കണ്‍വന്‍ഷന്റെ ലോഗോ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പ്രകാശനംചെയ്യും. ഉച്ചയ്ക്ക് 12.45നു നടക്കുന്ന സമാപന സമ്മേളനത്തില്‍ സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സമാപന സന്ദേശം നല്‍കും. മാതൃവേദി രൂപത സെക്രട്ടറി ജിജി പുളിയംകുന്നേല്‍ കൃതജ്ഞത പറയും. രൂപത എസ്എംവൈഎം ഗായകസംഘത്തിന്റെ പാപ്പാഗാനത്തോടു കൂടിയാണ് സമ്മേളനം അവസാനിക്കുക.