Social Media - 2019

വിലയിട്ട് വില്‍ക്കുന്ന വിശ്വാസം; വിമത ചിന്തകള്‍ക്ക് ഒരുത്തരം

ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ 11-05-2018 - Friday

ക്രിസ്തീയതയും ക്രിസ്തീയ ആചാരങ്ങളും വിമര്‍ശിക്കപ്പെടുകയും ക്രൈസ്തവ പൗരോഹിത്യം അവഹേളിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിലൂടെ കടന്നുപോവുകയാണ് നമ്മള്‍. പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നതെന്തൊക്കെയാണ് എന്ന് പരിശോധിച്ചാല്‍ അതില്‍ വിശ്വാസവിഷയങ്ങളുണ്ട്, വിശുദ്ധഗ്രന്ഥമായ ബൈബിളുണ്ട്, ബൈബിളിലെ വിവരണങ്ങളും വിശദീകരണങ്ങളുമുണ്ട്, കൂദാശകളുണ്ട്, കൂദാശാനുകരണങ്ങളുണ്ട്, പാരന്പര്യങ്ങളുടെ ഭാഗമായി നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ചിലപ്പോഴെങ്കിലും സാമൂഹ്യമാധ്യമങ്ങളിലെ ക്രൈസ്തവവിരുദ്ധമായ വാര്‍ത്തകളും പോസ്റ്റുകളും വിശകലനങ്ങളും കാണുന്പോള്‍ ലോകത്തില്‍ ക്രിസ്തുവിന്‍റേതല്ലാത്ത ഒരു ജീവിതശൈലിയില്ലെന്നും പൗരോഹിത്യമല്ലാതെ മറ്റൊന്നും നിലനില്‍ക്കുന്നില്ലെന്നും തോന്നിപ്പോകും. ആക്ഷേപങ്ങളുടെയും അവഹേളനങ്ങളുടെയും ഉള്ളുപരിശോധിക്കുന്പോള്‍ ഇവയൊക്കെയും പുറപ്പെടുന്നത് വിശ്വാസികളില്‍ നിന്നല്ല എന്ന് തിരിച്ചറിയുന്നുമുണ്ട്.

വിമര്‍ശകര്‍ വിശ്വാസികളല്ല

ക്രൈസ്തവവിശ്വാസത്തെ അധിക്ഷേപിക്കുന്നവരില്‍ ഭൂരിഭാഗവും ക്രൈസ്തവനാമധാരികളാണെങ്കിലും അവര്‍ പേരുകൊണ്ടുമാത്രം ക്രൈസ്തവരായവരാണ് (നാമമാത്രക്രിസ്ത്യാനികള്‍). അവരില്‍ പലരും നിരീശ്വരവാദികളോ യുക്തിവാദികളോ ആണ്. ചിലരെങ്കിലും ക്രിസ്തീയവിശ്വാസം ജീവിക്കുന്നവരില്‍ നിന്ന് (അല്മായര്‍, വൈദികര്‍, മെത്രാന്മാര്‍) ഏതെങ്കിലും കാരണങ്ങളാല്‍ മുറിവേറ്റവരാണ്. ചിലര്‍ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആത്മീയതക്ക് അര്‍ത്ഥമില്ലെന്ന് കരുതുന്നവരാണ്. ചിലര്‍ പകയും വെറുപ്പും വൈരാഗ്യവും കഠിനമായ വിദ്വേഷവും ഉള്ളില്‍ സൂക്ഷിക്കുന്നവരാണ്. ചിലര്‍ അധികാരമോഹികളാണ്. ചിലര്‍ ആഴമില്ലാത്ത തിരുത്തല്‍വാദികളാണ്. ചിലര്‍ക്ക് എല്ലാം തമാശയും നേരമ്പോക്കുമാണ് - മാന്യമായി ജീവിക്കുന്നവരെ പരിഹസിക്കുന്നതിലൂടെ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രമിക്കുന്നവരാണ്. ചിലര്‍ കോര്‍പ്പറേറ്റുകളുടെ കൂലിക്കാരാണ്.

അങ്ങനെ പോകുന്നു വിമര്‍ശകരുടെ ഗണത്തെ തരംതിരിച്ചെഴുതുന്ന ലിസ്റ്റ്. ഇവരില്‍ പലരും വിശ്വാസികളുടെ ശബ്ദമെന്നും വിശ്വാസികളുടെ അഭിപ്രായമെന്നും വിശ്വാസികളുടെ ആവശ്യമെന്നുമൊക്കെ എഴുതുകയും പറയുകയും ചെയ്യാറുണ്ട്. വിശ്വാസത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ക്രൈസ്തവവിശ്വാസത്തെയും അതിന്‍റെ അനുഷ്ഠാനങ്ങളെയും വിമര്‍ശിക്കാന്‍ ആര്‍ക്കാണ് സാധിക്കുക എന്ന് പരിശോധിക്കുന്നത് നല്ലതാണ്.

എന്താണ് ക്രൈസ്തവവിശ്വാസം?

സര്‍വ്വപ്രപഞ്ചത്തെയും സൃഷ്ടിച്ച ദൈവമാണ് മനുഷ്യനായ എന്നെയും സൃഷ്ടിച്ചത് എന്നും എന്‍റെ പാപജീവിതത്തില്‍ നിന്ന് എന്നെ വീണ്ടെടുക്കാനായി ദൈവം മനുഷ്യാവതാരം ചെയ്തുവെന്നും (ഈശോ) ആ രക്ഷയുടെ സുവിശേഷം ലോകാവസാനം വരെ പകര്‍ന്നുകൊടുക്കാനായി അവിടുന്ന് തിരുസ്സഭയെ സ്ഥാപിച്ചുവെന്നും ചുരുക്കത്തില്‍ ക്രൈസ്തവവിശ്വാസത്തെ സംഗ്രഹിക്കാം (കൂടുതല്‍ സമഗ്രമായ നിര്‍വ്വചനം സാധ്യമാണ്). ഈ വിശ്വാസത്തെ ഉള്‍ക്കൊള്ളുന്നവനാണ് ക്രൈസ്തവന്‍. അവന്‍ ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്പോള്‍ ക്രിസ്തുവിന്‍റെ വാക്കുകളിലും രക്ഷാകരപ്രവര്‍ത്തിയിലുമാണ് വിശ്വസിക്കുന്നത്. അവിടുന്ന് സ്ഥാപിച്ച സഭയിലും സഭയിലൂടെ കരഗതമാവുകുയം തുടരുകയും ചെയ്യുന്ന രക്ഷയിലുമാണ് അവന്‍ ആശ്രയം വെക്കുന്നത്.

വിശ്വാസത്തില്‍ നിന്ന് ഭക്തി ജനിക്കുന്നു

ഈ അടിസ്ഥാനപരമായ ക്രൈസ്തവവിശ്വാസത്തിന്‍റെ/ബോദ്ധ്യത്തിന്‍റെ നിറവിനെയാണ് ഭക്തി എന്ന് വിളിക്കുന്നത്. വിശ്വാസം ആഴപ്പെട്ടവന് ദൈവത്തോടുള്ള വികാരമാണത് എന്ന് വേണമെങ്കില്‍ പറയാം. എന്‍റെ സൃഷ്ടാവും കര്‍ത്താവും രക്ഷകനുമായ ദൈവത്തിലുള്ള വിശ്വാസത്തില്‍ നിന്ന് ജനിക്കുന്ന ആദരവും സ്നേഹവും ഭക്തിയെന്ന വികാരമായിപ്പരിണമിക്കുന്നു.

ഭക്തിയുടെ പ്രകടനമാണ് അനുഷ്ഠാനങ്ങള്‍

വിശ്വാസത്തില്‍ നിന്ന് ജനിക്കുന്നതാണ് ഭക്തിയെങ്കില്‍ ഭക്തിയുടെ പ്രകടനമാണ് അനുഷ്ഠാനങ്ങളും ആചാരങ്ങളും. അത് പലവിധത്തിലാകാം. പാരന്പര്യങ്ങളുടെ ഭാഗമായി സ്ഥാപിതമായിപ്പോയ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാ മതങ്ങളിലുമുണ്ട്. ചിലപ്പോള്‍ തികച്ചും നൂതനമായ ഭക്തിപ്രകടനങ്ങള്‍ക്കും വിശ്വാസത്തിന്‍റെ ലോകം സാക്ഷ്യം വഹിക്കാറുണ്ട്. എന്നാല്‍ മനസ്സിലാക്കേണ്ട വസ്തുത, അനുഷ്ഠാനങ്ങളും ആചാരങ്ങളും അര്‍ത്ഥവത്താകുന്നത് വിശ്വാസിയുടെ ഭക്തിക്കു മുന്പില്‍ മാത്രമാണ്. വിശ്വാസമില്ലാത്തവനും അല്പവിശ്വാസിയും അന്ധവിശ്വാസിയും യുക്തിവാദിയും നിരീശ്വരവാദിയുമെല്ലാം ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും നോക്കുന്പോള്‍ അവക്ക് യാതൊരര്‍ത്ഥവും കാണാന്‍ അവര്‍ക്ക് കഴിയുകയില്ല. വിശ്വാസിയുടെ കാഴ്ചയിലാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും അര്‍ത്ഥവത്തായ പ്രവൃത്തിയായിത്തീരുന്നത്.

വിശ്വാസവിമര്‍ശനം - അനുഭവത്തില്‍ വരാത്തതിനോടുള്ള ആക്രമണം

ആത്മീയമാര്‍ഗ്ഗങ്ങളോട് പലവിധ കാരണങ്ങളാല്‍ അകലം പാലിക്കുന്നവരും അതിനോട് താത്പര്യമില്ലാത്തവരുമായ നിരവധിപേര്‍ വിശ്വാസത്തിന്‍റെ ഭാഗമായ ആചാരാനുഷ്ഠാനങ്ങളെ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നതിന്‍റെ കാരണം അവയൊന്നും തന്നെ അവരുടെ അനുഭവത്തിന്‍റെ പരിധിയിലേക്ക് കടന്നുവരുന്നില്ല എന്നതാണ്. തങ്ങള്‍ക്ക് അനുഭവവേദ്യമാകാത്തതും തങ്ങളുടെ യുക്തിക്ക് വഴങ്ങാത്തതും തെറ്റും വ്യാജവും കെട്ടിച്ചമച്ചതുമാണ് എന്ന് സ്ഥാപിച്ചെടുക്കാനുള്ള അല്പബുദ്ധിയുടെയും ആഴമില്ലാത്ത ചിന്തയുടെയും ബാഹ്യപ്രകടനമാണ് നാം കാണുന്ന വിമര്‍ശനങ്ങളും ആക്ഷേപങ്ങളും. ഒപ്പം തിക്താനുഭവങ്ങളുടെ കയ്പും വെറുപ്പും ഇടകലരുന്ന രൂക്ഷമായ ആക്രമണങ്ങളും ഒറ്റപ്പെട്ടവയല്ല എന്ന് നമ്മള്‍ തിരിച്ചറിയുന്നുണ്ട്.

വിശ്വാസത്തിന് വിലയിടാമോ? വിലയിട്ട് വില്‍ക്കുന്നത് എന്താണ്?

ദൈവവുമായുള്ള ബന്ധത്തിന് വിലയിടാന്‍ ആര്‍ക്കുമാവില്ല. വിശ്വാസം വിലകൊടുത്ത് വാങ്ങാനുമാവില്ല. പണം നല്കിയതുകൊണ്ട് ആരുടെയും വിശ്വാസം വര്‍ദ്ധിപ്പിക്കാനാവില്ല. പണം നല്കാത്തതുകൊണ്ട് ആരുടെയും വിശ്വാസം ഇല്ലാതാക്കാനുമാവില്ല. എന്നാല്‍ ദൈവത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിന് വിശ്വാസി പണം മുടക്കിത്തന്നെ ആചാരാനുഷ്ഠാനങ്ങള്‍ നടത്തും. ദൈവവിശ്വാസമില്ലാത്തവന് പാഴ്ചെലവായിത്തോന്നുന്ന ഇത്തരം കാര്യങ്ങളില്‍ മതനേതൃത്വം സാധാരണഗതിയില്‍ ചില ചിട്ടകളും ക്രമങ്ങളും കൊണ്ടുവരിക പതിവാണ്.

Must Read: ‍ പൊതുകല്ലറയും കുടുംബകല്ലറയും പിന്നെ സോഷ്യല്‍ മീഡിയായും

ക്രൈസ്തവദേവാലയങ്ങളില്‍ മാത്രമല്ല ഇത്തരം ചിട്ടക്രമങ്ങള്‍ കാണാനാകുന്നത്. ദൈവവിശ്വാസവുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും പരന്പരാഗതമായി നിലവിലിരിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് അവയുടെ ചിലവിനനുസരിച്ചും കാലത്തിനനുസരിച്ചും പണം ഈടാക്കാറുണ്ട് എന്നത് വസ്തുതയാണ്.

പണം മുടക്കിയില്ലെങ്കില്‍ ?

ദൈവവിശ്വാസവും പണവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതുതന്നെയാണ് സത്യം. പണം മുടക്കി കുര്‍ബാന ചൊല്ലിക്കാതിരുന്നാലോ നൊവേനകളോ ലദീഞ്ഞോ ഏറ്റുനടത്താതിരുന്നാലോ, അന്പും വെടിയും പൂമാലയുമൊന്നും കാശുമുടക്കി ദൈവത്തിന് നല്കാതിരുന്നാലോ ഒന്നും ഒരുവിശ്വാസിയും ദൈവത്തിന് അനഭിമതനാകുന്നില്ല. അവന്‍റെ ആത്മീയതക്കോ ദൈവവുമായുള്ള ബന്ധത്തിനോ യാതൊരു കോട്ടവും സംഭവിക്കാനും പോകുന്നില്ല.

പിന്നെന്തിന് പണം മുടക്കിയുള്ള ആചാരാനുഷ്ഠാനങ്ങള്‍?

ഇന്ദ്രിയബദ്ധമാണ് മനുഷ്യജീവിതം. മനുഷ്യന്‍ അറിയുന്നതും ആസ്വദിക്കുന്നതും ആനന്ദിക്കുന്നതും ഇന്ദ്രിയങ്ങളിലൂടെയാണ്. ഇന്ദ്രിയാതീതമായി നില്‍ക്കുന്ന ദൈവത്തെ അകക്കണ്ണിലൂടെ മനസ്സിലാക്കാനും സ്വീകരിക്കാനും അംഗീകരിക്കാനും ആരാധിക്കാനും കഴിയുന്നവര്‍ തുലോം തുച്ഛമാണ്. മിസ്റ്റിക്കുകളുടെയൊക്കെ തലമാണത്. അവിടേക്കെത്താന്‍ മാത്രം പ്രാപ്തിയും പാകതയുമില്ലാത്ത പാവം മനുഷ്യര്‍ തങ്ങളുടെ ഇന്ദ്രിയങ്ങള്‍ക്ക് വിധേയവും ജീവിതത്തില്‍ പ്രായോഗികവുമായ മാര്‍ഗ്ഗങ്ങളിലൂടെ തങ്ങള്‍ അറിയുന്ന ദൈവത്തെ ആരാധിക്കാനുള്ള രീതികള്‍ തിരയും. അതിനാവശ്യമായ തുകകള്‍ ചിലവഴിക്കാനും അവര്‍ക്ക് മടിയില്ല. ആചാരാനുഷ്ഠാനങ്ങളിലൂടെ ദൈവാരാധന നടത്തുന്നവര്‍ തങ്ങളുടെ ആത്മസമര്‍പ്പണത്തിന്‍റെയും തങ്ങളുടെ എല്ലാ ഭൗതികസന്പത്തും ദൈവത്തിന് നല്‍ക്കുന്നതിന്‍റെയുമെല്ലാം അടയാളാവിഷ്കാരം അതിനുവേണ്ടി ചിലവഴിക്കുന്ന പണത്തിലൂടെ പൂര്‍ത്തിയാക്കുന്നുണ്ട്.

സമാപനം

വിശ്വാസം കച്ചവടവസ്തുവാണെന്നത് കച്ചവടക്കാരന്‍റെ കണ്ണുള്ള അവിശ്വാസിയുടെ കണ്ടെത്തലാണ്. ദൈവാരാധനക്ക് പണം നല്കുന്നത് വിശ്വാസമുള്ളവന് വേദനാജനകമല്ല, അഭിമാനമാണ്. അല്പവിശ്വാസിയും അവിശ്വാസിയും സാന്പത്തികനഷ്ടത്തെക്കുറിച്ച് വേദനിക്കുന്പോള്‍ വിശ്വാസി സന്പത്തിനേക്കാള്‍ വലിയ നേട്ടത്തില്‍ ആനന്ദിക്കുകയാണ് ചെയ്യുന്നത്. ഇത്തിരിക്കാശിന്‍റെ നഷ്ടചിന്തയിലും നാണയത്തുട്ടിന്‍റെ കിലുക്കത്തിലും വിശ്വാസത്തിന്‍റെ താളം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ എണ്ണത്തില്‍ കൂടുന്നു എന്നത് ആശങ്കാജനകമാണ്.


Related Articles »