India

സഭയുടെ പ്രബോധനങ്ങള്‍ പ്രാവര്‍ത്തികമാക്കി നീതിബോധത്തോടെ പ്രവര്‍ത്തിക്കണം: മാര്‍ ജോസഫ് പെരുന്തോട്ടം

സ്വന്തം ലേഖകന്‍ 12-05-2018 - Saturday

ചങ്ങനാശേരി: സഭയുടെ പ്രബോധനങ്ങള്‍ പ്രാവര്‍ത്തികമാക്കി നീതിബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും സാമൂഹിക പ്രതിബദ്ധതയോടെ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസിനു കഴിയണമെന്നും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. കത്തോലിക്ക കോണ്‍ഗ്രസ് ശതാബ്ദിയോടനുബന്ധിച്ച് 13ന് തൃശൂരില്‍ നടക്കുന്ന ഗ്ലോബല്‍ സംഗമ വേദിയിലേക്കു ചങ്ങനാശേരി അതിരൂപതയുടെയും പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച ഛായാചിത്ര പ്രയാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയിലെ കബറിടത്തില്‍ നിന്നാണ് പ്രയാണത്തിനു തുടക്കമായത്. മതന്യൂനപക്ഷമെന്ന നിലയില്‍ ക്രൈസ്തവ സമൂഹത്തിനു നിരവധി പരിമിതികള്‍ ഉണ്ടെങ്കിലും സ്വത്വബോധം നഷ്ടപ്പെടാതെ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു.

പ്രയാണ ക്യാപ്റ്റന്മാരായ രാജേഷ് ജോണ്‍, ജോയ് കെ. മാത്യു, ജയിംസ് പെരുമാതുരുത്തി എന്നിവര്‍ പതാക ഏറ്റുവാങ്ങി. മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. കുര്യന്‍ പുത്തന്‍പുര, അതിരൂപതാ ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് സാജു അലക്‌സ്, ഗ്ലോബല്‍ സമിതി അംഗം പി.പി. ജോസഫ്, ജോമി കൊച്ചുപറന്പില്‍, സിബി മുക്കാടന്‍, സൈബി അക്കര, ടോം കയ്യാലകം, ജോസ് വെങ്ങാന്തറ, ജോര്‍ജ് വര്‍ക്കി, പി.സി. കുഞ്ഞപ്പന്‍, ബാബു വള്ളപ്പുര തുടങ്ങീ നിരവധി പേര്‍ പ്രസംഗിച്ചു.


Related Articles »