India - 2024

കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദി ആഘോഷ സമുദായ മഹാസംഗമവും റാലിയും ഇന്ന്

സ്വന്തം ലേഖകന്‍ 13-05-2018 - Sunday

തൃശൂര്‍: 'മതേതരത്വം രാഷ്ട്ര പുരോഗതിക്ക്' എന്ന മുദ്രാവാക്യവുമായി കത്തോലിക്കാ കോണ്‍ഗ്രസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള സമുദായ മഹാസംഗമവും റാലിയും ഇന്നു തൃശൂരില്‍ നടക്കും. ഉച്ചകഴിഞ്ഞു 3.30 നു തൃശൂര്‍ പാലസ് ഗ്രൗണ്ടില്‍നിന്ന് സമ്മേളന നഗരിയായ മാര്‍ ജോസഫ് കുണ്ടുകുളം നഗറിലേക്കു (ശക്തന്‍നഗര്‍) നടക്കുന്ന മഹാസംഗമ റാലിയില്‍ വിവിധ രൂപതകളില്‍നിന്നായി ലക്ഷം പേര്‍ പങ്കെടുക്കും. സമുദായ മഹാസംഗമം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വെള്ളിയാഴ്ച ആരംഭിച്ച ഛായാചിത്ര പ്രയാണങ്ങള്‍ ഇന്നലെ വൈകുന്നേരം തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയിലെത്തി. തുടര്‍ന്ന് ശക്തന്‍നഗറിലെ സമ്മേളനനഗരിയിലെത്തിയ ഛായാചിത്രങ്ങള്‍ ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍ സ്വീകരിച്ചു. റാലി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഫ്‌ളാഗ് ഓഫ് ചെയ്യും. സമുദായ മഹാസംഗമത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ശതാബ്ദി സന്ദേശം നല്‍കും.

കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും. ശതാബ്ദി സ്മരണിക സീറോ മലബാര്‍ സഭാ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പ്രകാശനം ചെയ്യും. നൂറു ഭവനരഹിതര്‍ക്കുള്ള ഭൂദാന പദ്ധതിയുടെ സമര്‍പ്പണം ഡയറക്ടര്‍ ഫാ. ജിയോ കടവിയും 100 മിഷന്‍ കേന്ദ്രങ്ങളിലെ പ്രേഷിതപ്രവര്‍ത്തന പ്രഖ്യാപനം തൃശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂരും നിര്‍വഹിക്കും.

ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, വൈസ് പ്രസിഡന്റ് സെലിന്‍ സിജോ, കെ.സി.എഫ് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കോയിക്കര, സെക്രട്ടറി ഡോ. മേരി റെജീന, തൃശൂര്‍ അതിരൂപത പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാന്‍സിസ്, ബിജു കുണ്ടുകുളം എന്നിവര്‍ പ്രസംഗിക്കും. നാളെ തൃശൂര്‍ ഡിബിസിഎല്‍സിയില്‍ കേന്ദ്ര പ്രതിനിധിസമ്മേളനം നടക്കും. 35 സീറോ മലബാര്‍ രൂപതകളിലെ തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.


Related Articles »