India - 2024

ഐക്യത്തിന്റെ പ്രഘോഷണമായി കത്തോലിക്ക കോണ്‍ഗ്രസ് സമുദായ റാലി

സ്വന്തം ലേഖകന്‍ 14-05-2018 - Monday

തൃശൂര്‍: സംസ്ഥാനത്തെ വിവിധ രൂപതകളില്‍നിന്നും തൃശൂര്‍ രൂപതയിലെ എല്ലാ ഇടവകകളില്‍നിന്നും എത്തിയ ഒരു ലക്ഷത്തോളം വിശ്വാസികള്‍ അണിചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസ് സമുദായ മഹാസംഗമം ഐക്യത്തിന്റെ പ്രഘോഷണമായി. ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും, കത്തോലിക്കാ കോണ്‍ഗ്രസിന്റെയും സമുദായ പ്രസ്ഥാനങ്ങളുടെയും നേതാക്കളുമാണു റാലി നയിച്ചത്. നേതൃനിരയ്ക്കു പിറകിലായി യൂണിഫോമണിഞ്ഞ അയ്യായിരത്തോളം യുവജനങ്ങള്‍ ചിട്ടയോടെ നിരന്നു. ബാന്‍ഡ് വാദ്യത്തിനു പിറകിലായി രൂപതകളുടെ ബാനറുകളുമായി പ്രതിനിധികള്‍ വെള്ളയും മഞ്ഞയും കലര്‍ന്ന പേപ്പല്‍ പതാകകളുമേന്തി അണിചേര്‍ന്നു. കൂട്ടായ്മയുടെയും വിശ്വാസതീഷ്ണതയുടെയും മുദ്രാവാക്യങ്ങള്‍ മുഴക്കിയാണു റാലി മുന്നേറിയത്.

തൃശൂര്‍ പാലസ് ഗ്രൗണ്ട് റോഡില്‍നിന്നു നാലോടെ ആരംഭിച്ച റാലിയുടെ മുന്‍നിര അഞ്ചോടെ സമ്മേളനനഗരിയായ മാര്‍ ജോസഫ് കുണ്ടുകുളം നഗറില്‍ (ശക്തന്‍ നഗര്‍) എത്തി. ശതാബ്ദി സമ്മേളന നഗരിയില്‍ മുന്‍നിരയെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പിന്‍നിരയെത്തിയത്. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം പതാക ഏറ്റുവാങ്ങി. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട്, ഹൊസൂര്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പോഴോലിപ്പറമ്പില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, അലാഹാബാദ് ബിഷപ്പ് മാര്‍ റാഫി മഞ്ഞളി, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ റാലിയെ നയിച്ചു.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, തൃശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സംസ്ഥാന ഭാരവാഹികള്‍, രൂപത പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന പൊതുസമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസിന്റെ ശതാബ്ദി സമ്മേളനം ഒരു നിമിത്തമാണെന്നും സഭ വേദനിക്കുന്‌പോള്‍ ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് ഈ റാലിയിലൂടെയും സമ്മേളനത്തിലൂടെയും നാം ലോകത്തിനു മുന്നില്‍ എത്തിച്ചതെന്നും തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സംഗമത്തില്‍ പറഞ്ഞു.


Related Articles »