India

സഭാസമൂഹം ഒറ്റക്കെട്ടായി മുന്നേറണം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 14-05-2018 - Monday

തൃശൂര്‍: സഭാസമൂഹം കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി മുന്നേറണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച സമുദായ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവികാരങ്ങളെ ഇളക്കിവിട്ട് സമൂഹത്തില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്നും ഭാരതത്തിന്റെ അടിസ്ഥാന പ്രമാണമായ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

കത്തോലിക്കാ സമൂഹം പ്രത്യേക ശ്രദ്ധചെലുത്തുന്ന മേഖലകളാണു വിദ്യാഭ്യാസം, രോഗീശുശ്രൂഷ, സാമൂഹ്യസേവനം, കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ. ക്രിസ്തുവിന്റെ പ്രബോധനങ്ങളെ ആധാരമാക്കിയാണ് സഭ ഈ ശുശ്രൂഷകള്‍ ചെയ്യുന്നത്. വിദ്യാഭ്യാസം ബൗദ്ധികമായ സ്‌നേഹശുശ്രൂഷയാണ്. രോഗികള്‍ക്കു സൗഖ്യമേകുന്നതും ഭക്ഷണം ഇല്ലാത്തവനു ഭക്ഷണം നല്‍കുന്നതുമെല്ലാം ക്രിസ്തുവിന്റെ പ്രബോധനങ്ങളുടെ ഭാഗമായാണു സഭ നിര്‍വഹിക്കുന്നത്. ഈ മേഖലകളില്‍ സര്‍ക്കാരിന്റെ ന്യായമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കാനാണു സഭ ആഗ്രഹിക്കുന്നത്. അതിനുവേണ്ട പിന്തുണയും പ്രോല്‍സാഹനവും സര്‍ക്കാര്‍ ലഭ്യമാക്കണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉദ്‌ബോധിപ്പിച്ചു.

സമുദായ മഹാസംഗമത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ശതാബ്ദി സന്ദേശം നല്‍കി. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആമുഖ സന്ദേശം നല്‍കി. ശതാബ്ദി സ്മരണിക സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പ്രകാശനംചെയ്തു. ആദ്യകോപ്പി കോതമംഗലം രൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഏറ്റുവാങ്ങി.

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ റാഫി മഞ്ഞളി, മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറന്പില്‍, മാര്‍ ടോണി നീലങ്കാവില്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. നൂറു ഭവനരഹിതര്‍ക്കുള്ള ഭൂദാന പദ്ധതിയുടെ സമര്‍പ്പണം ഡയറക്ടര്‍ ഫാ. ജിയോ കടവി നിര്‍വഹിച്ചു. 100 മിഷന്‍ കേന്ദ്രങ്ങളിലെ പ്രേഷിതപ്രവര്‍ത്തന പ്രഖ്യാപനം തൃശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍ നിര്‍വഹിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, ഫാമിലി ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ജോസ് വിതയത്തില്‍, മാതൃവേദി പ്രസിഡന്റ് ഡോ.റീത്താമ്മ ജയിംസ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അരുണ്‍ ഡേവിസ്, ഡേവിസ് എടക്കളത്തൂര്‍, ഷെവ.ഡോ.മോഹന്‍ തോമസ്, പ്രസിപിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോസ് കോനിക്കര, വൈസ് പ്രസിഡന്റ് സെലിന്‍ സിജോ തുടങ്ങീ നിരവധി പേര്‍ പ്രസംഗിച്ചു. ഇന്നു തൃശൂര്‍ ഡിബിസിഎല്‍സിയില്‍ കേന്ദ്ര പ്രതിനിധി സമ്മേളത്തില്‍ 35 സീറോ മലബാര്‍ രൂപതകളിലെ തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.


Related Articles »