India - 2024

കാര്‍ഡിനല്‍ നഗറിലെ ഭൂമിയുടെ ക്രയവിക്രയം: വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഫാ. ജിമ്മി പൂച്ചക്കാട്ട്

സ്വന്തം ലേഖകന്‍ 14-05-2018 - Monday

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ പേരില്‍ തൃക്കാക്കര കാര്‍ഡിനല്‍ നഗറിലുണ്ടായിരുന്ന ഭൂമിയുടെ ക്രയവിക്രയം സംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു സീറോ മലബാര്‍ സഭാ വക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്. 45 വര്‍ഷം മുന്‍പു കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ മുപ്പതോളം വീടുകള്‍ കാര്‍ഡിനല്‍ നഗറില്‍ നിര്‍മിച്ചിരുന്നു. അതിരൂപതയുടെ കീഴിലുള്ള കാര്‍ഡിനല്‍ സ്‌കൂള്‍, ഭാരതമാതാ കോളജ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കു കുടുംബസമേതം താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ എന്ന നിലയിലാണു വീടുകള്‍ നിര്‍മിച്ചത്. ഭൂരിഭാഗം വീടുകളും അത്തരത്തില്‍ ഉപയോഗിച്ചു. ശേഷിച്ച വീടുകള്‍ വില്‍ക്കുന്നതിന് അതിരൂപതാ കച്ചേരി പത്രപരസ്യം നല്‍കി. സ്ഥലം സ്വീകരിക്കുന്നവര്‍ക്കു പണം അടച്ചുതീരുന്ന മുറയ്ക്കു അതിരൂപത പ്രൊക്യുറേറ്റര്‍ രജിസ്‌ട്രേഷന്‍ ചെയ്തു നല്‍കിയിരുന്നു. കര്‍ദിനാള്‍ പാറേക്കാട്ടിലും തുടര്‍ന്നുവന്ന അതിരൂപതാധ്യക്ഷന്മാരും അതതു കാലഘട്ടങ്ങളില്‍ പണമടച്ചു തീര്‍ന്നവര്‍ക്കു സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കിയിട്ടുണ്ട്.

ഇത്തരത്തില്‍ പത്രപരസ്യം കണ്ട് എത്തി സ്ഥലം വാങ്ങിയ ഫിലിപ്പോസ് ജോര്‍ജ് ആലഞ്ചേരി എന്നയാള്‍ക്കു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി യാതൊരു ബന്ധമോ പരിചയമോ ഇല്ല. അന്നു സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നില്ല. ഫിലിപ്പോസ് ജോര്‍ജ് ആലഞ്ചേരി തന്റെ കാലശേഷം കൈമാറുന്ന വ്യവസ്ഥയില്‍ മക്കളിലൊരാളായ ജെയിംസിനു നിര്‍ദിഷ്ട സ്ഥലം നല്‍കി. ജെയിസിന്റെ മരണശേഷം ഭാര്യക്കും മക്കള്‍ക്കുമായി സ്ഥലം രജിസ്റ്റര്‍ ചെയ്തു കൊടുക്കുന്നതിന് അതിരൂപതയെ സമീപിച്ചിരുന്നു.

നാളുകള്‍ക്കു മുന്പു നടന്ന ക്രയവിക്രയത്തില്‍ അതിരൂപതാധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ ജോലി നിര്‍വഹിക്കുക മാത്രമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ചെയ്തിട്ടുള്ളത്. ഇതു സംബന്ധിച്ച കൃത്യമായ രേഖകള്‍ അതിരൂപതയില്‍ സൂക്ഷിച്ചിട്ടുണ്ട്. പേരുകളിലെ സാമ്യം മറയാക്കി സത്യമന്വേഷിക്കാതെ ബോധപൂര്‍വം ഒരാളെ വ്യക്തിഹത്യ നടത്തുന്നതു തികച്ചും അപലപനീയമാണെന്നു റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് പ്രസ്താവനയില്‍ അറിയിച്ചു.


Related Articles »