India - 2024
ചങ്ങനാശേരി അതിരൂപതയുടെ വിദ്യാഭ്യാസരംഗം പ്രശംസനീയം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 19-05-2018 - Saturday
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ വിദ്യാഭ്യാസരംഗം സുസംഘടിതവും പ്രശംസനീയാര്‍ഹവുമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ ദേശീയ റാങ്കിംഗില്‍ 46ാം സ്ഥാനം കരസ്ഥമാക്കിയ എസ്ബി കോളജിനെ അനുമോദിക്കാനും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ റവ.ഡോ.ടോമി പടിഞ്ഞാറേവീട്ടിലിനു യാത്രയയപ്പു നല്‍കാന്‍ ചങ്ങനാശേരി പൗരാവലിയും പൂര്‍വവിദ്യാര്‍ഥി സംഘടനയും പിടിഎയും സംയുക്തമായി മാര്‍ കാവുകാട്ട് ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗത്ത് സഭ പ്രതിജ്ഞാബദ്ധതയോടെ സേവനം തുടരുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ്മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ മാതൃകാസമൂഹത്തെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ അതിരൂപത ലക്ഷ്യം വയ്ക്കുന്നതെന്നു മാര്‍ പെരുന്തോട്ടം പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാഭ്യാസരംഗത്തെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ സമൂഹം ജാഗ്രതപുലര്‍ത്തണമെന്ന് മാര്‍ പവ്വത്തില്‍ അഭിപ്രായപ്പെട്ടു.
സി.എഫ്. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.സി.ജോസഫ് എംഎല്‍എ, സീറോമലബാര്‍സഭയുടെ ഹയര്‍എഡ്യുക്കേഷന്‍ സെക്രട്ടറി റവ.ഡോ.ജോര്‍ജ് മഠത്തിപ്പറന്പില്‍, കണ്വീതനര്‍ സാജന്‍ ഫ്രാന്‍സിസ്, പിടിഎ പ്രസിഡന്റ് ജോസ് മാത്യു, പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് എന്‍.എം.മാത്യു എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ റവ.ഡോ.ടോമി പടിഞ്ഞാറേവീട്ടില്‍ മറുപടി പ്രസംഗം നടത്തി.