Social Media - 2019

ക്രൈസ്തവ വിശ്വാസത്തിനെതിരേ സംഘടിതനീക്കം; വിശ്വാസികള്‍ സൂക്ഷിക്കുക

ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ 22-05-2018 - Tuesday

എതിര്‍ ചിന്തകളെ നിഷ്കാസനം ചെയ്യാന്‍ നീചവും നികൃഷ്ടവുമായ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുന്നത് യാതൊരു ധര്‍മ്മവും മതപാരന്പര്യവും പ്രോത്സാഹിപ്പിക്കുന്നില്ല. ധര്‍മ്മാധര്‍മ്മങ്ങളെ കൈവിടുകയും നീതിന്യായത്തെ കാറ്റില്‍പ്പറത്തുകയും ചെയ്യുന്ന സംഘടിതശക്തികള്‍ ക്രൈസ്തവവിശ്വാസത്തിനെതിരേ ശക്തിപ്രാപിച്ചിരിക്കുന്നു എന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രസ്തുത വിശ്വാസത്തെയും അതിന്‍റെ നേതൃത്വത്തെയും അവഹേളിക്കുന്നതിന് മാത്രമായി രൂപപ്പെടുത്തിയിരിക്കുന്ന ഗ്രൂപ്പുകളും പേജുകളും തെളിവാണ്.

വിശ്വാസത്തിന് വിരുദ്ധമായി ചിന്തിക്കുകയും യുക്തിചിന്തയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മനുഷ്യര്‍ എക്കാലവും ലോകത്തുണ്ടായിരുന്നു. എന്നാല്‍ യഥാര്‍ത്ഥയുക്തിചിന്ത ആക്രമണോത്സുകത പ്രകടിപ്പിക്കുന്നില്ല എന്നതാണ് സത്യം. യുക്തിയുടെ ന്യായമായ ഉപയോഗത്തിലൂടെ ദൈവവിശ്വാസത്തെ ചോദ്യം ചെയ്യുകയും മറുവാദത്തെ സംവാദോന്മുഖമായ താത്പര്യത്തോടെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയുമാണ് അവര്‍ ചെയ്തിരുന്നത്. എന്നാല്‍ ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുകയും നിരന്തരമായി വ്യാജവാര്‍ത്തകളിലൂടെയും ആരോപണങ്ങളിലൂടെയും ആക്രമിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ മര്യാദയില്ല. ഗൗരവമല്ലാത്ത ചിന്തയുടെയും ഉള്ളില്‍ നുരഞ്ഞുപൊന്തുന്ന വെറുപ്പിന്‍റെയും പ്രകടനവേദിയായി മാറുകയാണ് ഇത്തരക്കാര്‍ നേതൃത്വം നല്കുന്ന പത്രങ്ങളും ഗ്രൂപ്പുകളും പേജുകളും. പ്രധാനപ്പെട്ട ചിലതിലേക്കും അവയുടെ സംഘടിതനീക്കങ്ങളിലേക്കും.

1. പ്രവാസിശബ്ദം ‍- ഏതൊരു വാര്‍ത്തയെയും ക്രൈസ്തവവിരുദ്ധമായി വളച്ചൊടിക്കാന്‍ അസാമാന്യപാടവമാണ് ഈ ഓണ്‍ലൈന്‍ പത്രത്തിന്. സ്ത്രീപീഡനമാണ് വാര്‍ത്തയെങ്കില്‍ സംഭവം നടക്കുന്ന പഞ്ചായത്തിലെ പള്ളിയെക്കുറിച്ച് തലക്കെട്ടിലെഴുതിയില്ലെങ്കില്‍ പ്രവാസിശബ്ദത്തിന് അതൊരു വാര്‍ത്തയേയല്ല എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. പ്രവാസിശബ്ദത്തിന്‍റെ എല്ലാ പേജുകളും പരിശോധിച്ചാല്‍ ഇത്തരം കെട്ടിച്ചമച്ച കഥകളുടെ നീണ്ടനിര തന്നെ കാണാവുന്നതാണ്. ഫ്ലവേഴ്സില്‍ പ്രവാസിശബ്ദത്തിന്‍റെ ഈ കള്ളക്കഥകളുണ്ടാക്കുന്ന ശൈലി കോമഡി പ്രോഗ്രാമായി ടെലികാസ്റ്റ് ചെയ്തതിന്‍റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു

വീഡിയോ ലിങ്ക്

പ്രവാസി ശബ്ദത്തെ പ്രത്യേകം ശ്രദ്ധിക്കുക. അതേ സമയം ക്രൈസ്തവവിശ്വാസം ഉയർത്തിപ്പിടിക്കുന്ന “പ്രവാചക ശബ്ദം” എന്ന ഓൺലൈൻ പത്രത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ‍

2. പുവര്‍ലെയ്റ്റി (പാവം കുഞ്ഞാട്) ‍- പ്രവാസിശബ്ദം പോലെ അസാമാന്യ മഞ്ഞയായ ഏതൊരു സംവിധാനവും പുറത്തിറക്കുന്ന സഭാവിരുദ്ധവാര്‍ത്തകള്‍ക്ക് പ്രചാരം നല്കുന്ന ഒരു പേജാണ് പുവര്‍ ലെയ്റ്റി (പാവം കുഞ്ഞാട്). സത്യത്തിന്‍റെ അംശം പോലും ഇത്തരം പോസ്റ്റുകളില്‍ ഇല്ലാ എന്നതാണ് പരമമായ യാഥാര്‍ത്ഥ്യം. പേര് സൂചിപ്പിക്കുന്നത് പോലെതന്നെ സാമാന്യബുദ്ധി ഉപയോഗിക്കുന്ന കാര്യത്തില്‍ വളരെ പാവമാണ് ഈ പേജ്. കുഞ്ഞാട് എന്ന് അത്മായരെ വിശേഷിപ്പിക്കുന്നതിലൂടെ തന്നെ കാര്യമായൊരു തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ ഈ പേജിന് സാധിക്കുന്നുണ്ട്.

3. കേരള കാത്തലിക് റിഫര്‍മേഷന്‍ ‍- കത്തോലിക്കാസഭയെ സമുദ്ധരിക്കാനെന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പേജാണ് എന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും അധിക്ഷേപപരമായ പരാമര്‍ശങ്ങളല്ലാതെ യാതൊന്നും ഇതില്‍ കാണാന്‍ കഴിയുകയില്ല. കര്‍ത്താവീശോമിശിഹായുടെ പടവും ക്രിസ്തീയസഭയുടെ പേരും സ്വന്തമാക്കിക്കൊണ്ട് നരകം നിര്‍മ്മിക്കുന്ന പ്രവൃത്തിയിലാണ് മുന്‍പ് പരാമര്‍ശിച്ച ഗ്രൂപ്പുകളോടൊപ്പം ഇവരും പങ്കുചേരുന്നത്. പ്രവാസിശബ്ദം പ്രസിദ്ധീകരിക്കുകയും പുവര്‍ ലെയ്റ്റി ഗ്രൂപ്പ് നിര്‍മ്മിച്ചെടുക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ ഷെയര്‍ ചെയ്യലാണ് പ്രധാന നവോത്ഥാനപരിപാടി.

4. ക്രിസ്ത്യന്‍ ട്രൂത്ത് ‍- പേരുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഈ ഗ്രൂപ്പില്‍ നടക്കുക. നിരീശ്വരവാദികളും യുക്തിവാദികളുമെന്ന് അവകാശപ്പെട്ടുകൊണ്ട് നാലാംകിട വര്‍ത്തമാനങ്ങളും യാതൊരുവിധ യുക്തിയുമില്ലാത്ത സംവാദങ്ങളും നടത്തലാണ് ഈ ഗ്രൂപ്പിന്‍റെ പ്രധാനപരിപാടി. മേല്‍പ്പറഞ്ഞ ഗ്രൂപ്പുകളില്‍ പങ്കുവെക്കപ്പെടുന്ന എല്ലാ വ്യാജവാര്‍ത്തകള്‍ക്കും ഓട്ടമുള്ള മറ്റൊരു ഗ്രൂപ്പാണ് ഇതും.

സാമൂഹ്യമാധ്യമങ്ങളിലെ സുപ്രധാനമായ ക്രൈസ്തവവിരുദ്ധ ഗ്രൂപ്പുകളാണ് മേല്‍പ്പറഞ്ഞവ. പുതുതായി രൂപം കൊണ്ടവയും വളര്‍ന്നുവരുന്നവയും വേറെയുമുണ്ട്. വഴിയെ അവയെക്കുറിച്ച് സൂചിപ്പിച്ചുകൊള്ളാം. ഇപ്പറഞ്ഞവയെയെല്ലാം അടുത്ത് പരിശോധിക്കുന്പോള്‍ അവയെല്ലാം തമ്മില്‍ സജീവമായ ഒരു അന്തര്‍ധാര നിലവിലുണ്ട് എന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. ഒരു വ്യാജവാര്‍ത്ത ആരു നിര്‍മ്മിച്ചാലും ഒരു ദിവസത്തിന്‍റെ സമയപരിധിക്കുള്ളില്‍ അവ ഈ ഗ്രൂപ്പുകളിലെല്ലാം പ്രത്യക്ഷപ്പെടുമെന്നതാണ് സത്യം. അതുകൊണ്ടുതന്നെയാണ് വ്യാജവാര്‍ത്തകള്‍ സംഘടിതവും സംഘാതവുമായി നിര്‍മ്മിച്ച് ക്രൈസ്തവവിശ്വാസത്തെ ഇവര്‍ ആക്രമിക്കുന്നുവെന്ന നിഗമനത്തിലേക്ക് മറ്റ് പലരോടുമൊപ്പം എത്തിച്ചേര്‍ന്നതും.

ശ്രദ്ധേയമായ ഒരു വസ്തുത ഇവയിലെല്ലാം തന്നെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ ക്രൈസ്തവനാമധാരികളാണ്. പലതും ഫെയ്ക് അക്കൗണ്ടുകളുമാണ്. ഫെയ്ക്കുകള്‍ക്ക് പിന്നില്‍ ഭാരതത്തിലെ മതന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയശക്തികളെയടക്കം പലരെയും സംശയിക്കേണ്ടിയിരിക്കുന്നു. പലതരം സൈബര്‍ നീക്കങ്ങള്‍ക്കും വര്‍ത്തമാനകാലഭാരതവും അതിന്‍റെ അധികാരസ്ഥാനങ്ങളും സാക്ഷികളാണല്ലോ. അതിനോടൊപ്പം തന്നെ ഇത്തരം സംവിധാനാത്മകമായ നീക്കങ്ങളെ തിരച്ചറിയാന്‍ കഴിയാത്തവരും പകയും വിരോധചിന്തയും മൂലം "ആങ്ങള ചത്താലും നാത്തൂന്‍റെ കണ്ണീര് കാണണം" എന്ന ചിന്തയുള്ളവരുമായ വിശ്വാസികളും കൈകോര്‍ക്കുന്നുണ്ട് എന്നതാണ് സത്യം.

ഇത്തരം സംഘടിതനീക്കങ്ങള്‍ ലക്ഷ്യം വക്കുന്നത് ഇപ്പറയുന്ന കാര്യങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി മാത്രമാണ് ‍

1. കത്തോലിക്കാവിശ്വാസം കെട്ടിച്ചമച്ച കഥയും തികച്ചും വ്യാജവുമാണ്. ബൈബിള്‍ അബദ്ധങ്ങളുടെ പുസ്തകമാണ്.

2. ദേവാലയങ്ങള്‍ പിടിച്ചുപറിയുടെയും തട്ടിപ്പിന്‍റെയും കേന്ദ്രമാണ്.

3. പുരോഹിതര്‍ സമൂഹത്തിലെ ഏറ്റവും മോശം വിഭാഗമാണ്. അവരെ വിശ്വസിക്കരുത് - അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടതില്ല

4. കൂദാശകള്‍ പുരോഹിതരുടെയും മതനേതൃത്വത്തിന്‍റെയും നിര്‍മ്മിതിയാണ്. അവയില്‍ സത്യമില്ല. കുന്പസാരത്തിന്‍റെ പവിത്രതയെ നിരന്തരമായി ആക്രമിക്കുന്നു.

5. പള്ളിയും പൗരോഹിത്യവും ആഡംബരജീവിതത്തിന്‍റെ കേന്ദ്രമാണ്. ഇവ രണ്ടിനോടും സൗഹൃദം പാടില്ല. അവ കേവലം ഭൗതികസംവിധാനങ്ങള്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കുക.

6. അല്മായര്‍ രണ്ടാം തരക്കാരാണെന്ന മട്ടില്‍ നിരന്തരമായി വാര്‍ത്തകള്‍ നല്കി അത്തരമൊരു ചിന്ത അത്മായരുടെ മനസ്സില്‍ സൃഷ്ടിക്കുക.

7. ക്രൈസ്തവസമുദായത്തിന്‍റെ നേതൃത്വത്തെ ഇകഴ്ത്തിക്കാട്ടി സമുദായത്തിന്‍റെ ആത്മീയമായ ഔന്നത്യവും ഭൗതികമായ സുസ്ഥിതിയും തകര്‍ക്കുക. മെത്രാന്മാരോടുള്ള വിധേയത്വവും ആദരവും നശിപ്പിക്കുക.

8. പൗരോഹിത്യബ്രഹ്മചര്യത്തെ എല്ലായ്പോഴും സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുകയും വൈദികരോടുള്ള ദൈവജനത്തിന്‍റെ അടുപ്പത്തില്‍ വിള്ളല്‍വീഴ്ത്തുകയും ചെയ്യുക.

സമാപനം ‍

നിരന്തരമായ വ്യാജവാര്‍ത്തകളുടെ കാരണവും സ്വഭാവവും പഠനവിധേയമാക്കുന്പോള്‍ അസ്വാഭാവികമായതെന്തോ ഇവക്കു പിന്നിലുണ്ട് എന്ന ചിന്ത ശക്തിപ്പെടുകയാണ്. പല മതങ്ങളും സമുദായങ്ങളും ഇടകലര്‍ന്നുജീവിക്കുന്ന സമൂഹത്തില്‍ ക്രൈസ്തവവിശ്വാസവും ക്രിസ്തീയനേതൃത്വവും മാത്രമാണ് ഇത്രയും നിശിതമായ വിമര്‍ശനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും പാത്രമാകുന്നത്. ഒറ്റപ്പെട്ട വീഴ്ചകള്‍ ഇല്ലെന്ന് ഈ കുറിപ്പ് വാദിക്കുന്നില്ല. മാനുഷികമായ എല്ലാ പരിമിതികളും ബലഹീനതകളും സഭാവിശ്വാസം ഇന്ന് കൈയ്യാളുന്ന സമൂഹത്തിനുണ്ട് (വൈദികര്‍ക്കും അത്മായര്‍ക്കും).

പക്ഷേ സംഘടിതവും നികൃഷ്ടവുമായ രീതിയില്‍ ഇത്തരം ആക്രമണങ്ങള്‍ ക്രൈസ്തവവിശ്വാസം മാത്രം നേരിടുന്നതിനെ എങ്ങനെ മനസ്സിലാക്കണം എന്നത് ഇപ്പോഴും ആശങ്കാജനകമാണ്. വ്യാജവാര്‍ത്തകളുടെ പ്രഭവകേന്ദ്രങ്ങളെ ഒരു കേന്ദ്രീകൃസംവിധാനത്തിലൂടെ നിയമപരമായി നേരിടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരംഭിച്ചു എന്നറിയുന്നതില്‍ സന്തോഷം. ഇപ്പോള്‍ത്തന്നെ സമയം അധികമായി. Better late, than never എന്നതാണല്ലോ. എങ്കിലും, വിശ്വാസികള്‍ സൂക്ഷിക്കുക. യുവജനങ്ങളുടെ ഭാഷയില്‍ മേല്‍പ്പറഞ്ഞ ആശയങ്ങള്‍ ചുവച്ചു തുടങ്ങിയിട്ടുണ്ട്.

കര്‍ത്താവിന്‍റെ സഭക്കെതിരേ നരകത്തിന്‍റെ വാതിലുകള്‍ പ്രബലപ്പെടുകയില്ലെന്ന എക്കാലത്തെയും വലിയ വിശ്വാസത്തില്‍ ഞാനും ആശ്വാസം കണ്ടെത്തുന്നു.


Related Articles »