India

ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ കേരളത്തില്‍

സ്വന്തം ലേഖകന്‍ 22-05-2018 - Tuesday

കൊച്ചി: യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഭാരതസന്ദര്‍ശനം ആരംഭിച്ചു. ഇന്നു രാവിലെ പത്തു മണിക്ക് നെടുന്പാശേരി വിമാനത്താവളത്തില്‍ എത്തിയ ബാവയെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ വിശ്വാസ സമൂഹം വന്‍ സ്വീകരണമാണ് ഒരുക്കിയത്. ഉച്ചകഴിഞ്ഞു മൂന്നിനു പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേരുന്ന പ്രാദേശിക എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ അദ്ദേഹം അധ്യക്ഷനാകും. നാലിനു മാധ്യമങ്ങളെ കണ്ടശേഷം ആറിനു സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെ അഭിസംബോധന ചെയ്യും. നാളെ രാവിലെ എട്ടിനു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.

12ന് മഞ്ഞനിക്കര പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ കബറിടത്തില്‍ പ്രാര്‍ത്ഥന നടത്തും. 1.30ന് പുത്തന്‍കുരിശിനു പുറപ്പെടുന്ന ബാവ ആറിനു പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ കുര്‍ബാന അര്‍പ്പിക്കും. രാത്രിന് ഒന്പതിനു മലേക്കുരിശില്‍ പുണ്യശ്ലോകനായ പൗലോസ് ദ്വിതീയന്‍ ബാവയുടെ കബറിടം സന്ദര്‍ശിക്കും. 24നു രാവിലെ ഡല്‍ഹിക്കു പുറപ്പെടുന്ന അദ്ദേഹം രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും സന്ദര്‍ശിക്കും. ബാവയുടെ ഭാരത സന്ദര്‍ശനം മലങ്കരസഭയില്‍ സമാധാനമുണ്ടാക്കുമെന്നു മീഡിയ കോഓര്‍ഡിനേറ്റര്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പ്രതീക്ഷ പ്രകടിപ്പിച്ചു.


Related Articles »