India - 2024

മലങ്കര ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭ: അനുരഞ്ജന സമിതിയെ നിയോഗിക്കാന്‍ സാധ്യത

സ്വന്തം ലേഖകന്‍ 23-05-2018 - Wednesday

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കപരിഹാരത്തിന് അനുരഞ്ജന സമിതിയെ നിയോഗിക്കാന്‍ സാധ്യത. ഇന്നു ചേരുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് തീരുമാനത്തിനുശേഷമാകും സമിതിയെ നിശ്ചയിക്കുക. പാത്രിയര്‍ക്കീസിന്റെ മലങ്കര സന്ദര്‍ശനത്തിനിടെയാണു മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് ഇന്നു ചേരുന്നത്.

മലങ്കരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ചര്‍ച്ചയ്ക്കു തയാറാണെന്ന് ചൂണ്ടിക്കാട്ടി സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്കു നേരത്തെ കത്തയച്ചിരുന്നു.

ഇന്നുച്ചകഴിഞ്ഞ് 2.30നു ദേവലോകം കാതോലിക്കേറ്റ് അരമനയിലാണു യോഗം. സുന്നഹദോസ് അജണ്ടയില്‍ പാത്രിയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനമോ ചര്‍ച്ചയോ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇവ ചര്‍ച്ചയ്‌ക്കെത്തുമെന്നാണു സൂചന. നൂറില്‍പ്പരം വര്‍ഷം പഴക്കമുള്ള കേസാണ് ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകളുടേത്. അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ സുറിയാനി സഭയുടെ പരമാധ്യക്ഷനായതു മുതല്‍ കേസും പരിഹരിക്കുവാന്‍ നീക്കങ്ങള്‍ ആരംഭിച്ചിരിന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രശ്‌നപരിഹാരത്തിനു ശ്രമം നടത്തിയിരുന്നു. കാതോലിക്കാ ബാവയും പാത്രീയര്‍ക്കീസ് ബാവയും ചര്‍ച്ച നടത്തി പ്രശ്‌നത്തിന് ശ്വാശത പരിഹാരം കാണണമെന്ന് സര്‍ക്കാര്‍ അറിയിച്ചതായാണു പുറത്തുവരുന്ന വിവരം.


Related Articles »