News - 2024
സ്വവര്‍ഗ്ഗ വിവാഹത്തെ തള്ളിക്കളഞ്ഞ് ഘാനയിലെ പാര്‍ലമെന്റംഗങ്ങള്‍
സ്വന്തം ലേഖകന്‍ 24-05-2018 - Thursday
അക്ക്രാ: സ്വവര്‍ഗ്ഗ വിവാഹത്തെ തള്ളി കളഞ്ഞുകൊണ്ട് പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ പാര്‍ലമെന്റംഗങ്ങള്‍ മാതൃകയാകുന്നു. സ്വവര്‍ഗ്ഗ ബന്ധങ്ങളെ പരിഗണിച്ചുകൊണ്ട് വിവാഹത്തിന്റെ നിയമപരമായ നിര്‍വചനം തിരുത്തണമെന്ന നിര്‍ദ്ദേശമുയര്‍ന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഘാനയുടെ പാര്‍ലമെന്റ് വിഷയം ചര്‍ച്ചക്കെടുത്തത്. സ്വവര്‍ഗ്ഗ വിവാഹം പ്രചരിപ്പിക്കുന്ന വിദേശ ശക്തികളുടെ സ്വാധീനമാണ് ആശയത്തിന് പിന്നിലെന്ന് വിലയിരുത്തിയ പാര്‍ലമെന്റംഗങ്ങള്‍ നിര്‍ദ്ദേശത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
വിശുദ്ധ ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും, സ്വവര്‍ഗ്ഗ വിവാഹ ജീവിത ശൈലിയിലെ ആരോഗ്യ പ്രശ്നങ്ങളും പാര്‍ലമെന്‍റ് വാദ-പ്രതിവാദങ്ങള്‍ക്കിടയില്‍ പലപ്പോഴും പരാമര്‍ശിക്കപ്പെട്ടു. ആഫ്രിക്കക്ക് സ്വന്തം സംസ്കാരമുണ്ടെന്നും അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും പാര്‍ലമെന്റംഗമായ പട്രീഷ്യ അപ്പിയാഗി പറഞ്ഞു. കടുത്ത വാദ-പ്രതിവാദങ്ങള്‍ക്കൊടുവില്‍ ഏറ്റവും കൂടുതല്‍ കാലം പാര്‍ലമെന്റംഗമായിരുന്നിട്ടുള്ള അല്‍ബാന്‍ ബാഗ്ബിനാണ് നിയമ നിര്‍മ്മാണ സഭയുടെ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചത്.
Must Read: സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?
സൃഷ്ടിയുടെ പിന്നിലെ ലക്ഷ്യമെന്തെന്നു തങ്ങള്‍ക്കറിയാമെന്നും, തങ്ങള്‍ ഒരിക്കലും ദൈവത്തിനെതിരെ നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരികമായി ഉന്നതിയില്‍ നില്‍ക്കുന്നവരെന്ന്‍ അവകാശപ്പെടുന്നവരുടെ തെറ്റായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് തങ്ങള്‍ നിന്നു കൊടുക്കുകയില്ലെന്നും അല്‍ബാന്‍ കൂട്ടിച്ചേര്‍ത്തു.
പാശ്ചാത്യ ശക്തികള്‍ തങ്ങളുടെ സ്വവര്‍ഗ്ഗസ്നേഹത്തിന്റെ അജണ്ട ആഫ്രിക്കയില്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനെ മതന്യൂനപക്ഷങ്ങളുടെ മുഖ്യ വിപ്പായ മുഹമ്മദ്-മുബാറക് മുണ്ടാക അപലപിച്ചു. സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിക്കണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ആവശ്യം എപ്രകാരം നടപ്പിലാക്കും എന്ന് ചര്‍ച്ച ചെയ്യുവാന്‍ ഘാനയുടെ പ്രസിഡന്റായ നാന അകൂഫോ-അഡോ അടുത്ത കാലത്തു തെരേസാ മേ യുമായി കൂടിക്കാഴ്ച നടത്തി എന്നു ആക്ഷേപമുണ്ടായിരിന്നു.