India - 2024

വേദന സഹിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയ്ക്ക് ശക്തിയുണ്ട്: ഫാ. ഡൊമിനിക് വാളന്മനാല്‍

സ്വന്തം ലേഖകന്‍ 27-05-2018 - Sunday

തിരുവനന്തപുരം: വേദന സഹിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയ്ക്ക് ശക്തിയുണ്ടെന്നും വചനത്തിന്റെ ഫലം അനുഭവിക്കണമെങ്കില്‍ അഗ്‌നി സ്‌നാനത്തിലൂടെ കടക്കണമെന്നും പ്രശസ്ത വചന പ്രഘോഷകനും അണക്കര മരിയന്‍ ധ്യാന കേന്ദ്ര ഡയറക്ടറുമായ ഫാ. ഡൊമിനിക് വാളന്മനാല്‍. പുത്തരിക്കണ്ടം മൈതാനിയിലെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ നഗറില്‍ 13ാമത് അനന്തപുരി കണ്‍വന്‍ഷന്റെ മൂന്നാം ദിവസം കൃപാഭിഷേക ധ്യാനത്തില്‍ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉപവാസത്തിലൂടെയും എളിമയിലൂടെയുമുള്ള പ്രാര്‍ത്ഥന ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു.

രോഗത്തിന്റെയും പാപത്തിന്റെയും ജീവിത ദുഃഖങ്ങളുടേയും കെട്ടുകളഴിഞ്ഞ് പുതിയ മനുഷ്യനായി വിശുദ്ധീകരിക്കപ്പെടണമെങ്കില്‍ അഗ്‌നി സ്‌നാനത്തിലൂടെ കടന്നുപോകണം. വലിയ അഭിഷേകങ്ങള്‍ക്കു പിന്നില്‍ വലിയ തിരസ്‌കാരത്തിന്റെയും പീഡനങ്ങളുടേയും കഥയുണ്ടാകും. ശരീരത്തോട് മനസിനെ ഇഴുകി ചേര്‍ത്തു നിര്‍ത്തിയാലേ വിശുദ്ധരാകാനാകൂ.

സഹനത്തിന്റെ കണ്ണീര്‍പുഴയാകുന്ന കാസയുമായി ബലിയര്‍പ്പിക്കണം. മരണംവരെ സഹനത്തിന്റെ വിശുദ്ധിയോടുകൂടി ദൈവത്തെ സ്തുതിക്കാനാണ് കത്തോലിക്കാവിശ്വാസം പഠിപ്പിക്കുന്നതെന്നും ഫാ. ഡൊമിനിക് വാളന്മനാല്‍ പറഞ്ഞു. കനത്ത മഴയിലും പന്തല്‍ നിറഞ്ഞുകവിഞ്ഞ ആയിരക്കണക്കിനു വിശ്വാസികളുടെ സമൂഹമാണ് ഇന്നലെ വചന ശുശ്രൂഷയില്‍ പങ്കെടുത്തത്. കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും.


Related Articles »