India - 2024

പുഞ്ചിരിച്ചു കൊണ്ടു സാന്ത്വനം നല്‍കിയ മദര്‍ തെരേസയെ മാതൃകയാക്കണം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 28-05-2018 - Monday

തിരുവനന്തപുരം: സ്‌നേഹ സാന്ത്വനത്തിലൂടെ പുഞ്ചിരിച്ചു കൊണ്ടു മരിക്കാന്‍ പ്രാപ്തരാക്കിയ വിശുദ്ധ മദര്‍ തെരേസയുടെ പ്രവര്‍ത്തന ശൈലി മാതൃകയാക്കണമെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം. കേരള കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സും തിരുവനന്തപുരം ലത്തീന്‍ അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയും സംയുക്തമായി കേരളത്തിലെ ഡോക്ടര്‍മാര്‍ക്കും പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കുമായി സംഘടിപ്പിച്ച ഏകദിന സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യജീവനെന്ന അമൂല്യനിധിയെ ആദരിക്കാനും സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള കടമ ആതുരശുശ്രൂഷാ പ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ക്കും ജീവസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജീവനെയും ജീവിതത്തെയും പരിപോഷിപ്പിക്കുന്നതിലൂടെ ആനന്ദം കണ്ടെത്താന്‍ നമുക്ക് കഴിയണം. സ്‌നേഹമാണ് ഇതിന്റെ ആധാരശില. മനുഷ്യന്‍ ദൈവിക നിയമങ്ങള്‍ക്കും പ്രകൃതി നിയമങ്ങള്‍ക്കും സന്മാര്‍ഗിക നിയമങ്ങള്‍ക്കും വിധേയനായി ജീവിക്കണം. മനുഷ്യകുലത്തിനും മനുഷ്യജീവനും വെല്ലുവിളിയായ ഭ്രൂണഹത്യ, കൊലപാതകം, ദയാവധം, ഭീകരാക്രമണം, വര്‍ഗീയലഹള, രാഷ്ട്രീയ കൊലപാതകം, മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യതിന്മകള്‍, പ്രകൃതിയുടെ അനിയന്ത്രിതമായ ചൂഷണം തുടങ്ങിയവ ജീവന്‍ സംരക്ഷണത്തിന്റെ വ്യാപ്തിയും ആഴവും മനുഷ്യസ്‌നേഹികളായ നമുക്ക് മനസിലാക്കിത്തരുന്നുവെന്നും ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു.

ഡോ. ബൈജു ജൂലിയന്‍, ഡോ. മാമ്മന്‍ പി. ചെറിയാന്‍, ഫാ. എ. ആര്‍. ജോണ്‍, ഡോ. ഫിന്റോ ഫ്രാന്‍സിസ്, ഡോ. ടോണി ജോസഫ് തുടങ്ങിയവരും പ്രസംഗിച്ചു. രാവിലെ നടന്ന സെമിനാറില്‍ ഡോ. അഗസ്റ്റിന്‍ ജോണ്‍, ഡോ. ഏബ്രഹാം ജോസഫ്, ഡോ. ഫിന്റോ ഫ്രാന്‍സിസ്, ഡോ. ബൈജു ജൂലിയന്‍, തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.


Related Articles »