India - 2024

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാളിനു ആരംഭം

സ്വന്തം ലേഖകന്‍ 01-06-2018 - Friday

മാള: കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാളിനു തുടക്കമായി. തിരുനാളിന്റെ കൊടികയറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റോ തച്ചില്‍ നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന നവനാള്‍ പ്രാര്‍ത്ഥനകളിലും ദിവ്യബലിയിലും വികാരി ജനറാള്‍ മുഖ്യകാര്‍മികനായിരുന്നു. തിരുനാളിന് ഒരുക്കമായുള്ള നവനാള്‍ ജൂണ്‍ എട്ടുവരെ ദിവസവും ഉച്ചതിരിഞ്ഞ് 3.30ന് നടക്കും. പ്രധാന തിരുനാള്‍ ദിനമായ ജൂണ്‍ എട്ടിന് രാവിലെ 9.20ന് നേര്‍ച്ച ഊണ് വെഞ്ചരിപ്പും തുടര്‍ന്ന് വിതരണവും നടക്കും. 9.30ന് ദീപം തെളിയിച്ചുകൊണ്ട് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു തുടക്കമാകും.

ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് മൂന്നിനുള്ള ദിവ്യബലിയില്‍ രാമനാഥപുരം രൂപത മെത്രാന്‍ മാര്‍ പോള്‍ ആലപ്പാട്ട് മുഖ്യകാര്‍മികനാകും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. തീര്‍ഥകേന്ദ്രത്തിലെ പ്രമോട്ടര്‍ ഫാ. ജോസ് കാവുങ്ങല്‍ തിരുകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും. തിരുനാളിന് ഒരുക്കമായി ജൂണ്‍ രണ്ടിനു രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നടത്തുന്ന വചനപ്രഘോഷത്തിന് ആലുവ വിന്‍സെന്‍ഷ്യന്‍ വിദ്യാഭവനിലെ ഫാ. ജോസഫ് എറമ്പില്‍ വിസി നേതൃത്വം നല്‍കും.


Related Articles »