India - 2024

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു കുറവിലങ്ങാട്ടേക്കു ക്ഷണം

സ്വന്തം ലേഖകന്‍ 02-06-2018 - Saturday

കുറവിലങ്ങാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട്ടേക്കു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ക്ഷണം. കുറവിലങ്ങാട്ടെത്തണമെന്ന നാനാജാതി മതസ്ഥരായവരുടെ ആഗ്രഹം കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ മാര്‍പാപ്പയെ അറിയിച്ചു. കുറവിലങ്ങാട് മുന്‍ അസി.വികാരി ഫാ. ഇമ്മാനുവല്‍ പാറേക്കാട്ടുവഴിയാണ് മാര്‍പാപ്പയെ ക്ഷണപത്രം നല്‍കി കുറവിലങ്ങാട്ടേക്കു ക്ഷണിച്ചത്. ആര്‍ച്ച്പ്രീസ്റ്റ് ഇറ്റാലിയന്‍ ഭാഷയില്‍ തയാറാക്കിയ ക്ഷണപത്രമാണ് ഫാ. ഇമ്മാനുവല്‍ മാര്‍പാപ്പായ്ക്കു കൈമാറിയത്.

റോമില്‍ ഉപരിപഠനം നടത്തുന്ന ഫാ. ഇമ്മാനുവല്‍ പാറേക്കാട്ട് മുന്‍പ് മാര്‍പാപ്പയെ സന്ദര്‍ശിച്ചവേളയില്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ കുറവിലങ്ങാട്ട് സേവനം ചെയ്തതായി അറിയിച്ചപ്പോള്‍ ഈ സ്ഥലം സന്ദര്‍ശിക്കാനുള്ള ആഗ്രഹം മാര്‍പാപ്പ പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വകാര്യസന്ദര്‍ശനത്തിന് അവസരം ലഭിച്ചപ്പോള്‍ രേഖാമൂലം ക്ഷണപത്രം നല്‍കിയത്. സന്തോഷസൂചകമായി തിരുസ്വരൂപം കൈമാറുകയും ചെയ്തു. തടിയില്‍ തീര്‍ത്ത രൂപമാണ് സമ്മാനിച്ചത്. വിശ്വാസിമൂഹത്തിന് അനുഗ്രഹാശംസകള്‍ നേരുന്നതായും മാര്‍പാപ്പ അറിയിച്ചു.


Related Articles »