Social Media - 2019

നിപ്പയും പ്രാര്‍ത്ഥനയും; യുക്തിവാദികള്‍ക്ക് മറുപടി

ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ 05-06-2018 - Tuesday

നിപ്പാ എന്ന പകര്‍ച്ചവ്യാധിയുടെ ഭീതിയിലാണ് നാട് മുഴുവന്‍. നഗരവും നിരത്തും ആശുപത്രികളുമെല്ലാം ശൂന്യമായിരിക്കുന്നു. ആളുകള്‍ കൂടുന്നയിടങ്ങളൊക്കെ ഭയാനകമായതെന്തോ സംഭവിച്ചാലെന്ന പോലെ നിശബ്ദമാണ്. ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. രോഗബാധിതരെയും സംശയിക്കുന്നവരെയും പകരാനിടമുള്ള സ്ഥലങ്ങളെയുമെല്ലാം സമചിത്തതയോടെ കൈകാര്യം ചെയ്യുന്നു. സൂക്ഷ്മവും സംഘടിതവുമായ മുന്നേറ്റത്തിന് കേരളത്തിന്‍റെ ആരോഗ്യവകുപ്പിനോട് നാം കടപ്പെട്ടിരിക്കുന്നു. വ്യാപനശേഷി കൂടുതലുള്ള വൈറസായതിനാലും നിപ്പയുടെ ഉറവിടമോ വ്യാപനരീതിയോ പ്രതിരോധമാര്‍ഗ്ഗങ്ങളോ നൂറു ശതമാനം നിശ്ചയമില്ലാത്തതിനാലും, ജനങ്ങള്‍ കൂടുന്ന ഇടങ്ങളോടും അവരെ ഒരുമിപ്പിക്കുന്ന സംവിധാനങ്ങളോടും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും തദ്ദേശഭരണകൂടവും നിര്‍ദ്ദേശിച്ചത് തികച്ചും യുക്തിസഹമാണ്.

നിപ്പ ഏറ്റവും കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചിട്ടുള്ള കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തെക്കുറിച്ച് നല്കിയ നിര്‍ദ്ദേശങ്ങള്‍ യുക്തി അശേഷമില്ലാത്ത യുക്തിവാദികളുടെ വിമര്‍ശനത്തിന് വിധേയമായിരിക്കുന്നു. ധ്യാനങ്ങളുടെയും പൊതുപരിപാടികളുടെയും സംഘാടകര്‍ ഔചിത്യബോധത്തോടെ അവ മാറ്റിവച്ചതും യുക്തിവാദികളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. ദൈവവും ദൈവവിശ്വാസവും അപ്രസക്തമാകുന്നുവെന്നും ശാസ്ത്രം വിജയിക്കുന്നുവെന്നുമുള്ള ബാലിശമായ മുദ്രാവാക്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

ക്രൈസ്തവരുടെ പ്രാര്‍ത്ഥന എന്താണ്, അവര്‍ പ്രാര്‍ത്ഥിക്കുന്നത് എന്താണ്, ക്രിസ്തീയപ്രാര്‍ത്ഥനയുടെ ഫലമെന്താണ് എന്നൊന്നും യാതൊരു ബോദ്ധ്യവും അനുഭവവുമില്ലാത്തവര്‍ അതിനെ വിലയിരുത്തുന്നതിന്‍റെ പാര്‍ശ്വഫലങ്ങളാണ് ഇവയെല്ലാം. വിശുദ്ധ കുര്‍ബാന സ്വീകരിച്ചിരുന്ന ആദിമക്രൈസ്തവര്‍ നരഭോജികളാണെന്ന് വിധിയെഴുതിയ വിജാതീയ ഭരണകര്‍ത്താക്കളുടെ താര്‍ക്കികയുക്തിയാണ് ഇവരെയും ഭരിക്കുന്നത്. തങ്ങളുടെ അനുഭവത്തിന് വിധേയമാകാത്തവയെല്ലാം അനാചാരമാണെന്നും അന്ധവിശ്വാസമാണെന്നും വിധിയെഴുതുന്ന അല്പത്തരത്തിന്‍റെ വിളയാട്ട്ഭൂമികയായി സാമൂഹ്യമാധ്യമങ്ങള്‍ മാറുന്നു.

പ്രാര്‍ത്ഥനയും സൗഖ്യവും ‍

ലിസ്യൂവിലെ വിശുദ്ധ തെരേസ പ്രാര്‍ത്ഥനയെപ്പറ്റി പറയുന്നതിതാണ്: "എന്നെ സംബന്ധിച്ചിടത്തോളം ഹൃദയത്തിന്‍റെ അലയടിയാണ് പ്രാര്‍ത്ഥന, സ്വര്‍ഗ്ഗത്തിലേക്കുള്ള ലളിതമായ ഒരു നോട്ടം, പരീക്ഷണത്തിന്‍റെയും സന്തോഷത്തിന്‍റെയുമിടയില്‍ നന്ദിയുടെയും സ്നേഹത്തിന്‍റെയും നിലവിളിയാണത്". മതബോധനഗ്രന്ഥം 2564 നന്പറില്‍ വ്യക്തമായി പഠിപ്പിക്കുന്നു, "ക്രൈസ്തവപ്രാര്‍ത്ഥന ദൈവവും മനുഷ്യനും തമ്മില്‍ ക്രിസ്തുവിലുള്ള ഉടന്പടിബന്ധമാണ്. അതു ദൈവത്തിന്‍റെയും മനുഷ്യന്‍റെയും പ്രവര്‍‍ത്തിയാണ്." മനുഷ്യന്‍ ദൈവത്തിന്‍റെ മുന്പില്‍ അര്‍പ്പിക്കുന്ന യാചനകള്‍ മാത്രമാണ് പ്രാര്‍ത്ഥനയെന്ന് തെറ്റിദ്ധരിക്കുന്നവര്‍ വളരെയേറെയാണ്. എന്നാല്‍ ക്രൈസ്തവപ്രാര്‍ത്ഥന എന്നത് സ്തുതിപ്പും ആരാധനയും യാചനകളും നിറഞ്ഞതും മദ്ധ്യസ്ഥപ്രാര്‍ത്ഥനകളാലും കൃതജ്ഞതാസ്തോത്രങ്ങളാലും സന്പന്നവും ആണ് (CCC 2626-2643).

പ്രാര്‍ത്ഥന എന്നത് അനുഗ്രഹദായകവും സൗഖ്യദായകവും ദൈവ-മനുഷ്യബന്ധത്തെ ഊഷ്മളവും ആഴമുള്ളതും ആക്കുന്നതുമായ പ്രവര്‍ത്തിയാണ്. ദൈവവും മനുഷ്യനും ഒന്നുചേരുന്ന പ്രാര്‍ത്ഥനയെന്ന ആ പ്രവര്‍ത്തിയുടെ ഫലം 100 ശതമാനം നിശ്ചയമാണ്. പ്രാര്‍ത്ഥിക്കുന്ന ഹൃദയത്തിന്‍റെ മാറ്റമാണ് പ്രാര്‍ത്ഥനക്കുള്ള ആദ്യത്തെ പ്രത്യുത്തരം. തുടര്‍ന്ന് പ്രാര്‍ത്ഥനയിലൂടെ നാം ചോദിക്കുന്നതെല്ലാം നമുക്ക് ലഭിക്കുന്നുവെന്നും ചോദിക്കുന്നതിലുമധികം (ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെത്തന്നെ) നമുക്ക് അവിടുന്ന് നല്കുന്നുവെന്നുമാണ് ക്രൈസ്തവവിശ്വാസം.

എന്നാല്‍ പ്രാര്‍ത്ഥനയില്‍ ചോദിക്കുന്നതെല്ലാം ഉടനടി ലഭിക്കുമെന്ന ധ്വനി ക്രൈസ്തവവിശ്വാസം നല്കുന്നില്ല. "ദൈവത്തോട് നിങ്ങള്‍ യാചിക്കുന്നത് ഉടനെ ലഭിക്കാത്തതിനെപ്പറ്റി അസ്വസ്ഥരാകരുത്, എന്തെന്നാല്‍, നിങ്ങള്‍ പ്രാര്‍ത്ഥനയില്‍ ഉറച്ചു നില്‍ക്കുന്നിടത്തോളം കാലം അതിനേക്കാള്‍ വലിയ കാര്യം നിങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ അവിടുന്നാഗ്രഹിക്കുന്നു" എന്ന് മതബോധനഗ്രന്ഥത്തില്‍ നാം വായിക്കുന്നു (CCC 2737). രോഗമോ പട്ടിണിയോ മറ്റാവശ്യങ്ങളോ എന്തുമാകട്ടെ, മനുഷ്യന്‍റെ പ്രാര്‍ത്ഥനയുടെ വിഷയമായവയെല്ലാം ദൈവം ശ്രവിക്കുകയും സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ തന്‍റെ ഹിതപ്രകാരമുള്ള ഉത്തരം ആ പ്രാര്‍ത്ഥനകള്‍ക്ക് അവിടുന്ന് നല്കുകയും ചെയ്യുന്നുണ്ട്. പ്രത്യാശ നഷ്ടപ്പെടാതെയുള്ള പ്രാര്‍ത്ഥനയും ദൈവാശ്രയബോധവുമാണ് ഇത്തരുണത്തില്‍ ക്രൈസ്തവന്‍റെ ആശ്രയം എന്നത് മറക്കാതിരിക്കാം (CCC 2738). ഭഗ്നാശരാകാതെ പ്രാര്‍ത്ഥിക്കണമെന്നാണ് വിധവയുടെയും ന്യായാധിപന്‍റെയും കഥയിലൂടെ ഈശോ പഠിപ്പിച്ചത് എന്നതും കൂട്ടി വായിക്കാം.

സഹനങ്ങളും പ്രാര്‍ത്ഥനയും ‍

ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ച് പരിപാലിക്കുന്നത് എങ്കില്‍ എന്തുകൊണ്ട് അവന് സഹനങ്ങള്‍ നല്കുന്നു എന്നും സഹനങ്ങളുടെ മദ്ധ്യത്തില്‍ മനുഷ്യന്‍റെ വിലാപങ്ങള്‍ ദൈവം എന്തുകൊണ്ട് കേള്‍ക്കുന്നില്ലായെന്നുമുള്ള ചോദ്യങ്ങള്‍ക്ക് മനുഷ്യവംശത്തോളം തന്നെ പഴക്കമുണ്ട്. വിശുദ്ധ ബൈബിളിന്‍റെ പഴയനിയമകാലം മുതല്‍ ഈ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ മനുഷ്യബുദ്ധി അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. ജോബിന്‍റെ പുസ്തകം ഈ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടാവുന്നതാണ്. നീതിമാന്‍ എന്തുകൊണ്ട് സഹിക്കുന്നു എന്ന ചോദ്യവും സഹനത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ദൈവം ഇടപെടാത്തതെന്ത് എന്ന ചോദ്യവും ഒരു മതവിമര്‍ശകന്‍റെ കൈയ്യിലെ ചാട്ടയാണ്. അതേസമയംതന്നെ, സഹനത്തെ സംതുലിതമായി കാണാനും സ്വീകരിക്കാനും ഈ ചോദ്യങ്ങള്‍ക്കു താത്വികവും ബൗദ്ധികവും ആത്മീയവുമൊക്കെയായ ഉത്തരങ്ങള്‍ കണ്ടെത്താനും വിശ്വാസിയായ മനുഷ്യനും പരിശ്രമിക്കുന്നുണ്ട്.

മനുഷ്യാസ്തിത്വത്തിന്‍റെ സത്താപരമായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകള്‍ ഈ പശ്ചാത്തലത്തിലാണ് വികസിച്ചു വരിക. ചരിത്രത്തിന്‍റെ ഓരോ നിമിഷങ്ങളിലും മനുഷ്യന്‍റെ ഓരോ ചലനങ്ങളിലും ദൈവം സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നു എന്ന് ചിന്തിക്കാന്‍ കഴിയുമോ? അശ്രദ്ധയും അപാകതയും മൂലം മനുഷ്യന്‍ വരുത്തിവെക്കുന്ന എല്ലാ അപകടങ്ങളിലും ഉടനടി ഇടപെടുന്ന ഒരു ദൈവത്തെ സങ്കല്പിക്കാനാകുമോ? മനുഷ്യന്‍റെ എല്ലാ ആഗ്രഹങ്ങളെയും ഉടനടി നിവര്‍ത്തിക്കുന്ന ഒരു ദൈവത്തെക്കുറിച്ച് വിവരിക്കാന്‍ കഴിയുമോ? അങ്ങനെയുള്ള ഒരു ശക്തി ദൈവമാണോ - അതോ നാം കുപ്പിയില്‍ പിടിച്ചിട്ടിരിക്കുന്ന ഭൂതമോ?

കുപ്പിയിലടച്ച ഭൂതമല്ല ദൈവം ‍

കരിസ്മാറ്റിക് ധ്യാനവേദികളില്‍ സംഭവിക്കുന്ന അനേകം അത്ഭുതങ്ങളുടെയും രോഗശാന്തികളുടെയും കൂടെ പശ്ചാത്തലത്തിലാണ് വിമര്‍ശനങ്ങള്‍ വര്‍ദ്ധിക്കുന്നത്. പരിശുദ്ധാത്മാഭിഷേകത്താലും കൃപയാലും ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ നിപ്പാരോഗത്തോട് തോറ്റു പോയെന്നും അതിനാല്‍ പ്രാര്‍ത്ഥനകളുപേക്ഷിച്ച് ശാസ്ത്രത്തില്‍ വിശ്വസിക്കുവിനെന്നും ആഹ്വാനം ചെയ്യുന്നവര്‍ ബൗദ്ധികനിലവാരമില്ലാത്ത നിരീശ്വരര്‍ മാത്രമാണ്. ധ്യാനവേദികളില്‍ സംഭവിക്കുന്ന സൗഖ്യം ഒരുക്കമുള്ളവരുടെ കൂട്ടായ്മയില്‍ വര്‍ഷിക്കപ്പെടുന്ന പരിശുദ്ധാത്മദാനങ്ങളാണ്. കൂദാശകളുടെ കൃപാവരവും ജനത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ അഭിഷേകവും തിരുസ്സഭാകൂട്ടായ്മയില്‍ അനേകായിരങ്ങളുടെ പ്രാര്‍ത്ഥനകളും ഒന്നുചേരുന്പോള്‍ അഴിഞ്ഞുപോകുന്ന ബന്ധനങ്ങളാണ് രോഗസൗഖ്യമായി അനുഭവപ്പെടുന്നത്. പഞ്ചായത്ത് ബസ് സ്റ്റാന്‍റിലോ ചന്തയിലോ തിരക്കുള്ള ബസ്സിലോ നിവര്‍ത്തിക്കപ്പെടുന്ന ശുശ്രൂഷയല്ല അതെന്ന് വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ട്.

ധ്യാനകേന്ദ്രങ്ങളുടെ പ്രത്യേകപശ്ചാത്തലത്തില്‍ നടക്കുന്ന കാര്യങ്ങളെ പരിഹസിച്ചുകൊണ്ട് വൈദികര്‍ വന്ന് കൈകളുയര്‍ത്തുന്പോഴേ രോഗം അകന്നുപോകുമെന്ന് പറയുന്നവര്‍ ക്രൈസ്തവപ്രാര്‍ത്ഥനകളെയോ അവയുടെ യഥാര്‍ത്ഥ അര്‍ത്ഥത്തെയോ നിര്‍വ്വചനത്തെയോ മനസ്സിലാക്കുന്നില്ല അറിയുന്നില്ല. ചുരുക്കത്തില്‍, കുപ്പിയിലടച്ച ഭൂതമല്ല ദൈവം, ക്രിസ്തീയവിശ്വാസത്തെയും പൗരോഹിത്യാഭിഷേകത്തെയും വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവര്‍ ദൈവത്തെ അവതരിപ്പിക്കുന്നതിങ്ങനെയാണ്. പുരോഹിതന്‍ ആവശ്യപ്പെട്ടാലുടനെ പ്രവര്‍ത്തിക്കുന്ന ഒരു ഭൂതത്തെപ്പോലെ ദൈവത്താക്കാണാന്‍ ക്രൈസ്തവവിശ്വാസം നമ്മെ പഠിപ്പിക്കുന്നില്ല. ദൈവ-മനുഷ്യബന്ധവും, അവന്‍റെ പ്രാര്‍ത്ഥനകളും ദൈവഹിതം അന്വേഷിക്കാനുള്ള മനസ്സും, എല്ലാം പ്രാര്‍ത്ഥനകള്‍ക്ക് ലഭിക്കുന്ന ഉത്തരത്തെ സ്വാധീനിക്കുന്നുണ്ട്. ധ്യാനകേന്ദ്രങ്ങളില്‍ ഒരുക്കമുള്ള ചുറ്റുപാടുകളില്‍ നടക്കുന്നത് പൊതുസ്ഥലങ്ങളില്‍ വേണമെന്ന് ശഠിക്കുന്നത് മൗഠ്യമാണ്.

സമാപനം ‍

ദൈവം മനുഷ്യന്‍റെ ജീവിതത്തില്‍ പലരീതികളിലൂടെ ഇടപെടുമെന്ന് വിശ്വാസം പഠിപ്പിക്കുന്നു. പകര്‍ച്ചവ്യാധികളെ നേരിടാന്‍ പ്രാര്‍ത്ഥന മാത്രം മതിയെന്ന് കരുതുന്നവന്‍ അന്ധവിശ്വാസിയാണ്. ആവശ്യമായ മുന്‍കരുതലുകളോടൊപ്പം പ്രാര്‍ത്ഥനയും ചേരുന്പോള്‍ ആത്മവിശ്വാസത്തോടെ അപകടസന്ധി തരണം ചെയ്യാന്‍ ഒരുവന് സാധിക്കും എന്നതാണ് സത്യം. ദൈവത്തിന്‍റെ ഇടപെടലുകളെയും പരിപാലനയെയും എല്ലായിടങ്ങളിലും (ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, കാലാവസ്ഥാനിരീക്ഷകര്‍, ഭരണകര്‍ത്താക്കള്‍. . .etc) തിരിച്ചറിയാന്‍ പരിശീലിച്ച കണ്ണുകള്‍ വിശ്വാസി സ്വന്തമാക്കാത്തിടത്തോളം കാലം വിശ്വാസവും പ്രാര്‍ത്ഥനയും ആത്മീയജീവിതവും അവന് അപഹാസ്യമായി തോന്നിക്കൊണ്ടേയിരിക്കും. "Science without religion is lame, religion without science is blind" എന്ന ഐന്‍സ്റ്റൈന്‍റെ വാക്കുകള്‍ ഓര്‍ത്തുകൊണ്ട് വിരാമം.


Related Articles »