News - 2024

ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ കത്തിടപാടുകൾ ഒരു പ്രമാദ വിഷയമായി അവതരിപ്പിക്കാനുള്ള BBC യുടെ ശ്രമം അസംബന്ധം

അഗസ്റ്റസ് സേവ്യർ 16-02-2016 - Tuesday

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, പോളണ്ടിലെ വനിതാ തത്വ ചിന്തകയായിരുന്ന അന്ന തെരേസ ടീമിനിക്കയുമായി നടത്തിയ കത്തിടപാടുകൾ ഒരു പ്രമാദ വിഷയമായി അവതരിപ്പിക്കാനുള്ള BBC യുടെ ശ്രമം അസംബന്ധമാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കി.

"ജോൺ പോൾ രണ്ടാമൻ മാർപാപ്പയും പോളീഷ് വനിതയുമായുള്ള സൗഹൃദം ഒരു രഹസ്യമല്ല. ആ സൗഹൃദത്തിൽ അസാധാരണമായി ഒന്നുമില്ല." പോളണ്ടിലെ നാഷണൽ ലൈബ്രറി ഫെബ്രുവരി 15-ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നാഷണൽ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന പ്രസ്തുത എഴുത്തുകളുടെ ഉള്ളടക്കത്തിൽ BBC കൊട്ടിഘോഷിക്കുന്നതുപോലുള്ള വിവരങ്ങൾ ഒന്നും അടങ്ങിയിട്ടില്ല എന്ന് ലൈബ്രറി വൃത്തങ്ങൾ വ്യക്തമാക്കി.

BBC One ടെലിവിഷനിൽ തിങ്കളാഴ്ച്ച പക്ഷേപണം ചെയ്ത 'ജോൺ പോൾ രണ്ടാമന്റെ രഹസ്യ കത്തിടപാടുകൾ' എന്ന പരിപാടിയിൽ വിശുദ്ധ ജോൺ പോളും, അന്ന തെരേസയുമായി നടത്തിയ എഴുത്തുകുത്തുകളെ പറ്റിയും അടുത്ത സൗഹൃദത്തെ പറ്റിയും ചർച്ച ചെയ്തിരുന്നു. പക്ഷേ, പുരോഹിതൻ എന്ന നിലയിലുള്ള അതിർ വരമ്പുകൽ ലംഘിക്കുന്ന ഒരു വാക്കു പോലും ആ കത്തുകളിൽ ഇല്ലെന്ന് BBC തന്നെ അറിയിച്ചിരുന്നു.

വത്തിക്കാൻ പ്രസ് വൈസ് ഡയറക്ടർ ഗ്രെഗ് ബർക് ഇങ്ങനെയാണ് പ്രതികരിച്ചത്: "ജോൺ പോൾ രണ്ടാമൻ മാർപാപ്പ സ്ത്രീ-പുരുഷ ഭേദമില്ലാതെ അനവധി പേരുമായി വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്നു. ആ വാർത്ത കേട്ട് ആർക്കും ഞെട്ടലുണ്ടാവില്ല."

BBC പ്രതീക്ഷിക്കാത്ത വിധത്തിൽ അവരുടെ വാർത്ത ഇന്റർനെറ്റിൽ വളച്ചൊടിക്കപ്പെട്ടത്, പിതാവിന്റെ സെക്രട്ടറിയായി അനവധി കാലം പ്രവർത്തിച്ചിരുന്ന കർദ്ദിനാൾ സ്റ്റാനിസ് ലോട്സിവീസ് ഖണ്ഡിച്ചു. "ജോൺ പോൾ രണ്ടാമൻ മാർപാപ്പയോടൊത്ത് ജീവിച്ചിട്ടുള്ള എല്ലാവർക്കും, അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതം അറിയാവുന്നതാണ്. ഇന്റർനെറ്റിൽ പ്രചരിപ്പിക്കപ്പെടുന്ന അസംബന്ധ കഥകൾക്ക് യാതൊരു അടിസ്ഥാനവുമില്ല."

"സുതാര്യമായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചത്. എല്ലാവരേയും ഒരേ പോലെ ബഹുമാനിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്."

ജോൺ പോളും അന്ന തെരേസ ടീമിനിക്കയുമായുള്ള സൗഹൃദം എല്ലാവർക്കും അറിയാമായിരുന്ന ഒരു വസ്തുതയാണ്.

മാർപാപ്പയാകുന്നതിനു മുമ്പുതന്നെ ജോൺ പോൾ രണ്ടാമനും അവരും സുഹൃത്തുക്കളായിരുന്നു എന്ന് ജോർജ് വീഗൽ എഴുതിയ വിശുദ്ധനെ പറ്റിയുള്ള ജീവചരിത്രമായ “Witness to Hope,” എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

"കർദ്ദിനാൾ വോജ്ട്ടിലി (പിന്നീട് ജോൺ പോൾ II) എഴുതിയ “The Acting Person ” എന്ന പുസ്തകത്തിലെ തത്വചിന്താപരമായ കാര്യങ്ങളെ പറ്റിയുള്ള ചർച്ചകളാണ് എഴുത്തുകളിൽ പ്രതിപാദ്യ വിഷയം."

പത്തു വർഷക്കാലം വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന, വത്തിക്കാൻ സെക്രട്ടറിയേറ്റിലെ പോളണ്ടുകാരനായ വൈദികൻ മോൺ.പവ്വൽ ട്സാനിക്ക്, പിതാവും അന്ന തെരേസ ടീമിനിക്കയുമായുണ്ടായിരുന്ന സൗഹൃദത്തെ ഇങ്ങനെ വിവരിച്ചു:

"കർദ്ദിനാൾ കരോൾ വോജ്ട്ടിലയുടെ “The Acting Person" എന്ന പുസ്തകത്തെ പറ്റിയുള്ള തത്വചിന്താപരമായ ചർച്ചകൾ അവസാനിച്ചിട്ടും അവർ തമ്മിലുള്ള കത്തിടപാടുകൾ തുടർന്നു. പിന്നീട് കർദ്ദിനാൾ വോജ്ട്ടില മാർപ്പാപ്പയായപ്പോഴും അതു നിലച്ചില്ല. ജീവിതത്തിൽ എളിമ പ്രാവർത്തികമാക്കിയിരുന്ന പിതാവ്, അവരുടെ എഴുത്തുകൾക്കെല്ലാം മറുപടി അയച്ചിരുന്നു."

ജോൺ പോളിന്റെ മറ്റൊരു ജീവചരിത്രകാരനും വത്തിക്കാൻ ലേഖകനുമായ ജ്യാൻഫ്രാങ്കോ സ്റ്റഡർകോഷി ഇങ്ങനെ പറഞ്ഞു:

"പിതാവിന്റെ എല്ലാ എഴുത്തുകളും അവയ്ക്ക് അവരയച്ച മറുപടികളുടെ കോപ്പികളും ടീമിനിക്ക സൂക്ഷിച്ചു വച്ചിരുന്നു."

"പിതാവിന്റെ മരണശേഷം അവർ ആ എഴുത്തുകൾ വിൽക്കാൻ ശ്രമിച്ചിരുന്നു. അവസാനം പോളീഷ് നാഷണൽ ലൈബ്രറി അവ വാങ്ങി. പക്ഷേ അവ വായിക്കാൻ കൊടുത്തിരുന്നില്ല. അതുകൊണ്ടായിരിക്കാം പ്രസ്തുത എഴുത്തുകൾ രഹസ്യ എഴുത്തുകൾ എന്ന പേരിൽ BBC വാർത്തയിട്ടത്."

ജോൺ പോൾ രണ്ടാമൻ മാർപാപ്പ അടുത്ത സൗഹൃദം പുലർത്തിയിരുന്ന അനവധി വ്യക്തികളുടെ പേരുകൾ ജ്യാൻഫ്രാങ്കോ സ്റ്റഡർകോഷി തന്റെ പ്രസ്താവനയിൽ സൂചിപ്പിച്ചു. ഹിറ്റലറുടെ കോൺസട്രേഷൻ ക്യാമ്പിൽ നിന്നും രക്ഷപ്പെട്ട പോളീഷ് ഡോക്ടർ വാൻഡ പോൾട്ടാവസ്ക എന്ന വനിതയും അതിൽ ഉൾപ്പെടുന്നു.

ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് സാധാരണക്കാരുമൊത്ത് സമയം ചിലവഴിക്കുന്നത് ഇഷ്ടമായിരുന്നു. എന്തെങ്കിലും കാര്യമായി ആലോചിക്കാനുണ്ടെങ്കിൽ ആരെയെങ്കിലും കൂട്ടി അദ്ദേഹം മലയിൽ നടക്കാൻ പോകുമായിരുന്നു. സ്റ്റഡർകോഷി പറയുന്നു. "ബോട്ടിംഗും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു." ടീമിനിക്ക ദമ്പതികളുടെ വീട്ടിൽ കർദ്ദിനാൾ വോജ്ട്ടില്ല ഒരു അവധിക്കാലം ചെലവഴിച്ചു എന്നത് 'His Holiness' എന്ന പുസ്തകത്തിൽ ( Marco Politi and Carl Bernstein.) ഗ്രന്ഥകർത്താക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത്രയും പരസ്യമായ ഒരു സുഹൃദ് ബന്ധത്തെയാണ് BBC 'രഹസ്യ എഴുത്തുകൾ' എന്ന പേരിൽ ചർച്ച ചെയ്തു ശ്രോതാക്കളെ വിഢികളാക്കുന്നത് എന്ന് സ്റ്റഡർകോഷി അഭിപ്രായപ്പെട്ടു.

(Source: EWTN News)