Faith And Reason - 2024

‘പോളണ്ടിനാവശ്യം ശക്തമായ കുടുംബബന്ധങ്ങള്‍’: പോളിഷ് പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ 08-06-2018 - Friday

വാര്‍സോ: പോളണ്ടിനാവശ്യം കെട്ടുറപ്പുള്ള കുടുംബബന്ധങ്ങളാണെന്നും സുരക്ഷിതത്വമുള്ള വലിയ കുടുംബങ്ങള്‍ വളര്‍ത്തിയെടുക്കുവാന്‍ എല്ലാവരും ശ്രമിക്കണമെന്നും രാജ്യത്തെ പൗരന്‍മാരോട് ആഹ്വാനം ചെയ്തു പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മോറാവീക്കി. പോളണ്ടിലെ വലിയ കുടുംബങ്ങളുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സര്‍ക്കാര്‍, കുടുംബങ്ങള്‍ക്ക്‌ അനുകൂലമായ രാഷ്ട്രീയ നയം പിന്തുടരുമെന്ന ഉറപ്പും അദ്ദേഹം ആവര്‍ത്തിച്ചു. ഊര്‍ജ്ജസ്വലമായ രാഷ്ട്രനിര്‍മ്മിതിയില്‍ അമ്മമാരേയും അവര്‍ വഹിക്കുന്ന പങ്കിനേയും പ്രധാനമന്ത്രി സ്മരിച്ചു.

കെട്ടുറപ്പുള്ള കുടുംബങ്ങളില്ലെങ്കില്‍, പോളണ്ടില്ല. നിങ്ങളുടെ പ്രവര്‍ത്തനവും, അമ്മമാരുടെ പ്രയത്നവും വഴി നമുക്ക്‌ ശക്തവും, മനോഹരവും, സ്വാഭിമാനവുമുള്ള ഒരു പോളണ്ടിനെ വാര്‍ത്തെടുക്കാം. തദ്ദേശീയ ജനതക്ക്‌ പകരം രാജ്യത്തിന്റെ സംസ്ക്കാരത്തിനും പാരമ്പര്യത്തിനും ചേരാത്ത വിദേശീയരെക്കൊണ്ട് രാഷ്ട്രം കുത്തിനിറക്കുന്ന മറ്റ് യൂറോപ്യന്‍ നേതാക്കളുടെ മനോഭാവത്തെ അദ്ദേഹം വിമര്‍ശിച്ചു. പോളണ്ടുകാരുടെ സ്വപ്നത്തിനനുസൃതമായ ഒരു മഹത്തായ പോളണ്ട് പടുത്തുയര്‍ത്തുന്നതില്‍ വലിയ കുടുംബങ്ങള്‍ക്കു ശക്തമായ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബങ്ങളുടെ വളര്‍ച്ചക്ക് തന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന സാമ്പത്തിക സഹായ പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പോളണ്ടിലെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൊതു ഇന്‍സെന്റീവുകളും, ശിശുക്ഷേമ പദ്ധതികള്‍ക്കുള്ള സഹായധനത്തില്‍ വരുത്തിയ വര്‍ദ്ധനവുകളും അന്താരാഷ്‌ട്ര ശ്രദ്ധ നേടിയിരുന്നു. പോളണ്ടിന്റെ ക്രിസ്തീയ നയം തങ്ങളും പിന്തുടരുമെന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിച്ച് മുന്നേറുന്ന യൂറോപ്യന്‍ രാജ്യങ്ങളാണ് പോളണ്ടും ഹംഗറിയും.


Related Articles »