India

ബഗ്ഗി കാറുകള്‍ കോട്ടയം അതിരൂപത കൈമാറി

സ്വന്തം ലേഖകന്‍ 14-06-2018 - Thursday

കോട്ടയം: അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത ബഗ്ഗി കാറുകള്‍ കോട്ടയം ജനറല്‍ ആശുപത്രിക്കു സമ്മാനിച്ചു. ഇന്നലെ രാവിലെ ആശുപത്രിയങ്കണത്തില്‍ നടന്ന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ബഗ്ഗി കാറുകളുടെ താക്കോലുകളും രേഖകളും ജില്ലാ ആരോഗ്യ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ബിന്ദുകുമാരി എന്നിവര്‍ക്ക് കൈമാറി.

ദൈവസ്‌നേഹം വാക്കുകളിലൊതുക്കാതെ മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതില്‍ കോട്ടയം അതിരൂപത എക്കാലത്തും ശ്രദ്ധിച്ചിരുന്നുവെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടിയുള്ള കോട്ടയം അതിരൂപതയുടെ സമര്‍പ്പണമാണ് ബഗ്ഗി കാറുകളെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മൂലക്കാട്ട് പറഞ്ഞു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന അധ്യക്ഷത വഹിച്ചു.

അതിരൂപത വികാരി ജനറാള്‍ മോണ്‍.മൈക്കിള്‍ വെട്ടിക്കാട്ട്, തോമസ് ചാഴികാടന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ്, ജില്ലാ ആരോഗ്യ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. വ്യാസ് സുകുമാരന്‍, കോട്ടയം ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ജെസി ജോയി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. 11 ലക്ഷം രൂപ ചെലവഴിച്ചാണ് കോട്ടയം അതിരൂപത രണ്ട് ബഗ്ഗി കാറുകള്‍ വാങ്ങിയത്.


Related Articles »