News

സിസ്റ്റര്‍ കാര്‍മെന്‍ മാര്‍ട്ടിനെസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 17-06-2018 - Sunday

കാരക്കാസ്: 'യേശുവിന്‍റെ ദാസികളായ സഹോദരികള്‍' എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക കാര്‍മെന്‍ റെന്‍റിലെസ് മാര്‍ട്ടിനെസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. തെക്കെ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോലൊ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. നൂറുകണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. വൈദ്യുതാഘാതമേറ്റ കരത്തിന്‍റെ ചലനശേഷി നഷ്ടപ്പെട്ട ഒരു വനിത ഡോക്ടറിനു കാര്‍മെന്‍റെ മാധ്യസ്ഥത്താല്‍ ലഭിച്ച അത്ഭുത രോഗ സൌഖ്യമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനു വത്തിക്കാന്‍ പരിഗണിച്ചത്.

1903 ആഗസ്റ്റ് 11നു കാരക്കാസിലായിരിന്നു കാര്‍മെന്‍ റെന്‍റിലെസ് മാര്‍ട്ടിനെസിന്റെ ജനനം. തന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍ 1927-ല്‍ പരിശുദ്ധ കൂദാശയുടെ യേശുവിന്‍റെ ദാസികള്‍ എന്ന സന്യാസിനിസമൂഹത്തില്‍ ചേര്‍ന്നു. പരിശീലനകാലത്ത് ഫ്രാന്‍സില്‍ ശുശ്രൂഷ ചെയ്യുവാനാണ് അവള്‍ നിയോഗിക്കപ്പെട്ടത്. 1931 സെപ്റ്റംബര്‍ 8 ന് നിത്യവ്രതവാഗ്ദാനം നടത്തിയ കാര്‍മെന്‍, സന്യാസിനി സമൂഹത്തിന്‍റെ പുനസ്ഥാപന പ്രക്രിയയ്ക്ക് മുഖ്യനേതൃത്വം നല്‍കി. പിന്നീട് യേശുദാസികള്‍ എന്ന പുതിയ സമൂഹത്തിന് രൂപം നല്കുകയായിരിന്നു. ജന്മനാ ഇടതുകരം ഇല്ലാതിരുന്ന കാര്‍മെന്‍ കൃത്രിമ കരത്തിന്‍റെ സഹായത്തോടെ ദരിദ്രര്‍ക്കും ആലംബഹീനര്‍ക്കും ഇടയില്‍ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1977 മെയ് 9ന് അവര്‍ നിത്യതയിലേക്ക് യാത്രയായി.

വൈദ്യുതാഘാതമേറ്റ കരത്തിന്‍റെ ചലനശേഷി നഷ്ടപ്പെട്ട ഒരു വനിത ഡോക്ടറിനു ശസ്ത്രക്രിയ മാത്രമാണ് മെഡിക്കല്‍ സംഘം പരിഹാരമായി വിധിച്ചത്. ശസ്ത്രക്രിയക്കായി ആശുപത്രിയിലേക്കു പോകവെ കാര്‍മെന്‍റെ ചിത്രത്തിനു മുന്നില്‍ നിന്നു യുവ ഡോക്ടര്‍ പ്രാര്‍ത്ഥിക്കുകയായിരിന്നു. ആ നിമിഷം തന്നെ ഡോക്ടര്‍ക്ക് അത്ഭുത രോഗ സൌഖ്യം ലഭിച്ചു. വൈദ്യശാസ്തപരമായി യാതൊരു വിശദീകരണവും ഇല്ലാത്ത സംഭവമാണെന്ന്‍ മനസ്സിലാക്കി കാര്‍മെന്‍ റെന്‍റിലെസ് മാര്‍ട്ടിനെസിന്റെ വീരോചിത പുണ്യങ്ങള്‍ കണക്കിലെടുത്തു നാമകരണം വത്തിക്കാന്‍ അംഗീകരിക്കുകയായിരിന്നു.


Related Articles »