India - 2024

ഞായറാഴ്ച പി‌എസ്‌സി പരീക്ഷ നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖകന്‍ 21-06-2018 - Thursday

കൊച്ചി: പി‌എസ്‌സി പരീക്ഷകള്‍ ഞായറാഴ്ചകളില്‍ നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി, കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി അടക്കമുള്ള നിരവധി സംഘടനകള്‍ ഇക്കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന്‍ ആവശ്യപ്പെട്ടു. നിലവിലുള്ള കീഴ്‌വഴക്കങ്ങള്‍ക്കു വിരുദ്ധമായി ജൂലൈ 22, ഓഗസ്റ്റ് അഞ്ച് എന്നീ ഞായറാഴ്ചകളില്‍ സിവില്‍ പോലീസ് ഓഫീസര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കെഎസ്ആര്‍ടിസി, കെഎസ്ഡിസി, സ്‌റ്റേറ്റ് ഫാമിംഗ് കോര്‍പറേഷന്‍ തുടങ്ങിയ വകുപ്പുകളിലേക്കാണ് പരീക്ഷകള്‍ നടക്കുന്നത്.

ഞായറാഴ്ച ദേവാലയങ്ങളിലെ പ്രാര്‍ത്ഥനകളിലും വിശ്വാസ പരിശീലന ക്ലാസുകളിലും ക്രൈസ്തവര്‍ പങ്കെടുക്കുന്ന ദിവസമാണ്. വിശ്വാസ പരിശീലന ക്ലാസുകള്‍ നടക്കുന്ന ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഞായറാഴ്ചകളില്‍ മറ്റ് ആവശ്യങ്ങള്‍ക്കു വിട്ടുനല്‍കുന്നതിനും തടസമാകും. പരീക്ഷകളില്‍ ചീഫ് സൂപ്രണ്ട് സ്ഥാപനമേധാവികളാണെന്നിരിക്കെ, അവരും അധ്യാപകരും നിര്‍ബന്ധമായും ഞായറാഴ്ചകളില്‍ ഹാജരാകണമെന്നത് അംഗീകരിക്കാനാവില്ലായെന്നും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി വ്യക്തമാക്കി.

കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ജോസ് ആന്റണി, സിബി വലിയമറ്റം, ഡി.ആര്‍. ജോസ്, വി.എക്‌സ്. ആന്റണി, ബിസോയ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

തീരുമാനം പിന്‍വലിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയും ആവശ്യപ്പെട്ടു. മത്സര പരീക്ഷകള്‍ക്കുള്ള നിരവധി സ്‌കൂളുകളില്‍ പരീക്ഷ നടത്തിപ്പു ജോലികളില്‍ നിയുക്തരായ അധ്യാപകര്‍ക്ക് ഞായറാഴ്ച ആചരണവും ആരാധനയും നടത്താന്‍ കഴിയാത്ത അവസരമു!ണ്ടാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. പരീക്ഷ കേന്ദ്രങ്ങളില്‍ മിക്കയിടത്തും മതപഠന ക്ലാസുകള്‍ നടത്തുന്നതിനു കഴിയാത്ത സാഹചര്യം ഒഴിവാക്കി സൗകര്യപ്രദമായ ഇതര ദിവസങ്ങളില്‍ പരീക്ഷ നടത്തുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു.


Related Articles »