Youth Zone

സഭ യുവജനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ച് സര്‍വ്വേ ഫലം

സ്വന്തം ലേഖകന്‍ 21-06-2018 - Thursday

കാലിഫോർണിയ: യുവജനങ്ങളില്‍ ക്രൈസ്തവ വിശ്വാസം മന്ദീഭവിക്കുന്നതിന് എതിരെ സഭ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് പുതിയ സര്‍വ്വേ ഫലം. വിശ്വാസപരമായ കാര്യങ്ങളില്‍ യുവജനങ്ങള്‍ പ്രായമായവരേക്കാള്‍ ഏറെ പിന്നിലാണെന്നാണ് അമേരിക്കയിലെ പ്രസിദ്ധ ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് നടത്തിയ സര്‍വ്വേയില്‍ വ്യക്തമായത്. 40 വയസ്സിനു താഴെയുള്ളവര്‍ വിശ്വാസപരവും, മതപരമായ കാര്യങ്ങളില്‍ 40-നു മുകളിലുള്ളവരുടെയത്ര സജീവമല്ലെന്ന് പഠന ഫലം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ആഭ്യന്തര കലഹത്താലും, അക്രമത്താലും അശാന്തി നിറഞ്ഞ രാജ്യങ്ങളിലെ യുവജനങ്ങള്‍ക്കു പ്രായമായവരേക്കാള്‍ കൂടുതല്‍ വിശ്വാസമുള്ളതായും സര്‍വ്വേ ഫലം പറയുന്നുണ്ട്.

ഘാന, ലൈബീരിയ, ചാഡ്‌, ജോര്‍ജ്ജിയ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനുദാഹരണമാണ്. സര്‍വ്വേ നടത്തിയ രാജ്യങ്ങളില്‍ 40-ന് മുകളില്‍ പ്രായമായവരില്‍ 57 ശതമാനത്തോളം മതം തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞപ്പോള്‍ 40-ന് താഴെ പ്രായമുള്ളവരില്‍ 51 ശതമാനം മാത്രമാണ് ദൈവ വിശ്വാസത്തിനു പ്രാധാന്യം കല്‍പ്പിക്കുന്നത്. ദേവാലയ തിരുകര്‍മ്മങ്ങളില്‍ സംബന്ധിക്കുന്ന കാര്യത്തിലും യുവജനങ്ങള്‍ക്ക് പ്രായമായവരേക്കാള്‍ താല്‍പ്പര്യം കുറവാണ്. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ പോളണ്ടില്‍ ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന യുവതീ-യുവാക്കളുടെ എണ്ണം 26 ശതമാനമാണ്. പ്രായമായവരുടെ എണ്ണം 55 ശതമാനവും.

സര്‍വ്വേ നടത്തിയ രാജ്യങ്ങളില്‍ 41 രാജ്യങ്ങളിലെ 40-ന് താഴെയുള്ളവരില്‍ ഭൂരിപക്ഷവും പറഞ്ഞത് ദൈവ വിശ്വാസത്തിന് ജീവിതത്തില്‍ വലിയ പ്രാധാന്യമില്ലെന്നാണ്. നോര്‍ത്ത് അമേരിക്ക, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ് എന്നീ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വിശ്വാസ പരമായ കാര്യങ്ങളില്‍ സജീവമായ യുവാക്കളുടേയും, പ്രായമായവരുടേയും ശതമാനങ്ങള്‍ തമ്മിലുള്ള വ്യതിയാനത്തിന്റെ നിരക്ക് ഏറ്റവും കൂടുതലുള്ളത് ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളിലാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളിലാണ് വിശ്വാസകാര്യങ്ങളില്‍ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യതിയാനം കൂടുതലായി കാണിക്കുന്നത്. മധ്യപൂര്‍വ്വേഷ്യയിലും ഈ വ്യത്യാസം പ്രകടമാണ്.

അനുദിന പ്രാര്‍ത്ഥനയുടെ കാര്യത്തിലും യുവതീ-യുവാക്കളും, പ്രായമായവരും തമ്മിലുള്ള വ്യത്യാസം പ്രകടമാണ്. സര്‍വ്വേ നടത്തിയ രാജ്യങ്ങളില്‍ 71 രാജ്യങ്ങളിലും പ്രായമായവരാണ് യുവജനങ്ങളേക്കാള്‍ അനുദിന പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. അതേസമയം ജനസംഖ്യ തോതും ദൈവ വിശ്വാസവും തമ്മില്‍ ബന്ധമുണ്ടെന്നും സര്‍വ്വേ ഫലം ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനസംഖ്യ വര്‍ദ്ധനവ് കൂടുതലുള്ള രാജ്യങ്ങളില്‍ ഭൂരിഭാഗവും വിശ്വാസത്തില്‍ അധിഷ്ടിതവും, ജനസംഖ്യ കുറഞ്ഞ രാജ്യങ്ങള്‍ വിശ്വാസപരമായ കാര്യങ്ങളില്‍ ഏറെ പിന്നിലാണെന്നും പഠന ഫലം പറയുന്നു.

ജീവിത നിലവാരം ഉയര്‍ന്ന രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ വിശ്വാസപരമായ കാര്യങ്ങളില്‍ സജീവമല്ലെന്നും സര്‍വ്വേയില്‍ വ്യക്തമായിട്ടുണ്ട്. 106 രാഷ്ട്രങ്ങളിലാണ് പ്യൂ റിസര്‍ച്ച് പഠനം നടത്തിയത്. കൂടിയ മൊത്ത ആഭ്യന്തര ഉല്‍പ്പാദനമുള്ള (GDP) രാജ്യങ്ങളില്‍ നിത്യവും പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം ശരാശരിക്കും മുകളിലായി കണ്ടത് അമേരിക്കയില്‍ മാത്രമാണ്. സഭയുടെ വിശ്വാസ പ്രഘോഷണത്തിനു കൊടുക്കേണ്ട പ്രത്യേകമായ പരിഗണനയെയാണ് പുതിയ ഫലം ചൂണ്ടിക്കാണിക്കുന്നത്.


Related Articles »