India

പുതിയ ദൗത്യ നിര്‍വ്വഹണത്തിന് ദൈവത്തില്‍ പ്രത്യാശ വയ്ക്കുന്നു: മാര്‍ മനത്തോടത്ത്

സ്വന്തം ലേഖകന്‍ 23-06-2018 - Saturday

കൊച്ചി: പുതിയ ദൗത്യം നിര്‍വഹിക്കാന്‍, ദൈവകൃപയിലും അതിരൂപതയുടെ കൂട്ടായ്മയിലും പ്രത്യാശവയ്ക്കുന്നതായി ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്. എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം ലഭിച്ചശേഷം എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ദൈവം ഏല്‍പിക്കുന്ന ദൗത്യം നിര്‍വഹിക്കാന്‍ ദൈവം ശക്തി നല്‍കുമെന്നു പ്രത്യാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിരൂപതയുടെ ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്കു സാധിക്കുന്നത്ര വേഗത്തില്‍ പരിഹാരമുണ്ടാവുകയെന്ന ദൗത്യമാണു ഫ്രാന്‍സിസ് പാപ്പയും സഭയും ഏല്‍പിച്ചിട്ടുള്ളത്. ഫ്രാന്‍സിസ് പാപ്പയോടും സഭയോടുമുള്ള വിധേയത്വത്തിലാണു പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. ദൗത്യം നിറവേറ്റാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാകണം. ദൈവം ഏല്‍പിക്കുന്ന ദൗത്യം നിര്‍വഹിക്കാന്‍ ദൈവം ശക്തി നല്‍കുമെന്നു പ്രത്യാശയുണ്ട്. അതിരൂപതയിലെ ഭൂമി വില്പന സംബന്ധിച്ച പ്രശ്‌നങ്ങള്‍ അധികാരപ്പെടുത്തുന്ന സമിതി വിശദമായി പരിശോധിച്ചശേഷം ഉചിതമായ തീരുമാനങ്ങളെടുക്കുമെന്നും മാര്‍ മനത്തോടത്ത് പറഞ്ഞു.

മാര്‍ ജേക്കബ് മനത്തോടത്തിന്റെ സ്ഥാനാരോഹണം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടക്കും. ദിവ്യബലിയില്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ജംബത്തിസ്താ ദിക്വാത്രോ പങ്കെടുത്തു വചനസന്ദേശം നല്‍കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആമുഖ സന്ദേശം നല്‍കും.ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.


Related Articles »