India - 2024

മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മപ്പെരുന്നാളിനു മുഖ്യാതിഥിയായി ജര്‍മ്മന്‍ കര്‍ദ്ദിനാള്‍

സ്വന്തം ലേഖകന്‍ 30-06-2018 - Saturday

തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി സ്ഥാപകനുമായ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 65 ാം ഓര്‍മപ്പെരുന്നാള്‍ ജൂലൈ ഒന്നു മുതല്‍ 14 വരെ പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. ഈ വര്‍ഷത്തെ പരിപാടികളില്‍ മുഖ്യാതിഥിയായി ജര്‍മനിയിലെ കൊളോണ്‍ അതിരൂപത അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കി പങ്കെടുക്കും. ഓര്‍മപ്പെരുന്നാള്‍ ദിവസമായ ജൂലൈ 15നു ഞായര്‍ ആയതിനാല്‍ സഭയുടെ പൊതു ആഘോഷങ്ങള്‍ ജൂലൈ 14ന് നടക്കും.

ജൂലൈ14ന് നടക്കുന്ന സമൂഹ ബലിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികന്‍ ആയിരിക്കും. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും വൈദികരും സഹകാര്‍മികരായിരിക്കും. നാളെ മുതല്‍ കബറില്‍ രാവിലെ ഒമ്പതു മുതല്‍ മധ്യസ്ഥ പ്രാര്‍ഥനയും വൈകുന്നേരം അഞ്ചിന് സമൂഹബലിയും നടക്കും. നാളെ പാറശാല രൂപത അധ്യക്ഷന്‍ ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും.

തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ മോണ്‍. വര്‍ഗീസ് മരുതൂര്‍, മോണ്‍. എല്‍ദോ പുത്തന്‍കണ്ടത്തില്‍. ജോണ്‍ വര്‍ഗീസ് ഈശ്വരന്‍കുടിയില്‍ കോര്‍ എപ്പിസ്‌കോപ്പ, റവ. ഡോ. കുര്യാക്കോസ് തടത്തില്‍, മോണ്‍. ജോസ് കൊന്നാത്ത്വിള, റവ. ഡോ. മാത്യൂ തിരുവാലില്‍ ഒഐസി, മോണ്‍. വര്‍ക്കി ആറ്റുപുറത്ത്, റവ. ഡോ. ജോസ് മരിയദാസ് ഒഐസി, റവ. ഡോ. ജോസ് കുരുവിള ഒഐസി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

ജൂലൈ ഏഴിന് സീറോ മലബാര്‍ ക്രമത്തില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ ബിഷപ്പ് മാര്‍ തോമസ് തറയിലും എട്ടിന് ലത്തീന്‍ ക്രമത്തില്‍ കൊല്ലം രൂപത അധ്യക്ഷന്‍ ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരിയും 12ന് മാവേലിക്കര രൂപത അധ്യക്ഷന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസും വിശുദ്ധ കുര്‍ബാനയ്ക്കു മുഖ്യ കാര്‍മികത്വം വഹിക്കും. 13ന് വൈകുന്നേരം അഞ്ചിന് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടന പദയാത്രകള്‍ കബറില്‍ എത്തിച്ചേരും. തുടര്‍ന്ന് ആറിന് മെഴുകുതിരി പ്രദക്ഷിണം നടക്കും.