India - 2024

മാര്‍ ജോസഫ് പെരുന്തോട്ടം സപ്തതിയിലേക്ക്; 70 നിര്‍ധനര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും

സ്വന്തം ലേഖകന്‍ 04-07-2018 - Wednesday

കോട്ടയം: ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നാളെ എഴുപതാം ജന്മദിനം. സപ്തതിയ്ക്കു പ്രത്യേക ആഘോഷങ്ങളില്ല. നാളെ രാവിലെ 6.15ന് ആര്‍ച്ച് ബിഷപ്പ് ഹൗസിലെ ചാപ്പലില്‍ മാര്‍ ജോസഫ് പെരുന്തോട്ടം കൃതജ്ഞതാബലി അര്‍പ്പിക്കും. കോട്ടയം പുന്നത്തുറയിലെ കൊങ്ങാണ്ടൂര്‍ ഗ്രാമത്തില്‍ പെരുന്തോട്ടം കുടുംബത്തില്‍ ജോസഫ് അന്നമ്മ ദമ്പതികളുടെ മകനായി 1948 ജൂലൈ അഞ്ചിനാണ് മാര്‍ ജോസഫ് പെരുന്തോട്ടം ജനിച്ചത്. സപ്തതിയുടെ ഓര്‍മ്മയ്ക്കായി അമ്പൂരി, ആയൂര്‍, തിരുവനന്തപുരം ഫൊറോനകള്‍ ഉള്‍പ്പെടുന്ന തെക്കന്‍ മേഖലകളില്‍ ഭവനരഹിതര്‍ക്ക് 70 വീടുകള്‍ നിര്‍മിച്ചുനല്‍കും. ആറുലക്ഷം രൂപ ചെലവുവരുന്ന വീടുകളാണ് നിര്‍മിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കുടുംബത്തിന് അന്‍പതു ശതമാനം തുക പദ്ധതിയില്‍നിന്നും സഹായധനമായി നല്‍കും.

25 ശതമാനം ഗുണഭോക്താക്കളും 25 ശതമാനം അതത് ഇടവകകളും നല്‍കണം. വിവിധ ഇടവകകളില്‍ നിന്നും സന്നദ്ധതയുള്ള വ്യക്തികളില്‍ നിന്നും ധനസമാഹരണം നടത്താനാണ് തീരുമാനം. 2019 ഏപ്രിലില്‍ പൂര്‍ത്തീകരിച്ച് മേയ് 20ന് അന്പൂരിയില്‍ നടക്കുന്ന അതിരൂപതാദിന സമ്മേളനത്തില്‍ താക്കോല്‍ദാനം നിര്‍വഹിക്കത്തക്കവിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ദൈവശാസ്ത്രത്തിലും സഭാ ചരിത്രത്തിലും അഗാധപണ്ഡിതനുമായ അദ്ദേഹം 2002 ഏപ്രില്‍ 24ന് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2007 മാര്‍ച്ച് 19നാണ് അതിരൂപതയുടെ നാലാമത്തെ ആര്‍ച്ച്ബിഷപ്പായി ഉയര്‍ത്തപ്പെട്ടത്.


Related Articles »