Daily Saints.

February 23: സ്മിര്‍ണായിലെ വിശുദ്ധ പോളികാര്‍പ്പ്

സ്വന്തം ലേഖകന്‍ 23-02-2024 - Friday

എ‌ഡി 80-ലാണ് അപ്പസ്തോലനായ വിശുദ്ധ യോഹന്നാൻ, വിശുദ്ധ പോളികാര്‍പ്പിനെ ക്രിസ്തുവിലേക്ക് ആനയിച്ചത്. ജെറുസലേമിന് സമീപമായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. അപ്പസ്തോലിക കാലഘട്ടങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചില ചരിത്ര വിവരണങ്ങളില്‍ നിന്നും വിശുദ്ധ പോളികാര്‍പ്പ് സ്മിര്‍ണായിലെ മെത്രാനായിരുന്നുവെന്നും, ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച ആദ്യകാല ക്രിസ്തീയ രക്തസാക്ഷികളില്‍ ഒരാളായിരുന്നുവെന്നും മനസ്സിലാക്കാവുന്നതാണ്. വിശുദ്ധന്റെ ജീവിതത്തേയും, മരണത്തേയും കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെകുറിച്ചുള്ള ആദ്യകാല ആധികാരിക വിവരണങ്ങളാലും സമകാലീന രചനകളാലും സാക്ഷ്യപ്പെടുത്തുന്നു.

അപ്പസ്തോലനായ യോഹന്നാനിൽ നിന്നും താന്‍ പഠിച്ച കാര്യങ്ങള്‍ വിശുദ്ധന്‍ തന്നേയും പഠിപ്പിച്ചിട്ടുണ്ടെന്ന് വിശുദ്ധന്റെ സ്വന്തം ശിഷ്യനായിരുന്ന ല്യോണ്‍സിലെ ഇറേന്യൂസ് പറഞ്ഞിട്ടുണ്ട്. ചെറുപ്പകാലം മുതലേ വിശുദ്ധനെ അറിയാമായിരുന്ന ഇറേന്യൂസ് തന്റെ ഗുരുവിന്റെ താഴ്മയേയും, വിശുദ്ധിയേയും വളരെയേറെ പ്രശംസിച്ചിട്ടുണ്ട്.

വളരെ ചെറുപ്പത്തില്‍ തന്നെ പോളികാര്‍പ്പ് സ്മിര്‍ണായിലെ മെത്രാനായി വാഴിക്കപ്പെട്ടു. വിശുദ്ധ യോഹന്നാനാണ് ഇദ്ദേഹത്തെ ആ നഗരത്തിലെ മെത്രാനാക്കി വാഴിച്ചത്. അവിടെ ഏഷ്യാ മൈനറിന്റേ പ്രധാനാചാര്യനും തലവനുമായി പ്രവര്‍ത്തിച്ചിരിന്നുവെന്ന് പറയപ്പെടുന്നു. ഏതാണ്ട് 70 വര്‍ഷത്തോളം അദ്ദേഹം തന്റെ പരിശുദ്ധ സഭയെ നയിച്ചു. അദ്ദേഹമൊരു ഉറച്ച വിശ്വാസിയായിരുന്നു. അക്കാലത്ത് ഉയർന്നു വന്നിരിന്ന പാഷണ്ഡതകളായ മാര്‍സിയോണിസം, വലെന്റീനിയാനിസം തുടങ്ങിയവയുടെ ശക്തനായ ഒരു എതിരാളിയായിരുന്നു വിശുദ്ധന്‍.

വിശുദ്ധന്‍ തന്‍റെ അവസാന കാലഘട്ടത്തില്‍ അദ്ദേഹം റോമില്‍ പോയി വിശുദ്ധ അനിസേറ്റൂസ് പാപ്പായെ സന്ദര്‍ശിച്ചു. ഉയിര്‍പ്പ് തിരുനാളിന്റെ തിയതിയെ കുറിച്ച് ഇവര്‍ തമ്മില്‍ ഒരു യോജിപ്പില്ലാതിരുന്നതിനെ തുടര്‍ന്ന്‍ രണ്ടുപേരും അവര്‍ പറയുന്ന തിയതികളില്‍ ഉയിര്‍പ്പ് തിരുനാള്‍ കൊണ്ടാടുവാന്‍ തീരുമാനിച്ചു. വിശുദ്ധനോടുള്ള തന്റെ ബഹുമാനവും ആദരവും പ്രകടമാക്കുവാന്‍ വേണ്ടിയും, തങ്ങളുടെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒരു ഇളക്കംതട്ടാതിരിക്കുന്നതിനും വേണ്ടി അനിസേറ്റൂസ് പാപ്പാ വിശുദ്ധനെ പാപ്പയുടെ സ്വന്തം ചാപ്പലില്‍ തിരുകര്‍മ്മങ്ങള്‍ക്കായി ക്ഷണിക്കുമായിരുന്നു.

പോളികാര്‍പ്പിന്റെ ശിഷ്യനായ വിശുദ്ധ ഇറേന്യൂസ്, വിശുദ്ധനെ കുറിച്ച് അനുസ്മരിക്കുന്ന വാക്യത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് "ഞാനൊരു യുവാവായിരുന്നപ്പോള്‍ ഏഷ്യാമൈനറില്‍ വെച്ച് പോളികാര്‍പ്പുമായി ചിലവഴിച്ച കാലത്തേ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നും എന്റെ മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു, അന്ന് ഞങ്ങള്‍ ഇരിക്കുകയും പഠിക്കുകയും ചെയ്ത സ്ഥലങ്ങള്‍ ഇന്നും എനിക്കു ചൂണ്ടികാണിക്കുവാന്‍ സാധിക്കും, വിശുദ്ധന്റെ വരവും പോക്കും, അദ്ദേഹത്തിന്റെ പെരുമാറ്റ രൂപഭാവങ്ങള്‍, ജനങ്ങളുമായി അദ്ദേഹം സംവദിക്കുന്ന രീതി എന്നിവയെല്ലാം എനിക്കിപ്പോഴും വിവരിക്കുവാന്‍ സാധിക്കും."

റോമന്‍ രക്തസാക്ഷിസൂചിക പ്രകാരം വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ച തിയതി ഫെബ്രുവരി 23 ആണെന്ന്‍ പറയപ്പെടുന്നു. തടവിലായിരിന്ന സമയത്ത് മാര്‍ക്കസ് അന്റോണിനൂസ്, ലൂസിയസ് ഒരേലിയൂസ് കൊമ്മോഡൂസ് എന്നിവരുടെ കീഴില്‍ ഇദ്ദേഹത്തെ പ്രൊകോണ്‍സുല്‍ ന്യായാസനത്തിനു മുന്‍പില്‍ കൊണ്ടുവരികയും രംഗവേദിയില്‍ കൂടിയിരുന്ന ജനങ്ങള്‍ മുഴുവനും അദ്ദേഹത്തിനെതിരായി അലമുറയിടുകയും ചെയ്തതോടെ അദ്ദേഹത്തെ ചുട്ടെരിച്ചു കൊല്ലുന്നതിനായി ന്യായാധിപന്‍ വിട്ടുകൊടുത്തു. എന്നാല്‍ അഗ്നിക്ക് അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ അദ്ദേഹത്തെ വാളിനിരയാക്കി. ഇപ്രകാരം അദ്ദേഹം രക്തസാക്ഷിത്വകിരീടമണിഞ്ഞു. അദ്ദേഹത്തിനൊപ്പം ഫിലാഡെല്‍ഫിയയില്‍ നിന്നും വന്ന 12 ക്രിസ്ത്യാനികള്‍ കൂടി ആ നഗരത്തില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ചു.

ഇതര വിശുദ്ധര്‍

1. മെല്‍റോസ് ആശ്രമത്തിന്‍റെ അധിപനായ ബോസ് വെല്‍

2. സിറെനൂസ്

3. പലസ്തീനായിലെ ഡോസിത്തെയൂസ്

4. ബ്രേഷ്യായിലെ ഫെലിക്സ്

5. സേവീലിലെ ഫ്ലോറന്‍സിയൂസ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »